04 February Thursday

‘ഫാസിസ്‌റ്റ്‌വിരുദ്ധ’ പോരാട്ടം മതിയാക്കി മടങ്ങി‌ ; ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിലും മുത്തലാക്ക്‌ ബിൽ വോട്ടെടുപ്പിലും പങ്കെടുത്തില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Feb 3, 2021


ന്യൂഡൽഹി
‘നരേന്ദ്ര മോഡിയുടെ ഫാസിസത്തിനെതിരായ’ പോരാട്ടം മതിയാക്കി പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും കേരളത്തിലെ സുരക്ഷിത രാഷ്ട്രീയലാവണത്തിലേക്ക് മടങ്ങുന്നു. ലോക്‌‌സഭാംഗത്വം രാജിവച്ച് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കണ്ണുവയ്ക്കുകയാണ് കുഞ്ഞാലിക്കുട്ടി. കഷ്ടിച്ച് നാലുവർഷംമാത്രം നീണ്ട കുഞ്ഞാലിക്കുട്ടിയുടെ ഡൽഹിയിലെ ‘ഫാസിസ്‌റ്റ്‌ വിരുദ്ധ’ പോരാട്ടത്തിൽ ഓർമയിൽ നിൽക്കുന്ന ഒരു നിമിഷവും ഇല്ലെന്ന് മാത്രമല്ല, നിർണായക ഘട്ടത്തിൽ അഭാവംകൊണ്ട് ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ഇ അഹമദിന്റെ മരണത്തെ തുടർന്ന് 2017ലാണ് കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക്‌ എത്തിയത്‌. വേങ്ങരയിൽനിന്നുള്ള നിയമസഭാംഗത്വം രാജിവച്ചാണ്‌ ലോക്‌സഭയിലേക്ക്‌ മത്സരിച്ചത്‌. ബിജെപിക്കെതിരെ മതേതര ചേരിയെ ശക്തിപ്പെടുത്തുകയാണ്‌ ദൗത്യമെന്നായിരുന്നു അവകാശവാദം.

എംപിയായിരിക്കെ രണ്ട്‌ പ്രധാന വോട്ടെടുപ്പുകളിൽനിന്ന്‌ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നത്‌ മുസ്ലിംലീഗിലും വിവാദം സൃഷ്ടിച്ചു. 2017 ആഗസ്‌തിലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പാണ്‌ ഇതിലൊന്ന്‌. ബിജെപി നേതാവ്‌ വെങ്കയ്യ നായിഡുവും മഹാത്‌മാഗാന്ധിയുടെ കൊച്ചുമകൻ ഗോപാൽകൃഷ്‌ണ ഗാന്ധിയും തമ്മിലായിരുന്നു മത്സരം. വോട്ടെടുപ്പ്‌ ദിവസം കുഞ്ഞാലിക്കുട്ടിയും ലീഗിന്റെ രാജ്യസഭാംഗം പി വി അബ്‌ദുൾവഹാബും എത്തിയില്ല. വിമാനം വൈകിയെന്നായിരുന്നു ന്യായീകരണം. വെങ്കയ്യ തെരഞ്ഞെടുപ്പിൽ ജയിച്ചു.

മുത്തലാഖ്‌ ക്രിമിനൽ കുറ്റമാക്കിയുള്ള നിയമത്തിന്റെ വോട്ടെടുപ്പിലും കുഞ്ഞാലിക്കുട്ടി പങ്കെടുത്തില്ല. 2018 ഡിസംബർ അവസാനമാണ്‌ ബില്ല് ലോക്‌സഭ വോട്ടിനെടുത്തത്‌. ഈ ദിവസം കുഞ്ഞാലിക്കുട്ടി ഇന്ത്യയിൽത്തന്നെ ഉണ്ടായിരുന്നില്ല. അബുദാബിയിൽ ഒരു വ്യവസായിയുടെ വിവാഹസൽക്കാരത്തിന്റെ തിരക്കിലായിരുന്നു അദ്ദേഹം.

ലോക്‌സഭയിൽ 73 ശതമാനമാണ്‌ കുഞ്ഞാലിക്കുട്ടിയുടെ ഹാജർ നില. കേരളത്തിലെ മറ്റ്‌ എംപിമാരുടെ ശരാശരി ഹാജർ 83 ശതമാനമാണ്‌. കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ 60 ശതമാനം ദിവസങ്ങളിൽമാത്രമേ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിൽ എത്തിയുള്ളൂ. നാലുവർഷം എംപിയായിരിക്കെ ആകെ 28 ചർച്ചയിൽമാത്രമാണ്‌ സംസാരിച്ചത്‌. കേരളത്തിൽനിന്നുള്ള എംപിമാർ ശരാശരി 35 ചർച്ചയിൽ പങ്കെടുത്തപ്പോഴാണിത്‌. ആകെ 58 ചോദ്യംമാത്രമാണ്‌  ഉന്നയിച്ചത്‌. കേരളത്തിലെ എംപിമാരുടെ ശരാശരി തൊണ്ണൂറിനടുത്ത്‌ വരും. സഭയിൽ സംസാരിക്കാൻ അവസരം കിട്ടിയപ്പോഴൊക്കെ പ്രധാനമന്ത്രി മോഡിയെയും ബിജെപിയെയും നോവിക്കാതിരിക്കാനും പരമാവധി ശ്രദ്ധിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top