കേരള കോൺഗ്രസിന് യുഡിഎഫിൽ ലഭിച്ച 15 സീറ്റ് വേണമെന്ന പി ജെ ജോസഫിന്റെ ആവശ്യം ഏഴുസീറ്റിലൊതുക്കിയേക്കും. ജോസ് പക്ഷം മുന്നണിവിട്ടപ്പോൾതന്നെ കോട്ടയമുൾപ്പെടെയുള്ള ജില്ലകളിൽ കൂടുതൽ സീറ്റിൽ മത്സരിക്കാമെന്ന താല്പര്യത്തിലാണ് കോൺഗ്രസ് നേതാക്കൾ. സീറ്റ് മോഹിച്ച് ചേക്കേറിയ നേതാക്കളെ തൃപ്‌തിപ്പെടുത്താനാവാതെ ജോസഫും വിഷമത്തിലാണ്.
പത്തിൽ കൂടുതൽ സീറ്റ് കിട്ടിയാലേ പ്രധാന നേതാക്കളെപോലും പരിഗണിക്കാനാവൂ. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം മോശമായതിനാൽ കൂടുതൽ സീറ്റ് നൽകില്ലെന്നാണ് കോൺഗ്രസ് നിലപാട്. കേരള കോൺഗ്രസിന് മുൻതൂക്കമുള്ള ചങ്ങനാശേരി, പാലാ, ഏറ്റുമാനൂർ സീറ്റുകളും കോൺഗ്രസ് കൈക്കലാക്കിയേക്കും. ഇരിക്കൂർവിട്ട് കെ സി ജോസഫ് ചങ്ങനാശേരിയിൽ നിലയുറപ്പിച്ചിട്ടുണ്ട്. എന്നാൽ സി എഫ് തോമസിന്റെ ചങ്ങനാശേരിയിൽ താല്പര്യംപ്രകടിപ്പിച്ച് ജോസഫ് വിഭാഗത്തിൽ നാലുനേതാക്കളുണ്ട്. സീറ്റിനും സ്വാധീനമുള്ള മണ്ഡലത്തിനും നേതാക്കൾ തമ്മിൽ പിടിവലിയും സജീവമാണ്.
ജോണി നെല്ലൂരിനും ജോസഫ് എം പുതുശ്ശേരിക്കും ജോയ് ഏബ്രഹാമിനുമെല്ലാം സീറ്റുകൾ കണ്ടുപിടിക്കേണ്ടതുണ്ട്. മൂവാറ്റുപുഴയിൽ മത്സരിക്കാൻ ജോസഫ് വാഴയ്ക്കൻ, ജോണിനെല്ലൂർ, ഫ്രാൻസിസ് ജോർജ് തുടങ്ങിയവർ കരുക്കൾ നീക്കുന്നു. മൂവാറ്റുപുഴ ഫ്രാൻസിസ് ജോർജിന് ലഭിച്ചില്ലെങ്കിൽ ഇടുക്കിയിൽ ഒരുതവണകൂടി പരീക്ഷണം നടത്തിയേക്കും. ഇതിനിടെ ജോസഫ് നേരത്തെ ആവശ്യപ്പെട്ടിരുന്ന തളിപ്പറമ്പും ആലത്തൂരും വിട്ടുനൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്.
മലബാറിലെ വിജയപ്രതീക്ഷ കുറഞ്ഞ സീറ്റുകൾ കോട്ടയത്തിന് പകരംവിട്ടുനൽകാനാണ് നീക്കം. നേതാക്കളുടെ തള്ളലുള്ളതിനാൽ മകൻ അപുവിനെ ഇത്തവണ കളത്തിലിറക്കേണ്ടെന്ന തീരുമാനത്തിലാണ് പി ജെ ജോസഫ്.
ഈ മാസംതന്നെ പാർടിയിൽ പുനഃസംഘടന ഉണ്ടായേക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..