04 February Thursday

വല നിറഞ്ഞു ; - സതാംപ്‌ടണിനെ 9–-0ന്‌ തകർത്ത്‌ യുണൈറ്റഡ്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 4, 2021



ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ഗോളുകളുടെയും കാർഡുകളുടെയും ദിനം.ഒമ്പത്‌ ഗോളിന്റെ വമ്പിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌ സതാംപ്‌ടണെ തീർത്തുകളഞ്ഞു. മത്സരത്തിൽ സതാംപ്‌ടണന്‌ ചുവപ്പുകാർഡിലൂടെ നഷ്ടമായത്‌ രണ്ടുപേരെ.
അഴ്‌സണൽ വൂൾവറാംപ്‌ടൺ വാണ്ടറേഴ്‌സിനോട്‌ 1–-2ന്‌ തോറ്റു. അഴ്‌സണലിന്റെ രണ്ട്‌ കളിക്കാർ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായി.

ഓൾഡ്‌ ട്രഫോർഡിൽ യുണൈറ്റഡിന്റെ മറ്റൊരു രൂപമാണ്‌ കണ്ടത്‌. സതാംപ്‌ടണിന്റെ പ്രതിരോധത്തെ ചിതറിച്ചുകളഞ്ഞു. പ്രീമിയർ ലീഗിൽ  ഏറ്റവും മികച്ച ജയത്തിനൊപ്പമെത്തി.

കളി തുടങ്ങി രണ്ടാം മിനിറ്റിൽത്തന്നെ സതാംപ്‌ടൺ പത്തുപേരായി ചുരുങ്ങി. പ്രീമിയർ ലീഗിലെ ആദ്യ കളിക്കിറങ്ങിയ അലെക്‌സാൻഡ്രെ ജാങ്കെവിറ്റ്‌സ്‌ 79–-ാം സെക്കൻഡിൽ ചുവപ്പുകാർഡ്‌ കണ്ട്‌ മടങ്ങി. സ്‌കോട്ട്‌  മക്‌ടോമിനിയെ ഫൗൾ ചെയ്‌തതിനായിരുന്നു കാർഡ്‌. സതാംപ്‌ടണിന്റെ തകർച്ച അവിടെ തുടങ്ങി. യുണൈറ്റഡിനായി ആന്തണി മാർഷ്യൽ ഇരട്ടഗോളടിച്ചു.

ആരോൺ വാൻ ബിസാക്ക, മാർകസ്‌ റാഷ്‌ഫഡ്‌, എഡിൻസൺ കവാനി, മക്‌ടോമിനി, ബ്രൂണോ ഫെർണാണ്ടസ്‌, ഡാനിയൽ ജയിംസ്‌ എന്നിവരും ഗോളടിച്ചു. ഒരെണ്ണം യാൻ ബെദ്‌നാറെക്കിന്റെ പിഴവുഗോൾ. രണ്ടാംപകുതിയിൽ ബെദ്‌നാറെക്കിന്‌ ചുവപ്പുകാർഡ്‌ കിട്ടി.  പെനൽറ്റിയും വഴങ്ങി.

ജയത്തോടെ പോയിന്റ്‌ പട്ടികയിൽ മാഞ്ചസ്‌റ്റർ സിറ്റിക്കൊപ്പമെത്തി യുണൈറ്റഡ്‌. സിറ്റിക്ക്‌ രണ്ട്‌ കളി കുറവാണ്‌.
2019ൽ ലെസ്‌റ്റർ സിറ്റിയോടും സതാംപ്‌ടൺ ഒമ്പത്‌ ഗോൾ വഴങ്ങിയിരുന്നു.വൂൾവ്‌സിനെതിരെ ഒരുഗോളിന്‌ മുന്നിട്ടുനിന്നശേഷമാണ്‌ അഴ്‌സണൽ തോറ്റത്‌. റൂബെൻ നെവെസും ജോയോ മൗടീന്യോയും ഗോളടിച്ചു. അഴ്‌സണലിനായി അലക്‌സാൻട്രെ ലകാസട്ടെ ലക്ഷ്യം കണ്ടു. അഴ്‌സണൽ പ്രതിരോധക്കാരൻ ഡേവിഡ്‌ ലൂയിസും ഗോൾ കീപ്പർ ബെർണാഡ്‌ ലെനോയും ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായി. ലൂയിസിന്റെ ചുവപ്പുകാർഡിനെതിരെ അഴ്‌സണൽ പരാതി നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top