കൊച്ചി: വീഡിയോ കോളിംഗ്, കേരളത്തിലെ പുരുഷന്‍മാര്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്. മൊബൈല്‍ ഫോണില്‍ വിഡിയോ കോളിലെത്തി നഗ്നത പ്രദര്‍ശിപ്പിച്ച് പുരുഷന്‍മാരെ കുരുക്കി പണം തട്ടുന്ന സംഘം സംസ്ഥാനത്ത് വ്യാപകമായി വിലസുന്നുവെന്ന മുന്നറിയിപ്പുമായി പൊലീസ്. ഇത്തരക്കാരെ കരുതിയിരിക്കണം എന്നാണ് കേരള പൊലീസിന്റെ നിര്‍ദേശം.
Read Also : അലി അക്ബറിൻ്റെ സിനിമ വിലക്കിയാൽ ആഷിക്ക് അബുവിന്റെ സിനിമയും തിയേറ്റർ കാണില്ല ; സന്ദീപ് വാര്യർ
ഒരു ഹായില്‍ തുടങ്ങുന്ന അപരിചിതയായ യുവതിയുടെ സംഭാഷണം ലൈംഗികച്ചുവയിലേക്കും പിന്നീടു ലൈവ് വിഡിയോ സെക്സിനു ക്ഷണിക്കുന്നതിലേക്കും എത്തുന്നതാണു പതിവ്. തന്റെ നഗ്നതയ്ക്കൊപ്പം പുരുഷന്റെ മുഖം വ്യക്തമാകുന്ന ദൃശ്യം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ സ്വഭാവം മാറും. ഇതോടെ സംസാരിക്കാനെത്തുന്നത് പുരുഷന്‍മാരായിരിക്കും. വാട്സാപ്പിലും ഫെയ്സ്ബുക് മെസഞ്ചറിലും ഭീഷണിയുടെ സന്ദേശങ്ങളെത്തുന്നതാണ് അടുത്ത പടി. അതിനോട് അനുകൂലമായി പ്രതികരിക്കുന്നവരാണു ശരിക്കും കെണിയില്‍ അകപ്പെടുക. ഒരു തവണ പണം ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ അതുകൂടി പറഞ്ഞായിരിക്കും ഭീഷണി.
സമാനമായ പരാതി കഴിഞ്ഞ ദിവസം എറണാകുളം കടവന്ത്ര പൊലീസിനു ലഭിച്ചിരുന്നു. വലയിലായത് കൊച്ചിയിലെ അറിയപ്പെടുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ജീവനക്കാരന്‍. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടാനെത്തിയ ഇതര സംസ്ഥാനക്കാരിയോടു കൂട്ടുകൂടാന്‍ പോയതാണു പണിയായത്. ഭാര്യയും മക്കളും ഇരിക്കുമ്പോഴാണു ഭീഷണിയുടെ വിളിയെത്തുന്നത്. ഒപ്പം ഒരു സ്‌ക്രീന്‍ഷോട്ടും.
യുവതിയുടെ നഗ്ന ശരീരം ആസ്വദിക്കുന്ന തന്റെ മഖം കണ്ട് ഭയന്നെന്നു മാത്രമല്ല, ഇത് എങ്ങനെ സെറ്റിലാക്കുമെന്ന ആശങ്കയുമായി. തന്റെ ഫെയ്സ്ബുക്കിലെ സുഹൃത്തുക്കള്‍ക്കും ഭാര്യയ്ക്കുമെല്ലാം ഇത് അയച്ചു നല്‍കുമെന്നാണു ഭീഷണി. ഇങ്ങനെ ചെയ്യാതിരിക്കാന്‍ ചോദിച്ചതു ചെറിയൊരു തുകമാത്രം. പണം കൊടുത്തിട്ടായാലും എങ്ങനെയെങ്കിലും ഒഴിഞ്ഞുപോകെട്ടെയെന്നായി ചിന്ത.
ഇതോടെ ഫോണ്‍പേയില്‍ പണം അയയ്ക്കാന്‍ ആവശ്യപ്പെട്ടു മറ്റൊരു നമ്പരും വന്നു. തല്‍ക്കാലം പണം അയച്ചു കൊടുത്തു. പക്ഷേ, അതുകൊണ്ടും ഒഴിഞ്ഞു പോയില്ലെന്നു മാത്രമല്ല, ഭീഷണിയും പണം ആവശ്യപ്പെട്ടുള്ള വിളിയും തുടര്‍ന്നു.
തട്ടിപ്പു സംഘത്തിനും പേടിയുള്ളതിനാല്‍ പരാതി നല്‍കുമെന്നു തോന്നിയാല്‍ അടുത്ത ആളെ തിരഞ്ഞു പോകുന്നതാണ് പതിവ്. സമൂഹമാധ്യമങ്ങളില്‍ അപരിചിതരുമായി കൂട്ടുകൂടാതിരിക്കുക എന്നതാണു തട്ടിപ്പില്‍ പെടാതിരിക്കാനുള്ള ആദ്യ വഴി. ഫെയ്സ്ബുക്കില്‍ മൊബൈല്‍ നമ്പര്‍ പബ്ലിക്കാക്കി ഇടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇവിടെ നിന്നായിരിക്കും മിക്കപ്പോഴും തട്ടിപ്പു സംഘങ്ങള്‍ ഫോണ്‍ നമ്പരുകള്‍ എടുത്തിട്ടുണ്ടാകുക.
സഹായിക്കുമെന്ന് ഉറപ്പുള്ള ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളോടു സംഭവം പറഞ്ഞാല്‍ മാനസിക പിന്തുണ അവരില്‍നിന്നു ലഭിക്കും. തല്‍ക്കാലത്തേക്കു ഫെയ്സ്ബുക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കാം. സൈബര്‍ സെല്ലിലോ സൈബര്‍ പൊലീസിലോ പരാതിപ്പെടുക. ഒരു കാരണവശാലം ഇത്തരക്കാര്‍ക്കു പണം കൊടുക്കാതിരിക്കുക. മനോധൈര്യം കൈവിടാതിരിക്കുകയാണ് പ്രധാനപ്പെട്ട കാര്യമെന്ന് ഫീസ്റ്റോ പറയുന്നു.
Post Your Comments