നിയമസഭാ തെരഞ്ഞെടുപ്പിലെ ‘കേരളമിഷനു’മായി എത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയെ സ്വീകരിക്കാൻ ഗ്രൂപ്പുതിരിഞ്ഞ് ഫ്‌ളക്‌സ് യുദ്ധം. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് താമസസ്ഥലമായ തമ്പാനൂരിലെ നക്ഷത്രഹോട്ടൽ വരെയുള്ള വഴിയിലാണ് സംസ്ഥാന ബിജെപിയിലെ ഗ്രൂപ്പുകളുടെ പരസ്യപ്രഖ്യാപനമെന്നോണം ഫ്‌ളക്‌സുകൾ നിരന്നത്.
നദ്ദയുടെ വലിയ ചിത്രത്തിനു താഴെ ഓരോ ഗ്രൂപ്പിലുംപെട്ട നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് ബോർഡുകൾ. കേന്ദ്രമന്ത്രി വി മുരളീധരൻ, സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ എന്നിവരുടെ ചിത്രമുള്ളതാണ് ഒരുവിഭാഗത്തിന്റേത്. സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്, കുമ്മനം രാജശേഖരൻ എന്നിവരെ ഉൾപ്പെടുത്തിയാണ് മറുവിഭാഗത്തിന്റെ ബോർഡുകൾ.
ഓരോ ഗ്രൂപ്പിനെയും പിന്തുണയ്‌ക്കുന്നവർ സ്ഥാപിച്ച ബോർഡിൽ പ്രധാന നേതാക്കൾക്കൊപ്പം അപ്രധാനികളും ഇടംപിടിച്ചു. ഇതിൽ പലരും ആരാണെന്ന് പ്രവർത്തകർക്കുപോലും അറിയില്ല. ദേശീയ നേതാക്കൾ എത്തുമ്പോൾ എല്ലാവിഭാഗത്തിലും പെട്ട സംസ്ഥാന നേതാക്കളുടെ ചിത്രമടങ്ങിയ ബോർഡുകൾവച്ച് സ്വീകരിക്കുന്നതാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും രീതി. ഇതിന് വിരുദ്ധമായാണ് സംസ്ഥാന ബിജെപിയിലെ ഗ്രൂപ്പുവൈരം പ്രകടമാക്കി ചേരിതിരിഞ്ഞുള്ള ഫ്‌ളക്‌സ് പോരാട്ടം.
ശോഭ തിരിച്ചുവരുമെന്ന് നദ്ദ
കേരള ബിജെപി ഘടകത്തിൽ ഇടഞ്ഞുനിൽക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ തിരിച്ചുവരുമെന്ന് ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. അവരുമായി ചർച്ച നടക്കുന്നുണ്ട്. വ്യാഴാഴ്ച തൃശൂരിൽ നടക്കുന്ന ബിജെപിയുടെ എല്ലാ യോഗങ്ങളിലും ശോഭ പങ്കെടുക്കുമെന്നും നദ്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശബരിമല വിഷയത്തിൽ കോൺഗ്രസ് നേതൃത്വം അയ്യപ്പ ഭക്തരെ പിന്നിൽനിന്ന് കുത്തി. ഇതുവരെ കോൺഗ്രസിൽ നിന്നോ രാഹുൽഗാന്ധിയിൽ നിന്നോ ഈ വിഷയത്തിൽ പ്രസ്താവന ഒന്നും ഉണ്ടായിട്ടില്ല. കേരളത്തിൽ ആരോഗ്യ മേഖലയിലെ അടിസ്ഥാന സംവിധാനങ്ങൾ മികച്ചതാണ്. താൻ കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് പ്രളയവും നിപയും ഉണ്ടായപ്പോൾഅത് മനസിലായിട്ടുണ്ട്. എന്നാൽ കേരളത്തിൽ കോവിഡ് പ്രതിരോധം പരാജയപ്പെട്ടു.
സംസ്ഥാനസർക്കാർ സോളാർ കേസ് സിബിഐക്ക് വിട്ട സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനം ഉടൻ ഉണ്ടാകുമെന്നും ചോദ്യത്തിന് മറുപടി നല്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..