02 February Tuesday

നൂതനാശയങ്ങളുമായി വിദ്യാർഥികൾ; സാകൂതം കേട്ട്‌ മുഖ്യമന്ത്രി ; ‘നവകേരളം യുവകേരള’ത്തിന്‌ തുടക്കമായി

പ്രത്യേക ലേഖകൻUpdated: Tuesday Feb 2, 2021

അവരാണ്‌ ശരി ‘നവകേരളം യുവകേരളം’ ഉദ്‌ഘാടനവേദിയിൽ വിദ്യാർഥികളുടെ നിർദേശങ്ങൾ മന്ത്രി കെ ടി ജലീലുമായി ചർച്ച ചെയ്യുന്ന മുഖ്യമന്ത്രി


കൊച്ചി
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാനും വികസനത്തിൽ പങ്കാളിയാക്കാനുമുള്ള നിർദേശം തേടി മുഖ്യമന്ത്രി പിണറായി വിജയന്റെ ‘നവകേരളം യുവകേരളം’ പര്യടനത്തിന്‌ കൊച്ചിയിൽ തുടക്കമായി. കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാലയായിരുന്നു ആദ്യവേദി. ഉന്നതവിദ്യാഭ്യാസവും ഭാവികേരളവും എങ്ങനെയാകണമെന്ന്‌  വിദ്യാർഥികളും തുറന്നുപറയണമെന്ന ആമുഖത്തോടെ സംസ്ഥാനതല ഉദ്‌ഘാടനവേദിയിൽ മുഖ്യമന്ത്രി സംവാദത്തിന്‌ തുടക്കമിട്ടു‌. 33 വിദ്യാർഥികൾ‌ നേരിട്ട്‌ നിർദേശം അവതരിപ്പിച്ചു‌.

സ്‌പേസ്‌ പാർക്കിൽ ബഹിരാകാശ സ്‌റ്റാർട്ടപ്പുകൾക്ക്‌ അവസരം നൽകണമെന്ന നിർദേശവുമായാണ്‌ സാങ്കേതിക സർവകലാശാലയിലെ വിദ്യാർഥികൾ എത്തിയത്‌. കൃഷിഭവൻ പോലെ മത്സ്യഭവനുകളും സ്ഥാപിക്കണമെന്ന്‌ ഫിഷറീസ്‌ വിദ്യാർഥികൾ നിർദേശിച്ചു. പ്രവേശനപരീക്ഷ ഇല്ലാതാക്കിയുള്ള പ്രവേശനംമുതൽ കോവിഡ് ‌കാലത്തെ വർക്‌ ഫ്രം ഹോമിന്റെ തുടർച്ചയായി വർക്‌ നിയർ ഹോം, മെഡിക്കൽ വിദ്യാർഥികൾക്ക്‌ മാനസികസമ്മർദം കുറയ്‌ക്കാൻ പരിശീലനം തുടങ്ങി വിദ്യാർഥികൾ ഉന്നയിച്ച എല്ലാ നിർദേശവും മുഖ്യമന്ത്രി കേട്ടു.

കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാല, സാങ്കേതിക സർവകലാശാല, ആരോഗ്യ സർവകലാശാല, ഫിഷറീസ്‌ സർവകലാശാല, ന്യുവാൽസ്‌ എന്നിവിടങ്ങളിൽനിന്നായി തെരഞ്ഞെടുത്ത 200 വിദ്യാർഥിപ്രതിഭകൾ നേരിട്ടും 1500 വിദ്യാർഥികൾ ഓൺലൈനിലും  പരിപാടിയിൽ പങ്കെടുത്തു.

ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീൽ അധ്യക്ഷനായി. കുസാറ്റ്‌ വൈസ്‌ ചാൻസലർ ഡോ. കെ എൻ മധുസൂദനൻ സ്വാഗതവും സാങ്കേതിക സർവകലാശാല വൈസ്‌ ചാൻസലർ ഡോ. എം എസ്‌ രാജശ്രീ നന്ദിയും പറഞ്ഞു. വൈസ്‌ ചാൻസലർമാരായ ഡോ. മോഹൻ കുന്നുമ്മേൽ (ആരോഗ്യ സർവകലാശാല), ഡോ. കെ റെജി ജോൺ (കുഫോസ്‌), ഡോ. കെ സി സണ്ണി (ന്യുവാൽസ്‌), ആസൂത്രണബോർഡ്‌ വൈസ്‌ ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ എന്നിവരും പങ്കെടുത്തു. അശ്വമേധം ഫെയിം ജി എസ്‌ പ്രദീപ്‌ ‘ഇൻസ്‌പയർ കേരള’ പ്രശ്‌നോത്തരി അവതരിപ്പിച്ചു. ആറിന്‌ കേരള, എട്ടിന്‌ എംജി, 11ന്‌ കലിക്കറ്റ്‌, 13ന്‌ കണ്ണൂർ സർവകലാശാലകളിൽ മുഖ്യമന്ത്രി വിദ്യാർഥികളുമായി സംവദിക്കും.

അറിഞ്ഞും പറഞ്ഞും യുവതയ്‌ക്കൊപ്പം
ഓഖി, നിപാ,- പ്രളയം പോലുള്ള ദുരന്തങ്ങളെ നേരിടാൻ യുവാക്കളെ സജ്ജമാക്കുന്ന കോഴ്‌സ്‌ വേണം–- പ്രിയങ്കരനായ മുഖ്യമന്ത്രി പിണറായി വിജയനോട്‌ കുസാറ്റ്‌ വിദ്യാർഥിനി ബിസ്‌ന ചന്ദ്രന്റെ ആവശ്യം. നിലവിൽ മൂന്നുലക്ഷം പേരടങ്ങുന്ന യുവാക്കളുടെ സന്നദ്ധസേന ഒരുങ്ങുന്നതിനെക്കുറിച്ച്‌ മുഖ്യമന്ത്രി ബിസ്‌നയ്‌ക്ക്‌ മറുപടി നൽകി. ഒരുലക്ഷംപേർ പരിശീലനം പൂർത്തിയാക്കിയെന്നും അദ്ദേഹം സൂചിപ്പിച്ചു.

അഞ്ച്‌ സർവകലാശാലകളിലെ 200 വിദ്യാർഥികളിൽ ബിസ്‌നയടക്കം 33 പേരാണ്‌ മുഖ്യമന്ത്രിക്കുമുന്നിൽ ആശയങ്ങൾ അവതരിപ്പിച്ചത്‌. നവകേരളം കെട്ടിപ്പടുക്കാൻ യുവജനാഭിപ്രായംതേടി കുസാറ്റിൽ നടത്തിയ ‘നവകേരളം യുവകേരളം’ പരിപാടിയാണ്‌ മുഖ്യമന്ത്രി‌ക്കുമുന്നിൽ ആശയങ്ങൾ അവതരിപ്പിക്കാൻ വിദ്യാർഥികൾക്ക്‌ അവസരമൊരുക്കിയത്‌. ആശയങ്ങൾ കുറിച്ചെടുത്ത മുഖ്യമന്ത്രി അവരുടെ മനസ്സ്‌ നിറയ്‌ക്കുന്ന മറുപടിയും സമ്മാനിച്ചു.

കോവിഡിൽ‌ സാമ്പത്തികപ്രതിസന്ധിയിലായ വീട്ടമ്മമാർക്ക്‌ തൊഴിലവസരം സൃഷ്‌ടിക്കുന്നതിനെക്കുറിച്ചാണ്‌ ന്യുവാൽസ്‌ വിദ്യാർഥി എസ്‌ ആനന്ദ്‌ ചോദിച്ചത്‌. വീട്ടമ്മമാരുടെ തൊഴിൽശേഷി ഉപയോഗപ്പെടുത്താൻ വെബ്പോർട്ടൽ മുഖേന അവസരങ്ങൾ സൃഷ്ടിക്കും. വീട്ടിലിരുന്ന് ജോലിചെയ്യാൻ നിർബന്ധിതരായവർക്ക് പങ്കിട്ടുപയോഗിക്കാവുന്ന പൊതു തൊഴിലിടം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

പല സ്കോളർഷിപ്പുകൾ ഏകീകരിച്ച് ഒരു പദ്ധതിയായി നടപ്പാക്കണമെന്ന കുസാറ്റ്‌ വിദ്യാർഥിനി രേഷ്മ രമേശിന്റെ ആവശ്യവും പഠനത്തിനൊപ്പം വെർച്വൽ ഓഫീസ് സൗകര്യമൊരുക്കണമെന്ന എം പി മനുവിന്റെ ആവശ്യവും സർവകലാശാലകളുമായി ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ്‌നൽകി. പരീക്ഷാ കലണ്ടർ ഏകീകരിക്കണമെന്ന കുഫോസ് വിദ്യാർഥി രാഹുൽ കൃഷ്ണയുടെ ആവശ്യത്തിന്‌ സർക്കാർ ഇക്കാര്യം നടപ്പാക്കിത്തുടങ്ങിയെന്നും മറുപടിനൽകി.
ട്രാൻസ്‌ജെൻഡറുകളെ അധ്യാപകരായി പരിഗണിക്കണമെന്നതായിരുന്നു കുസാറ്റിലെ വി ഗിരീഷിന്റെ ആവശ്യം. ട്രാൻസ്‌ജെൻഡറുകളെ സമൂഹത്തിന്റെ മുൻനിരയിലേ‌ക്ക്‌ കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികളെയും ഗിരീഷ്‌ പ്രശംസിച്ചു.

കേരളത്തിലെ നദികളെ ചരക്കുഗതാഗതത്തിന്‌ ഫലപ്രദമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യമാണ്‌ കുഫോസിലെ എസ്‌ മുഹമ്മദ്‌ സാലിഹ്‌ ചൂണ്ടിക്കാട്ടിയത്‌. കോവളംമുതൽ ബേക്കൽവരെയുള്ള ദേശീയ ജലപാതവികസനത്തെക്കുറിച്ചായിരുന്നു മറുപടി. കോവളംമുതൽ ചാവക്കാടുവരെയുള്ള ഭാഗം ഉടൻ യാഥാർഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബഹിരാകാശ ഗവേഷണം, പ്രൊഫഷണലുകളുടെ ശമ്പളരീതി പരിഷ്‌കരണം, പ്രാഥമികതലംമുതലുള്ള ആരോഗ്യ–-വിദ്യാഭ്യാസം, പിഎച്ച്‌ഡി ഗവേഷകരുടെ സേവനം സർക്കാർതലത്തിൽ പ്രയോജനപ്പെടുത്തൽ എന്നിവയും ചോദ്യങ്ങളായി. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി മീൻകൃഷി വീട്ടുവളപ്പിലേക്ക് വ്യാപിപ്പിക്കും. കോഴ്സുകളിലേക്കുള്ള പ്രവേശന നടപടിക്രമം സമഗ്രമായി പുനഃസംവിധാനം ചെയ്യണമെന്ന ആവശ്യം പരിഗണിക്കും. അക്കാദമിക്‌ രംഗം മാറുന്നതിനനുസരിച്ച്‌ ഓഫീസുകളും ഉദ്യോഗസ്ഥരും മാറണം. സർട്ടിഫിക്കറ്റുകൾ നൽകുന്നതിലെ കാലതാമസം പരിഹരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top