03 February Wednesday

മനുഷ്യത്വവിരുദ്ധ ഉപരോധം ഡല്‍ഹി പൊലീസ് ഉപേക്ഷിക്കണം: പിബി

സ്വന്തം ലേഖകന്‍Updated: Wednesday Feb 3, 2021

ന്യൂഡല്‍ഹി > കര്‍ഷകപ്രതിഷേധം തടയാന്‍ ഡല്‍ഹി പൊലീസ് സ്വീകരിച്ചിരിക്കുന്ന മനുഷ്യത്വഹീനമായ ഉപരോധനടപടികള്‍ പിന്‍വലിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ധീരമായ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും ഇതര അവശ്യവസ്തുക്കളും ലഭ്യമാക്കുന്നത് തടയുന്ന ഡല്‍ഹി പൊലീസിന്റെ നടപടി അപലപനീയമാണ്.   

ഡല്‍ഹി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ജലബോര്‍ഡ് ടാങ്കറുകളില്‍ കര്‍ഷകര്‍ക്ക് വെള്ളം എത്തിക്കുന്നത് പൊലീസ് തടഞ്ഞു.ടോയ്ലറ്റുകള്‍ അടക്കം ഡല്‍ഹി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാനങ്ങളും ഡല്‍ഹി പൊലീസ് ബലമായി ഒഴിപ്പിച്ചു. ഡല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അവരുടെ കടമ നിര്‍വഹിക്കുന്നതില്‍നിന്ന് തടയുന്നത് നിയമവിരുദ്ധമാണ്.

കര്‍ഷകരെ പട്ടിണിക്കിട്ട് സമരത്തില്‍നിന്ന് പിന്തിരിപ്പിക്കാമെന്ന ധാരണയിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ഡല്‍ഹി പൊലീസ് മനുഷ്യത്വവിരുദ്ധമായ ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ഇതൊന്നും വിജയിക്കില്ല. കൂടുതല്‍ കൂടുതല്‍ കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ അണിചേരുകയാണ്. ഹീനമായ നടപടികളില്‍നിന്ന് പിന്തിരിയാന്‍ ഡല്‍ഹി പൊലീസിനു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്ന് പിബി ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top