തിരുവനന്തപുരം
കേരള പരീക്ഷാ ഭവൻ, ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്, കൊച്ചിൻ യൂണിവേഴ്‌സിറ്റി, കേരള സർവകലാശാല... സർവകലാശാലകളും പരീക്ഷാ ബോർഡും ഏതു മാകട്ടെ വ്യാജ സർട്ടിഫിക്കറ്റ് അപ്പംപോലെ ചുട്ടെടുക്കും അവിനാഷ് റായി വർമ. ഇതിനായി മൊബൈൽ ഫോണിലും ലാപ്‌ടോപ്പിലും ബ്ലാങ്ക് സർട്ടിഫിക്കറ്റുകൾ ഏറെ. ആവശ്യത്തിനനുസരിച്ച് ഫോട്ടോയും പേര് അടക്കമുള്ള വിവരങ്ങൾ ചേർത്തും ഞൊടിയിടയിൽ സർട്ടിഫക്കറ്റ് കൈമാറും. ഡിജിറ്റൽ ഒപ്പും സീലും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. കശ്‌മീർ മുതൽ കന്യാകുമാരിവരെയുള്ള നാൽപ്പതിലേറെ യൂണിവേഴ്‌സിറ്റികളുടെ സർട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കുന്നുണ്ട്.
സർട്ടിഫിക്കറ്റിന്റെ പരിശോധനാ ഘട്ടത്തിൽ പിടിക്കാതിരിക്കാനാണ് പരീക്ഷാ ബോർഡുകളുടെയും യൂണിവേഴ്‌സിറ്റികളുടെയും ഒറിജിനലിനെ വെല്ലുന്ന വ്യാജ വെബ്‌സൈറ്റുകൾ സൃഷ്‌ടിച്ചത്. യഥാർഥ വൈബ്‌സൈറ്റിൽ ഒരു വരയോ, കുത്തോ മാറ്റി വളരെ സൂക്ഷ്‌മതയോടെയാണ് വ്യാജ സൈറ്റുകളുണ്ടാക്കിയത്. അതിനാൽ സൈറ്റ് സേർച്ച് ചെയ്‌താൽ വ്യാജൻതന്നെ ആദ്യം മുകളിൽവരും. ആർക്കും വ്യാജനെന്ന് മനസ്സിലാകില്ല. ആ വെബ്‌സൈറ്റിൽ സെർച്ച് ചെയ്‌താൽ നൽകിയ സർട്ടിഫിക്കറ്റ് അതിൽ ദൃശ്യമാകും.അതോടെ വ്യാജൻ ‘ഒറിജിനലാ’ കും.
കേരള പരീക്ഷാ ബോർഡിന്റെയടക്കം വ്യാജ വെബ്‌സൈറ്റ് നിർമിച്ച് തട്ടിപ്പ് നടത്തിയതിന് അറസ്‌റ്റിലായ അവിനാഷ് റായി വർമയ്‌ക്ക് ഉദ്യോഗസ്ഥർ ഉൾപ്പെടെ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. ഇതിനായി ഡൽഹിയിൽഅറസ്‌റ്റിലായ വ്യാജ വെബ്‌സെറ്റ് നിർമാതാവ് അവിനാഷ് റായി വർമയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും.
മലയാളത്തിൽ അടക്കമുള്ള ഒട്ടേറെ വ്യാജ കത്തുകളും മറ്റും ഇയാളിൽനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ മൊബൈൽ ഫോണിലും ലാപ് ടോപ്പിലും മലയാളത്തിലുള്ള സർട്ടിഫക്കറ്റ് കോപ്പിയും മറ്റുമുണ്ട്. അവിനാഷ് നേതൃത്വം നൽകുന്ന ഡൽഹി കേന്ദ്രീകരിച്ചുള്ള വൻ തട്ടിപ്പ് സംഘത്തെക്കുറിച്ച് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. കേരള പരീക്ഷാ ഭവന്റെ വ്യാജ വെബ്‌സൈറ്റ് നിർമിച്ച കേസിൽ ഞായറാഴ്‌ചയാണ് മുഖ്യപ്രതി അവിനാഷിനെ തിരുവനന്തപുരം സൈബർ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാളെ തിങ്കളാഴ്‌ച തിരുവനന്തപുരത്ത് എത്തിച്ചു. ചൊവ്വാഴ്‌ച ഇയാളെ കോടതിയിൽ ഹാജരാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..