തിരുവനന്തപുരം
കെട്ടിട നിർമാണ അനുമതിക്ക് കാത്തിരിപ്പ് വേണ്ട; സ്വയം സാക്ഷ്യപ്പെടുത്തി കെട്ടിടം നിർമിക്കാം. ഇതിനായി പഞ്ചായത്ത് -മുനിസിപ്പൽ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
സ്ഥലം ഉടമയുടെയും പ്ലാൻ തയ്യാറാക്കുന്ന ലൈസൻസിയുടെയും സാക്ഷ്യപത്രത്തിൽ നിർമാണം ആരംഭിക്കാം. കെട്ടിട നിർമാണത്തിന് തദ്ദേശ സെക്രട്ടറിക്ക് അപേക്ഷ ലഭിച്ചാൽ 30 ദിവസത്തിനകം തീരുമാനമെന്നത് 15 ദിവസമായി കുറച്ച് പഞ്ചായത്ത് -നഗര നിയമങ്ങൾ ഭേദഗതി ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്ലാൻ ലഭിച്ചാൽ തദ്ദേശ സെക്രട്ടറി അഞ്ച് ദിവസത്തിനകം കൈപ്പറ്റ് സാക്ഷ്യപത്രം നൽകണം. ഈ രേഖ പെർമിറ്റായും നിർമാണം ആരംഭിക്കുന്നതിനുള്ള അനുവാദമായും കണക്കാക്കുന്ന വ്യവസ്ഥ കരട് ബില്ലിൽ ഉണ്ട്.
തെറ്റായ വിവരം നൽകിയാൽ പിഴ
സ്വയം സാക്ഷ്യപ്പെടുത്തിയ ഉടമയോ ലൈസൻസിയോ നൽകുന്ന വിവരങ്ങൾ തെറ്റാണെന്ന് പിന്നീട് കണ്ടെത്തിയാൽ പിഴ ചുമത്തും. ലൈസൻസിയുടെ ലൈസൻസ് റദ്ദാക്കും. 100 ചതുരശ്രമീറ്റർ വരെ വിസ്തീർണമുള്ള കെട്ടിടത്തിന് രണ്ട് ലക്ഷം രൂപയും 200 വരെയുള്ള കെട്ടിടത്തിന് നാല് ലക്ഷവും 300 വരെയുള്ളവയ്‌ക്ക് ആറുലക്ഷം രൂപയുമാണ് പിഴ.
കെട്ടിട ഉയരം 7 മീറ്ററിൽ താഴെ
ഏഴ് മീറ്ററിൽ കുറവ് ഉയരവും രണ്ട് നിലവരെയും 300 ചതുരശ്ര മീറ്ററിൽ കുറവ് വിസ്തൃതിയുമുള്ള വീടുകൾക്ക് ഈ നിയമഭേദഗതി ബാധകമാകും.ഏഴ് മീറ്ററിൽ കുറവ് ഉയരവും രണ്ട് നിലവരെയും 200 ചതുരശ്ര മീറ്ററിൽ കുറവ് വിസ്തൃതിയുമുള്ള ഹോസ്റ്റൽ, അനാഥാലയങ്ങൾ, ഡോർമിറ്ററി, വൃദ്ധ സദനം, സെമിനാരി, മതപരമായ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ എന്നിവയ്ക്കും ബാധകമാണ്.
ഏഴ് മീറ്ററിൽ കുറവ് ഉയരവും രണ്ട് നിലവരെയും 100 ചതുരശ്രമീറ്ററിൽ കുറവ് വിസ്തൃതിയുമുള്ള വാണിജ്യ കെട്ടിടം, അപകട സാധ്യതയില്ലാത്ത വ്യവസായ കെട്ടിടം എന്നിവയുടെ നിർമാണവും സ്വയം സാക്ഷ്യപ്പെടുത്തി നിർമിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..