മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ ഹൈന്ദവ വർഗീയഭ്രാന്തനായ കൊലയാളി നാഥുറാം വിനായക് ഗോഡ്‌സെയെക്കുറിച്ച് പരാമർശിക്കാതെ കോൺഗ്രസ് നേതാക്കൾ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെല്ലാം ഗാന്ധിയെ സ്‌മരിച്ചെഴുതിയ കുറിപ്പുകളിൽനിന്ന് ഗോഡ്‌സെയെയും ഹൈന്ദവ വർഗീയതയേയും ഒരേപോലെ ഒഴിവാക്കിയ ‘ജാഗ്രത’യാണ് ചർച്ചയാകുന്നത്. ഗോഡ്‌സെയുടെ പേര് വ്യക്തമാക്കി സിപിഐ എം നേതാക്കൾ ഗാന്ധിസ്‌മൃതി നടത്തിയ വേളയിലാണ് കോൺഗ്രസ് നേതാക്കളുടെ ‘മറവി’യുടെയും തമസ്‌കരണത്തിന്റെയും രാഷ്ട്രീയപ്രാധാന്യം.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വം കാട്ടിയ ‘ജാഗ്രത’ക്ക് വലിയ രാഷ്ട്രീയ മാനമുണ്ട്. രക്തസാക്ഷിദിനമായ ശനിയാഴ്‌ച ഫേസ്‌ബുക്ക് പോസ്‌റ്റിനൊപ്പം പ്രസംഗങ്ങളിലും കോൺഗ്രസ് നേതാക്കൾ ഗോഡ്‌സെയെക്കുറിച്ച് മിണ്ടിയില്ല. സിപിഐ എം സംസ്ഥാന നേതൃത്വത്തെയും സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവനെയും സംഘപരിവാറുകാരെന്ന് നിരന്തരം ആക്ഷേപിച്ച് കോൺഗ്രസ്–-യുഡിഎഫ് നേതാക്കൾ സംഘടിതമായി പ്രചാരണം നടത്തുന്നതിനിടയിലാണ് ആർഎസ്എസിനോടും ഹൈന്ദവ മതഭീകരതയോടുമുള്ള മൃദുസമീപനമെന്നതും ശ്രദ്ധേയം.
കോൺഗ്രസ് നേതാക്കൾക്ക് സമാനമായി ഗോഡ്സെയെക്കുറിച്ച് മൗനംപാലിച്ചത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കുമ്മനം രാജശേഖരനും മാത്രമാണ്. പി കെ കുഞ്ഞാലിക്കുട്ടി എംപിയാകട്ടെ ഗാന്ധിജിയെയോ രക്തസാക്ഷിദിനമോ ഓർത്തിട്ടേയില്ല. മുഖ്യമന്ത്രി പിണറായി വിജയനും എ വിജയരാഘവനും ഗോഡ്‌സെയെ പേരെടുത്ത് പറഞ്ഞിട്ടുണ്ട്. ഗോഡ്‌സെ എന്ന വർഗീയഭ്രാന്തൻ ഗാന്ധിയെ വെടിവെച്ചുകൊന്ന ദിവസം ഇന്ത്യയുടെ ഹൃദയത്തിലേറ്റ മുറിവ് ഓർമപ്പെടുത്തുന്ന ദിനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
ഗോഡ്‌സെ എന്ന മതഭ്രാന്തനെക്കുറിച്ചും ഇന്നും കലാപങ്ങൾ സൃഷ്‌ടിക്കാൻ അത്തരം ശക്തികൾ ശ്രമിക്കുന്നതും വിജയരാഘവനും സൂചിപ്പിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..