ന്യൂഡല്‍ഹി > ഇന്ത്യയില്‍ കത്തിപ്പടരുന്ന കര്‍ഷക പ്രക്ഷോഭം ലോകമാകെ ചര്‍ച്ചാവിഷയമാണ്. പ്രശസ്‌തരായ അനേകം പേര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ പ്രശസ്ത പോപ് ഗായി റിഹാനയും അന്താരാഷ്‌ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗും കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഡല്‍ഹിയിലെ ഇന്റര്‍നെറ്റ് നിരോധനം സംബന്ധിച്ച സിഎന്‍എന്‍ വാര്‍ത്ത ട്വിറ്ററില്‍ പങ്കുവെച്ച റിഹാന നമ്മള്‍ എന്താണ് ഇതേപ്പറ്റി സംസാരിക്കാത്തത് എന്നായിരുന്നു ചോദിച്ചത്. ട്വിറ്ററില്‍ 100 മില്യണിലേറെ ഫോളോവേഴ്‌സുള്ള റിഹാന്നയുടെ ഈ ട്വീറ്റ് വലിയ പ്രതികരണമാണ് ഉണ്ടാക്കിയത്. റിഹാന്നയെ പിന്തുണച്ചുകൊണ്ട് നിരവധി പേര്‍ എത്തിയപ്പോള്‍ സംഘപരിവാര്‍ അനുഭാവികള്‍ വ്യക്തിഹത്യയിലേക്കും കടന്നു. ബോളിവുഡ് താരം കങ്കണ റണാവത്ത് അടക്കമുള്ളവര്‍ റിഹാന്നയെ പരിഹസിച്ച് ട്വീറ്റ് ചെയ്തിരുന്നു.
റിഹാന്നയ്‌ക്ക് പിന്നാലെയാണ് ഇന്ത്യയിലെ കര്‍ഷകരുടെ സമരത്തിന് ഞങ്ങള്‍ പിന്തുണയറിയിക്കുന്നു എന്ന് ഗ്രേറ്റ തുംബെര്‍ഗ് ട്വീറ്റ് ചെയ്തത്. ഗ്രേറ്റയുടെ ട്വീറ്റിന് താഴെയും വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.
കാലാവസ്ഥാമാറ്റം പ്രതിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടുവര്‍ഷം മുന്‍പ് പതിനാറാം വയസ്സില്‍ ഗ്രേറ്റ നടത്തിയ ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍ പരിപാടി ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതിനു പിന്നാലെ അവരെ ഐക്യരാഷ്ട്രസഭ2019ല്‍ നടത്തിയ യുഎന്‍ ക്ലൈമറ്റ് ആക്ഷന്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചിരുന്നു. 2020 മാര്‍ച്ചില്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിന്റെ പരിസ്ഥിതി കൗണ്‍സിലിനെയും ഗ്രേറ്റ അഭിംസബോധന ചെയ്തു. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനു ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ള ഗ്രേറ്റ മുന്‍പ് കൊവിഡ് നിയന്ത്രണങ്ങള്‍ക്കും രാജ്യത്തെ പ്രളയങ്ങള്‍ക്കും ഇടയില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താനുള്ള മോഡി സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്തും രംഗത്തെത്തിയിരുന്നു.
'ഡോണ്ട് സ്‌റ്റോപ് ദി മ്യൂസിക്' ഉള്‍പെടെ നിരവധി ആല്‍ബങ്ങളിലൂടെ ലോകത്തെ ഏറ്റവും ജനപ്രിയ ഗായകരില്‍ ഒരാളാണ് റിഹാന്ന. ഏറ്റവും കൂടുതല്‍ പേര്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ആളുകളില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഇപ്പോള്‍ റിഹാന്ന. കര്‍ഷക സമരത്തിന്റെ #FarmersProtest എന്ന ഹാഷ്‌ടാഗും റിഹാന്ന ട്വീറ്റില്‍ പങ്കുവെച്ചതോടെ യുഎസിലും ഈ ഹാഷ്ടാഗ് ട്രെന്റിംഗായി മാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..