01 February Monday
സിദ്ധാർഥ്‌ വരദരാജനും കേസ്‌

സിൻഘു അക്രമം റിപ്പോർട്ട്‌ ചെയ്‌ത മാധ്യമപ്രവർത്തകൻ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 1, 2021


ന്യൂഡൽഹി
സിൻഘു അതിർത്തിയിൽ കർഷകരെ കയ്യേറ്റം ചെയ്‌ത ബിജെപിക്കാരെ വെളിച്ചത്തുകൊണ്ടുവരാൻ ശ്രമിച്ച മാധ്യമപ്രവർത്തകനെ ഡൽഹി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.  കാരവൻ മാസികയിലെ സ്വതന്ത്ര മാധ്യമപ്രവർത്തകൻ മൻദീപ്‌ പുണിയയെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ശനിയാഴ്‌ച രാത്രി 7.30 ഓടെയാണ്‌ മൻദീപ്‌ പുണിയയെയും ഓൺലൈൻ ന്യൂസ്‌ ഇന്ത്യയിലെ മാധ്യമപ്രവർത്തകൻ ധർമേന്ദ്രസിങ്ങിനെയും പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തത്‌. കർഷകരെ ഒഴിപ്പിക്കാൻ ‘നാട്ടുകാർ’ എന്ന വ്യാജേന  എത്തിയ ചില ബിജെപി പ്രവർത്തകരുടെ ദൃശ്യങ്ങൾ പകർത്താനുള്ള ശ്രമത്തിനിടെയാണ്‌ ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്‌. പൊലീസുകാരോട്‌ അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോപണം. ധർമേന്ദ്രസിങ്ങിനെ പിന്നീട്‌ വിട്ടയച്ചെങ്കിലും മൻദീപിനെ സമയ്‌പുർബദ്‌ലി സ്‌റ്റേഷനിലേക്ക്‌ മാറ്റി.

പൊലീസുകാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തലടക്കമുള്ള വകുപ്പുകൾ ചുമത്തി ഞായറാഴ്‌ച്ച തിഹാർ കോടതി സമുച്ചയത്തിലെ മജിസ്‌ട്രേട്ട്‌‌ മുമ്പാകെ ഹാജരാക്കി.  ജാമ്യാപേക്ഷ തള്ളിയതിനാൽ‌ മൻദീപിനെ ജയിലിലേക്ക്‌ മാറ്റി. കസ്‌റ്റഡിയിൽ എടുക്കുന്നതിന്‌ തൊട്ടുമുമ്പും സിൻഘുവിൽ കഴിഞ്ഞദിവസം നടന്ന സംഘർഷത്തെ കുറിച്ചും റിപബ്ലിക്ക്‌ദിനത്തിലെ അക്രമസംഭവങ്ങളെ കുറിച്ചുമുള്ള സ്വന്തം റിപ്പോർട്ടുകൾ മൻദീപ്‌ സമൂഹമാധ്യമങ്ങളിൽ പങ്ക്‌ വച്ചിരുന്നു.

കർഷകപ്രക്ഷോഭത്തിന്റെ സത്യസന്ധമായ വാർത്തകൾ ജനങ്ങളിലേക്ക്‌ എത്തിക്കാൻ ശ്രമിക്കുന്ന മാധ്യമപ്രവർത്തകരെ പൊലീസ്‌ ജയിലിൽ അടയ്‌ക്കുകയാണെന്ന ആക്ഷേപം ശക്തമായി‌. നേരത്തെ റിപബ്ലിക്ക്‌ദിനത്തിലുണ്ടായ അക്രമസംഭവങ്ങളെ കുറിച്ച്‌ പോസ്‌റ്റ്‌ ചെയ്‌ത ട്വീറ്റുകളുടെ പേരിൽ പ്രമുഖ മാധ്യമപ്രവർത്തകരായ രാജ്‌ദീപ്‌സർദേശായി, മൃണാൽപാണ്ഡെ, വിനോദ്‌ കെ ജോസ്‌ തുടങ്ങിയവർക്ക്‌ എതിരെ  കേസെടുത്തിരുന്നു.

സിദ്ധാർഥ്‌ വരദരാജനും കേസ്‌
റിപ്പബ്ലിക്‌ ദിനത്തിലെ കർഷകപരേഡിനിടെ ട്രാക്ടർ മറിഞ്ഞ്‌ മരിച്ച യുവാവിന്റെ മരണത്തെക്കുറിച്ചുള്ള വാർത്ത ട്വീറ്റ്‌ ചെയ്‌തതിന്‌ ‘ദി വയർ’ പോർട്ടലിന്റെ സ്ഥാപക എഡിറ്റർ സിദ്ധാർഥ്‌ വരദരാജന്‌ എതിരെ ഉത്തർപ്രദേശ്‌ പൊലീസ്‌ കേസെടുത്തു. മരിച്ച കർഷകന്റെ കുടുംബാംഗങ്ങളുടെ ആരോപണങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ടാണ്‌ സിദ്ധാർഥ്‌ വരദരാജൻ ട്വീറ്റ്‌ ചെയ്‌തത്‌. 

ഐടിഒയിൽ നിരത്തിയിരുന്ന ബാരിക്കേഡുകളിൽ തട്ടി ട്രാക്ടർ മറിഞ്ഞാണ്‌ നവ്‌രീത്‌സിങ്‌ മരിച്ചതെന്നാണ്‌ പൊലീസ്‌ വിശദീകരണം. എന്നാൽ, പൊലീസ്‌ വാദം തെറ്റാണെന്ന്‌ ആരോപിച്ച്‌ യുവാവിന്റെ കുടുംബം രംഗത്തെത്തി. പൊലീസിന്റെ അവകാശവാദം ശരിയല്ലെന്നും മരണത്തിൽ അന്വേഷണം വേണമെന്നും മുത്തച്ഛൻ ഹർദീപ്‌സിങ്‌ ദിബ്‌ഡിബ ആവശ്യപ്പെട്ടു. കുടുംബാംഗങ്ങളുടെ ആരോപണങ്ങൾ ഉൾക്കൊള്ളിച്ച്‌ ‘ദി വയർ’ 30ന്‌ വാർത്ത നൽകി. ഈ വാർത്തയുടെ ലിങ്കാണ്‌ സിദ്ധാർഥ്‌ വരദരാജൻ ട്വിറ്ററിൽ പങ്കിട്ടത്‌. നേരത്തെ ഇതേ മരണത്തെക്കുറിച്ചുള്ള ട്വീറ്റുകളുടെ പേരിൽ രാജ്‌ദീപ്‌ സർദേശായി ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമപ്രവർത്തകർക്ക്‌ എതിരെയും ശശി തരൂർ എംപിക്ക്‌ എതിരെയും വിവിധ സംസ്ഥാനങ്ങളിൽ കേസെടുത്തിരുന്നു.

മാധ്യമപ്രവർത്തകനെ  ഉടൻ വിട്ടയക്കണം
സിൻഘു അതിർത്തിയിൽ മാധ്യമപ്രവർത്തകർക്കു‌നേരെ ഡൽഹി പൊലീസിന്റെ  ഭാഗത്തുനിന്നുണ്ടായ നിഷ്‌ഠുര നടപടിയിൽ ഇന്ത്യൻ വുമെൻസ്‌ പ്രസ്‌കോർപ്‌സും പ്രസ്‌അസോസിയേഷനും പ്രസ്‌ ക്ലബ്‌ ഓഫ്‌  ഇന്ത്യയും കടുത്തപ്രതിഷേധം  രേഖപ്പെടുത്തി. സ്വതന്ത്ര മാധ്യമപ്രവർത്തകൻ മൻദീപ്‌ പുണിയ, ഓൺലൈൻ ന്യൂസ്‌  ഇന്ത്യയിലെ ധർമേന്ദർസിങ്‌ എന്നിവരെ ശനിയാഴ്‌ച വൈകിട്ടാണ്‌ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. ഇരുവർക്കും എതിരെ പൊലീസ്‌ നിഷ്‌ഠുരമായ രീതിയിൽ ബലംപ്രയോഗിച്ചു. ധർമേന്ദ്രസിങ്ങിനെ പൊലീസ്‌ വെറുതെവിട്ടെങ്കിലും മൻദീപ്‌ ഇപ്പോഴും കസ്‌റ്റഡിയിലാണ്‌. മൻദീപ്‌ എവിടെയാണെന്നതിന്റെ വിവരങ്ങൾ സഹപ്രവർത്തകർക്ക്‌ കൈമാറാൻ പോലും പൊലീസ്‌ തയ്യാറായില്ല. ഞായറാഴ്ചയാണ്‌ അദ്ദേഹത്തിന്‌ എതിരായ കുറ്റപത്രം ലഭിച്ചത്‌. നാല്‌ വകുപ്പ്‌ പൊലീസ്‌ ചുമത്തി.

കർഷകപ്രക്ഷോഭം തുടക്കംമുതൽ സത്യസന്ധമായി റിപ്പോർട്ട്‌ ചെയ്യുന്ന മാധ്യമപ്രവർത്തകനാണ്‌ മൻദീപ്‌. അദ്ദേഹത്തിന്‌ എതിരായ കേസ്‌ സ്വതന്ത്രമായ രീതിയിൽ സത്യസന്ധമായ വാർത്തകൾ ജനങ്ങളിലേക്ക്‌ എത്തിക്കാൻ ശ്രമിക്കുന്ന മാധ്യമപ്രവർത്തകരെ അടിച്ചമർത്താനുള്ള സർക്കാർ നയത്തിന്റെ പ്രതിഫലനമാണ്‌. മൻദീപിന്‌ എതിരായ കേസ്‌ റദ്ദാക്കി അദ്ദേഹത്തെ ഉടനടി മോചിപ്പിക്കാൻ സർക്കാരും പൊലീസും തയ്യാറാകണമെന്നും വുമെൻസ്‌ പ്രസ്‌കോർപ്‌സും പ്രസ്‌ക്ലബ്‌ ഓഫ്‌ ഇന്ത്യയും പ്രസ്‌ അസോസിയേഷനും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top