03 February Wednesday

ആഴക്കടല്‍ മത്സ്യബന്ധനം: 
2950 കോടി രൂപയുടെ പദ്ധതിക്ക് ധാരണ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 3, 2021


കൊച്ചി
കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനും അമേരിക്കന്‍ കമ്പനിയായ ഇഎംസിസി ഇന്റര്‍നാഷണലും തമ്മിൽ 2950 കോടിയുടെ പദ്ധതിക്ക് ധാരണയായി. കെഎസ്‌ഐഎന്‍സി എംഡി എന്‍ പ്രശാന്തും ഇഎംസിസി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് ഷിജു വര്‍ഗീസും ധാരണാപത്രത്തില്‍ ഒപ്പിട്ടു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ‘അസന്‍ഡ് 2020' നിക്ഷേപസമാഹരണ പരിപാടിയിലാണ് പദ്ധതി നടപ്പാക്കാന്‍ ധാരണയിലായത്. കേരളത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപ പദ്ധതികളിലൊന്നാണിത്.

ആഴക്കടല്‍ മത്സ്യബന്ധന ട്രോളറുകളുടെ നിര്‍മാണം, തുറമുഖവികസനം എന്നിവ പദ്ധതിയില്‍പ്പെടും. അന്താരാഷ്ട്ര നിലവാരത്തിലുള്ള 400 ട്രോളറുകള്‍ ഇഎംസിസി നിര്‍മിക്കും. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കെഎസ്‌ഐഎന്‍സി ഒരുക്കി നല്‍കും. ഒരു ട്രോളര്‍ നിര്‍മിക്കാന്‍ രണ്ടുകോടി രൂപ ചെലവാകും. ഇത്തരത്തില്‍ നിര്‍മിക്കുന്ന ട്രോളറുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും. സിഎംഎഫ്ആര്‍ഐ ഗവേഷണ ആവശ്യങ്ങള്‍ക്ക്‌ ഒരു ട്രോളര്‍ സൗജന്യമായി നല്‍കും.

ഈ ട്രോളറുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ മത്സ്യം ലഭിക്കും. നിലവിലുള്ള ഹാര്‍ബറുകള്‍ വികസിപ്പിക്കുകയും പുതിയവ നിര്‍മിക്കുകയും ചെയ്യും. മത്സ്യസംസ്കരണ യൂണിറ്റുകള്‍ ഇഎംസിസി തുറക്കും. മത്സ്യങ്ങള്‍ വിറ്റഴിക്കാനും കയറ്റുമതി ചെയ്യാനുമായി 200 ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കും. ഇഎംസിസിയുടെ കടന്നുവരവോടെ 25,000ല്‍പരം പുതിയ തൊഴിലവസരങ്ങള്‍ കേരളത്തിലുണ്ടാകുമെന്ന് കെഎസ്‌ഐഎന്‍സി മാനേജിങ് ഡയറക്ടര്‍ എന്‍ പ്രശാന്ത് പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കായി ആശുപത്രിയടക്കം നിര്‍മാണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top