04 February Thursday
ഭാവി വികസനപ്രക്രിയക്ക്‌ നയരൂപീകരണം നടത്തും

കേരളത്തിലെ നിക്ഷേപ സാഹചര്യം ഉപയോഗപ്പെടുത്തണം; വരും, കയറ്റുമതി പ്രോത്സാഹന സമിതി : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 3, 2021


തിരുവനന്തപുരം
കേരളത്തിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണി ഉറപ്പാക്കാൻ  കയറ്റുമതി പ്രോത്സാഹന സമിതിക്ക്‌ രൂപം നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യവസായ മേഖലയെക്കുറിച്ച് നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ നിക്ഷേപ സാഹചര്യവും അവസരങ്ങളും ഉപയോഗപ്പെടുത്തണമെന്ന് വ്യവസായ പ്രമുഖരോട് മുഖ്യമന്ത്രി അഭ്യർഥിച്ചു. 

ഊർജസ്വലവും സംരംഭകത്വമുള്ളതുമായ സമൂഹം കേരളത്തിന്റെ ഭാവി സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലായി മാറും. എല്ലാവരെയും ഉൾക്കൊള്ളുന്നതും പാരിസ്ഥിതിക സുസ്ഥിരതയുള്ളതും വിജ്ഞാനവും നൂതനത്വവും  നയിക്കുകയും ചെയ്യുന്ന സമൂഹമായിരിക്കുമിത്. കൃഷി, വ്യവസായം എന്നിവയിൽ അത്യാധുനിക സാങ്കേതികവിദ്യയുടെ ഉപയോഗമാകും കേരളത്തിന്റെ വളർച്ചയിൽ പ്രധാന ഘടനം. മികച്ച തൊഴിൽ, നൈപുണ്യശേഷി, പരിസ്ഥിതി സൗഹൃദമായ സാമ്പത്തികവളർച്ച, സുസ്ഥിര വികസനം എന്നിവ കൈവരിക്കാനാണ് ശ്രമം.

വിവരസാങ്കേതികവിദ്യയിൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും ഐടി പാർക്കുകളുടെ ശൃംഖലയും കേരളത്തിലുണ്ട്. ഭക്ഷ്യ-–-മത്സ്യ സംസ്‌കരണ വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിലൂടെ കാർഷിക വ്യവസായങ്ങളിൽ പുത്തനുണർവ് പ്രതീക്ഷിക്കുന്നു. മരുന്ന് വ്യവസായം, ബയോടെക്നോളജി, ആശുപത്രി ഉപകരണങ്ങൾ, ജൈവ ശാസ്ത്ര കേന്ദ്രം എന്നീ നിലകളിലും കേരളം പ്രധാന കേന്ദ്രമാകാൻ  പോവുകയാണ്.

പൊതുമേഖലയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലയെന്ന ബഹുമതി കൊച്ചി ഭാരത് പെട്രോളിയം കൈവരിക്കാൻ പോവുകയാണ്. ഇതോടെ പെട്രോകെമിക്കൽ, പ്ലാസ്റ്റിക്, പോളിമർ, ഫൈബർ, ഗാർഹിക ഉപകരണങ്ങൾ എന്നീ മേഖലകളിൽ വമ്പിച്ച നിക്ഷേപ സാധ്യതയുണ്ടാകും. കെഎസ്ഐഡിസി കൊച്ചിയിൽ പെട്രോകെമിക്കൽ കോംപ്ലക്സ് സ്ഥാപിക്കുന്നതോടെ കൂടുതൽ സംരംഭങ്ങൾ ഇവിടേക്കെത്തും. ദേശീയ ശരാശരിയേക്കാൾ ദ്രുതഗതിയിലാണ് സംസ്ഥാനത്തിന്റെ വളർച്ച. 2017-–-18 സാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ ആളോഹരി വരുമാനം ദേശീയ ശരാശരിയേക്കാൾ  55.3 ശതമാനം അധികമായിരുന്നു. സേവനമേഖലയാണ് കേരളത്തിന്റെ വളർച്ചയുടെ പ്രധാന സ്രോതസ്സെന്നും അദ്ദേഹം പറഞ്ഞു.

ഭാവി വികസനപ്രക്രിയക്ക്‌ നയരൂപീകരണം നടത്തും
രാജ്യാന്തര സമ്മേളനത്തിലുയർന്ന നിർദേശം പഠിച്ച്‌ സംസ്ഥാനത്തിന്റെ ഭാവി വികസനപ്രക്രിയക്ക്‌ നയരൂപീകരണം നടത്തുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഭാവി വീക്ഷണത്തോടെ കേരളം’ രാജ്യാന്തര സമ്മേളനത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സാമ്പത്തികഭാവി നിർണയിക്കുന്ന സുപ്രധാന മേഖലകളെക്കുറിച്ച്‌ ശ്രദ്ധേയമായ ചർച്ച നടന്നു‌. ലോക ശ്രദ്ധേയരായ പണ്ഡിതരും വിദഗ്‌ധരും പങ്കെടുത്ത സമ്മേളനത്തിൽ നമ്മെ ഉത്തേജിപ്പിക്കുന്ന സംവാദം നടന്നു‌. ഇത്തരം സംവാദം തുടരും. നിരവധി നിർദേശം ഉയർന്നുവന്നിട്ടുണ്ട്‌. വരുംകാല വെല്ലുവിളി എങ്ങനെ നേരിടാമെന്നതു സംബന്ധിച്ചും നിലവിൽ നടപ്പാക്കേണ്ട നയങ്ങളെക്കുറിച്ചുമുള്ള നിർദേശമുണ്ട്‌. ഇത്തരം നിർദേശം കേരളത്തോടുള്ള പ്രത്യേക താൽപ്പര്യംകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

വിദഗ്ധർ പങ്കെടുത്ത സുപ്രധാന സെഷനുകളുടെ സംക്ഷിപ്തം സമാപന സമ്മേളനത്തിൽ അവതരിപ്പിച്ചു. ആസൂത്രണ ബോർഡ് വൈസ്‌ ചെയർമാൻ  പ്രൊഫ. വി കെ രാമചന്ദ്രൻ, പ്രൊഫ. ആർ രാമകുമാർ, ഡോ. ജയൻജോസ് തോമസ്, പ്രൊഫ. ടി ജയരാമൻ,  ഡോ. അമിത് പ്രകാശ്, ഡോ. ജോസഫൈൻ, ഡോ. കെ രവിരാമൻ, പ്രൊഫ. കെ  ജെ ജോസഫ്, ഡോ. എൻ ആർ ജോയ്‌, ബിന്ദു പി വർഗീസ് എന്നിവർ സംസാരിച്ചു.

സംസ്ഥാനത്തിന്‌ പിന്തുണയുമായി വ്യവസായ പ്രമുഖർ
പരിസ്ഥിതി സൗഹൃദപരമായും പ്രകൃതിഭംഗി നിലനിർത്തിയും കേരളത്തെ ആധുനിക സമ്പദ്‌‌വ്യവസ്ഥയാക്കാൻ രാജ്യത്തെ മുൻനിര വ്യവസായികളുടെ പൂർണ പിന്തുണ. ആസൂത്രണ ബോർഡ് സംഘടിപ്പിച്ച ‘ഭാവി വീക്ഷണത്തോടെ കേരളം’ രാജ്യാന്തര സമ്മേളനത്തിൽ നടന്ന ചർച്ചയിലാണ്‌ രത്തൻ ടാറ്റ, അസിം പ്രേംജി, ആനന്ദ് മഹീന്ദ്ര തുടങ്ങിയ വ്യവസായ പ്രമുഖർ പിന്തുണ അറിയിച്ചത്‌. സംസ്ഥാനത്തെ പുത്തൻ നിക്ഷേപ സൗഹൃദനയങ്ങളെ പ്രശംസിച്ച അവർ ഐടി, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ടൂറിസം എന്നീ മേഖലകളാണ് ത്വരിത വളർച്ചയ്ക്ക്‌ സാധ്യതയെന്നും വിലയിരുത്തി.
കേരളത്തിന്റെ സാഹചര്യത്തിന്‌ ഏറ്റവും പറ്റിയ വ്യവസായം ടൂറിസമാണെന്ന് രത്തൻ ടാറ്റ പറഞ്ഞു. പ്രകൃതി ഭംഗിയുള്ള പ്രദേശങ്ങളും വിദ്യാഭ്യാസമുള്ള ജനതയുമെന്ന നിലയിൽ കേരളത്തിന്റെ സാധ്യതകൾ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ മനുഷ്യവിഭവശേഷി, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണ സംവിധാനം, ആരോഗ്യം എന്നിവയിലെ പ്രതിബദ്ധത രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് വിപ്രോ സ്ഥാപകൻ അസിം പ്രേംജി പറഞ്ഞു. ലോകത്തെ വികസിത രാജ്യങ്ങൾക്ക്‌ സമാനമാണ് കേരളത്തിന്റെ നേട്ടങ്ങൾ. സാമ്പത്തികവളർച്ചയിൽ സംസ്ഥാനം കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹരിതവ്യവസായങ്ങളുടെ ആഗോളകേന്ദ്രമായി മാറാൻ കേരളത്തിന് എല്ലാ സാധ്യതയുമുണ്ടെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പറഞ്ഞു. മഹീന്ദ്രയുടെ ടൂറിസം വ്യവസായം പിറന്നുവീണത് കേരളത്തിലാണ്‌. വൈദ്യുത വാഹനങ്ങൾ, ആധുനിക കൃഷി ഉപകരണങ്ങൾ എന്നിവയിൽ കേരളവുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള താൽപ്പര്യവും അദ്ദേഹം അറിയിച്ചു.

ജൈവശാസ്ത്ര മേഖലകളിൽ കേരളത്തിന് ഏറെ സാധ്യതയുണ്ടെന്ന് ബയോകോൺ ലിമിറ്റഡ്‌ ചെയർപേഴ്സൺ കിരൺ മജൂംദാർ ഷാ പറഞ്ഞു. നൈപുണ്യ വികസനത്തിന്‌ വെർച്വൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിശീലന കേന്ദ്രങ്ങളും തുടങ്ങാൻ നടപടിയെടുക്കണമെന്ന് അക്സിലർ വെഞ്ച്വേഴ്സ്‌ ചെയർമാൻ ക്രിസ് ഗോപാലകൃഷ്ണൻ പറഞ്ഞു.
ചൈനീസ് മാതൃകയിൽ അപേക്ഷ നൽകി രണ്ട് മാസത്തിനുള്ളിൽ വ്യവസായം തുടങ്ങാൻ സാധിക്കുന്ന രീതിയിൽ നയത്തിൽ മാറ്റം വരുത്തണമെന്ന് ആർ പി ഗ്രൂപ്പ് എംഡി രവി പിള്ള പറഞ്ഞു. 

തൊഴിലാളികളെ പ്രശംസിച്ച്‌ ആസാദ്‌ മൂപ്പൻ
കഴിഞ്ഞ 20 വർഷംകൊണ്ട്‌ കേരളത്തിൽ 4000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയതെന്നും തൊഴിലാളികളുടെ അതൃപ്തി കാരണം ഒരു പ്രവൃത്തിദിനംപോലും ഇതുവരെ നഷ്ടമായിട്ടില്ലെന്നും ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സിഎംഡി ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. നദികളിലെ വെള്ളം ഉപയോഗപ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളം കയറ്റുമതി ചെയ്യാനുള്ള സാധ്യത തേടണമെന്നും അദ്ദേഹം നിർദേശിച്ചു.

8000 കോടികൂടി നിക്ഷേപിക്കും എം എ യൂസഫലി
കേരളത്തിൽ നടത്തിയ 15,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾക്ക് പുറമെ 8000 കോടിയുടെ പദ്ധതികൾ കൂടി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഐടി, ആരോഗ്യസംരക്ഷണം, ആതിഥേയ വ്യവസായം, ഭക്ഷ്യസംസ്‌കരണം, ആശുപത്രി ഉപകരണങ്ങൾ, ഇലക്ട്രോണിക്സ് എന്നീ മേഖലകളിലാകും നിക്ഷേപങ്ങൾ. വ്യവസായ യൂണിറ്റുകൾക്ക് ഏർപ്പെടുത്തിയ 15 ഏക്കർ സ്ഥലപരിധി ഒഴിവാക്കണമെന്നും കയറ്റുമതി പ്രോത്സാഹന സമിതി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top