03 February Wednesday

ക്രൈസ്തവ നാടാര്‍ വിഭാഗക്കാര്‍ക്കും ഇനി ഒബിസി സംവരണം; മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് കൂടുതല്‍ അരി- മന്ത്രിസഭായോഗ തീരുമാനങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Feb 3, 2021

തിരുവനന്തപുരം > സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിച്ച് ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ എസ്‌ഐയുസി ഒഴികെയുള്ള നാടാര്‍ സമുദായങ്ങള്‍ക്ക് ഒബിസി സംവരണം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ നാടാര്‍ സമുദായത്തില്‍പ്പെട്ട ഹിന്ദു, എസ്‌ഐയുസി-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ ബാധിക്കാതെയാണ് ഇത് നടപ്പാക്കുക.

സംരക്ഷിത അധ്യാപകരെ പുനര്‍വിന്യസിക്കും

നിലവിലുള്ള മുഴുവന്‍ സംരക്ഷിത അധ്യാപകരെയും എയ്ഡഡ് സ്‌കൂളുകളില്‍ പുനര്‍വിന്യസിച്ച് സംരക്ഷണം നല്‍കുന്നതിനുള്ള നിബന്ധനകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. ഇതിന് അധ്യാപക ബാങ്ക് പുതുക്കുന്നതിനുള്ള സോഫ്റ്റ്വേര്‍ 'കൈറ്റ'് വികസിപ്പിക്കും.

നിലവിലുള്ള മുഴുവന്‍ സംരക്ഷിത അധ്യാപകരെയും എയിഡഡ് സ്‌കൂളുകളില്‍ നിയമിക്കുമെന്ന ഉറപ്പിന്മേല്‍ ഇതിനകം വ്യവസ്ഥാപിത തസ്തികകളില്‍ നിയമിക്കപ്പെട്ട യോഗ്യതയുള്ള മുഴുവന്‍ അധ്യാപകരുടെയും നിയമനം ഇത് സംബന്ധിച്ച കോടതി കേസുകള്‍ക്ക് വിധേയമായി ചട്ട വ്യവസ്ഥകളില്‍ താല്‍ക്കാലിക ഇളവ് നല്‍കി അംഗീകരിക്കും.

മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് കൂടുതല്‍ അരി

സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗം റേഷന്‍ കാര്‍ഡുകാര്‍ക്ക് 2021 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കിലോഗ്രാം വീതം അരി കിലോഗ്രാമിന് 15 രൂപ നിരക്കില്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിര്‍മാണം സംബന്ധിച്ച ആര്‍ബിട്രേഷനു വേണ്ടി റിട്ട. ജസ്റ്റിസ് കുര്യന്‍ ജോസഫിനെ കേരള സര്‍ക്കാരിനെ പ്രതിനിധാനം ചെയ്യുന്ന ആര്‍ബിട്രേറ്ററായി നിയമിക്കാന്‍ തീരുമാനിച്ചു.

കോഫി പാര്‍ക്കിന് സ്ഥലമെടുക്കുന്നു

വയനാട് ജില്ലയില്‍ കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്ക് സ്ഥാപിക്കുന്നതിന് വാരിയാട് എസ്റ്റേറ്റിലെ (ചെമ്പ്രാ പീക്ക്) 102.6 ഏക്ര ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചു.

തസ്തികകള്‍

മാഞ്ഞൂര്‍ (കോട്ടയം) വളവുപച്ച / ചിതറ (കൊല്ലം റൂറല്‍) പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് 36 തസ്തികകള്‍ വീതം (ആകെ 72) സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകര സാറ്റലൈറ്റ് ക്ഷീര പരിശീലന കേന്ദ്രം, ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് സെന്റര്‍ ആയി ഉയര്‍ത്തുന്നതിന് 4 സ്ഥിരം തസ്തികകളും ദിവസവേതന അടിസ്ഥാനത്തില്‍ 3 തസ്തികകളും സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കെ.എസ്.ഡി.പിയുടെ മാനേജിംഗ് ഡയറക്ടറായി എസ്. ശ്യാമളയെ നിയമിക്കാന്‍ തീരുമാനിച്ചു. കെല്ലില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായ അവര്‍ ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ കെ.എസ്.ഡി.പി. എം.ഡിയായി സേവനമനുഷ്ഠിക്കുകയാണ്. 2021 ഏപ്രില്‍ 30 മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് നിയമനം.

ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ചു ലക്ഷം

108 ആംബുലന്‍സിന് തീ പിടിച്ച് ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാശനഷ്ടമുണ്ടായ കുട്ടനാട് നേത്ര ഒപ്ടിക്കല്‍സ് ഉടമ ചാവേലില്‍ വീട്ടില്‍ മഞ്ചു മഞ്ചേഷിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.

ആര്‍ബിട്രേഷന്‍ കോടതി

ഗവണ്‍മെന്റ് കരാറുകളില്‍ സര്‍ക്കാരുമായോ മറ്റേതെങ്കിലും കക്ഷിയുമായോ ഉള്ള തര്‍ക്കം പരിഹരിക്കുന്നതിന് ആര്‍ബിട്രേഷന്‍ കോടതിയായി ജില്ലാ കോടതി സ്ഥാപിക്കുന്നതിന് തീരുമാനിച്ചു.

ശമ്പളം പരിഷ്‌കരിക്കും

യൂണൈറ്റഡ് ഇലക്ട്രിക്കല്‍സ് ലിമിറ്റഡിലെ ഓഫീസര്‍മാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ഈ കമ്പനിയിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും ദീര്‍ഘകാല കരാര്‍ 2011 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തോടെ നടപ്പാക്കാനും തീരുമാനിച്ചു.

കേരള സംസ്ഥാന വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനിലെ അംഗീകൃത തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

ട്രാക്കോ കേബിള്‍ ലിമിറ്റഡിലെ തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ 2016 ഏപ്രില്‍ 1 പ്രാബല്യത്തോടെ നടപ്പാക്കാന്‍ തീരുമാനിച്ചു.

കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിലെ ഐഡി ആക്ടിനു പരിധിയില്‍ വരുന്ന ജീവനക്കാരുടെ ദീര്‍ഘകാല കരാര്‍ നടപ്പാക്കാന്‍ തീരുമാനിച്ചു.

സര്‍ക്കാര്‍ ഐടി പാര്‍ക്കുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജോണ്‍ എം. തോമസിനെ (കോട്ടയം) മൂന്നു വര്‍ഷത്തേക്ക് നിയമിക്കാന്‍ തീരുമാനിച്ചു.

ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിന് ലോവസ്റ്റ് ബിഡ്ഡറായ മേരിമാതാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്ന കമ്പനിക്ക് 32.6 കോടി രൂപയ്ക്ക് കരാര്‍ നല്‍കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി തപന്‍ രായഗുരുവിനെ മൂന്നു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ തീരുമാനിച്ചു.

സ്ഥിരപ്പെടുത്തും

സി-ഡിറ്റിലെ താല്‍ക്കാലിക തസ്തികകളില്‍ പത്തു വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന 114 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാനായി സുനില്‍ ചാക്കോയെ (സിയാല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍) നിയമിക്കാന്‍ തീരുമാനിച്ചു.

കയര്‍ മേഖലയില്‍ പുനരുദ്ധാരണം

കയര്‍മേഖലയിലെ സ്ഥാപനങ്ങളുടെ പുനരുദ്ധാരണം പഠിച്ച് ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് മുന്‍ കയര്‍ സ്പെഷ്യല്‍ സെക്രട്ടറി എന്‍. പത്മകുമാറിനെ ഒരു വര്‍ഷത്തേക്ക് നിയമിക്കാന്‍ തീരുമാനിച്ചു.

കുട്ടികളുടെ പാര്‍ക്കിന് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ പേര്

കനകക്കുന്ന് കൊട്ടാരത്തിന് എതിര്‍വശം വാട്ടര്‍ അതോറിറ്റിയുടെ സ്ഥലത്തുള്ള കുട്ടികളുടെ പാര്‍ക്കിന് സ്വാതന്ത്ര്യസമര സേനാനിയും ഐ.എന്‍.എ വനിതാ റെജിമെന്റിന്റെ ക്യാപ്റ്റനുമായിരുന്ന ലക്ഷ്മിയുടെ പേര് നല്‍കാന്‍ തീരുമാനിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മദിനത്തോടെനുബന്ധിച്ചാണ് പാര്‍ക്കിന് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ പേര് നല്‍കുന്നത്.

25 ഓര്‍ഡിനന്‍സുകള്‍ പുനര്‍വിളംബരം ചെയ്യും

നിയമസഭാ സമ്മേളന കാലാവധി അവസാനിച്ചതിനാല്‍ നിലവിലുള്ള 25 ഓര്‍ഡിനന്‍സുകള്‍ പുനര്‍വിളംബരം ചെയ്യാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ഇതു കൂടാതെ ഒരു ഓര്‍ഡിനന്‍സ് ഭേദഗതികളോടെ പുനര്‍വിളംബരം ചെയ്യും. രണ്ട് ഓര്‍ഡിനന്‍സുകള്‍ സംയോജിപ്പിച്ചുകൊണ്ട് നാലു ഓര്‍ഡിനന്‍സുകള്‍ പുനര്‍വിളംബരം ചെയ്യാനും മന്ത്രിസഭ ശുപാര്‍ശ ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top