ചെന്നൈ
കോവിഡ് ഭീതിയെ മറികടക്കാൻ കായികലോകം ഒരുങ്ങുന്നു. ഇന്ത്യയിലും സ്‌റ്റേഡിയങ്ങൾ പതുക്കെ നിറയാനൊരുങ്ങുകയാണ്. ഇന്ത്യ–-ഇംഗ്ലണ്ട് പരമ്പരയിൽ കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനമായി. രണ്ടാം ടെസ്റ്റിൽ സ്‌റ്റേഡിയത്തിൽ 50 ശതമാനം ആളുകളെ കളി കാണാൻ അനുവദിക്കും.
ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് ഇന്ത്യ–-ഇംഗ്ലണ്ട് ആദ്യ രണ്ട് ടെസ്റ്റും. വെള്ളിയാഴ്‌ച ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കും. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനുമായുള്ള കൂടിയാലോചനകൾക്കുശേഷം ബിസിസിഐയാണ് അന്തിമതീരുമാനമെടുത്തത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഒരുവർഷത്തോളമായി ഇന്ത്യയിൽ കാണികൾക്ക് വിലക്കാണ്.
സംസ്ഥാന സർക്കാർ അനുമതി നൽകിയതിനുപിന്നാലെയാണ് തമിഴ്‌നാട് അസോസിയേഷനും ബിസിസിഐയും സ്‌റ്റേഡിയത്തിൽ പകുതിയാളുകളെ പ്രവേശിപ്പിക്കാനുള്ള നീക്കമാരംഭിച്ചത്. ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനുള്ള സമയമില്ലാത്തതിനാലാണ് ഒന്നാം ടെസ്റ്റിൽ കാണികളെ പ്രവേശിപ്പിക്കാത്തത്. 13നാണ് രണ്ടാം ടെസ്റ്റ്. ‘കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കാണികളെ എത്തിക്കുക. ഇരിപ്പിടങ്ങൾ പ്രത്യേകമായി അകലം പാലിച്ച് തയ്യാറാക്കും’–- തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ആർ എസ് രാമസ്വാമി പറഞ്ഞു.
ബിസിസിഐയുടെയും രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെയും നിർദേശങ്ങൾ അനുസരിച്ചാകും മറ്റു മാനദണ്ഡങ്ങൾ. പരമ്പരയിൽ മുഴുവൻ ഇത്തരത്തിൽ കാണികളെ പ്രവേശിപ്പിക്കാനാണ് നീക്കം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..