02 February Tuesday

പത്രിക ഓണ്‍ലൈനില്‍ നല്‍കാം; 80 കഴിഞ്ഞവര്‍ക്ക് തപാല്‍വോട്ട്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 2, 2021

തിരുവനന്തപുരം > നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാം. സ്ഥാനാര്‍ഥി കെട്ടിവയ്ക്കേണ്ട തുകയും ഓണ്‍ലൈനായി അടയ്ക്കാം. ഓണ്‍ലൈനില്‍ സമര്‍പ്പിച്ചതിന്റെ രേഖ ഡൗണ്‍ലോഡ് ചെയ്ത് വരണാധികാരിക്ക് എത്തിക്കണം. കോവിഡ് രോഗികള്‍ക്കു പുറമേ 80 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തപാല്‍വോട്ട് അനുവദിക്കും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ രാഷ്ട്രീയകക്ഷി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായ നടപടികള്‍ വിശദീകരിച്ചത്.

പത്രിക സമര്‍പ്പിക്കാനെത്തുമ്പോള്‍ സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. വാഹനജാഥയ്ക്ക് പരമാവധി അഞ്ചു വാഹനം. ഒരെണ്ണം പൂര്‍ത്തിയായി അരമണിക്കൂറിന് ശേഷമേ മറ്റൊരു ജാഥ അനുവദിക്കൂ. കോവിഡ് ബാധിതര്‍ക്ക് തപാല്‍ ബാലറ്റ് നേരിട്ട് എത്തിക്കാന്‍ ജില്ലാതലത്തില്‍ പ്രത്യേക ടീം രൂപീകരിക്കും. തപാല്‍വോട്ട് ആഗ്രഹിക്കുന്നവര്‍ 12-ഡി ഫോറത്തില്‍ വരണാധികാരിക്ക് അപേക്ഷ നല്‍കണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതിമുതല്‍ വിജ്ഞാപനം വന്ന് അഞ്ചുദിവസംവരെ അപേക്ഷിക്കാം. തപാല്‍വോട്ട് അനുവദിക്കുന്നവരുടെ പ്രത്യേക പട്ടിക ബൂത്തടിസ്ഥാനത്തില്‍ വരണാധികാരി തയ്യാറാക്കും. രണ്ടു പോളിങ് ഓഫീസര്‍മാര്‍, പൊലീസ്, വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം ബാലറ്റ് വീടുകളിലെത്തിക്കും.

നാമനിര്‍ദേശപത്രികയ്ക്കൊപ്പം കുറ്റകൃത്യങ്ങളുടെയും കേസുകളുടെയും വിവരങ്ങളും സമര്‍പ്പിക്കണം. ഇക്കാര്യങ്ങള്‍ മൂന്നുതവണ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തണം. കേസുകളുള്ള സ്ഥാനാര്‍ഥികളാണെങ്കില്‍ മറ്റ് സ്ഥാനാര്‍ഥിയെ കണ്ടുപിടിക്കാനാകാത്തതിന്റെ വിശദീകരണവും പത്രികയ്ക്കൊപ്പം രാഷ്ട്രീയകക്ഷികള്‍ നല്‍കണം. കൊട്ടിക്കലാശം ഒഴിവാക്കുന്നത് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം രേഖാമൂലം രാഷ്ട്രീയപാര്‍ടികള്‍ അഭിപ്രായം അറിയിക്കണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top