കൊച്ചി ആദ്യപടിയായി അഴിമതിപ്പാലം നിർമിച്ച ആർഡിഎസ് പ്രോജക്ട്സിനോട് പുനർനിർമാണത്തിന് ചെലവായ 24.52 കോടി ആവശ്യപ്പെട്ടു. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ ഓഫ് കേരള (ആർബിഡിസികെ)യാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്, ആര്‍ഡിഎസ് പ്രോജക്ട്സ് എംഡി സുമിത് ഗോയൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അഴിമതി.
യുഡിഎഫ് സർക്കാർ നിർമാണം പൂർത്തിയാക്കിയ പാലാരിവട്ടംപാലം 2016 ഒക്‌ടോബറിലാണ് തുറന്നത്. 42 കോടി ചെലവിട്ട് നിർമിച്ച പാലം മൂന്നുവർഷത്തിനുള്ളിൽ അടയ്‌ക്കേണ്ടി വന്നു. തുടർന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ആര്‍ഡിഎസ് പ്രോജക്ട്സ് എംഡി സുമിത് ഗോയൽ, മന്ത്രി ഇബ്രാഹിംകുഞ്ഞ് എന്നിവർ അഴിമതി നടത്തിയതായി തെളിഞ്ഞു. നിയമങ്ങളും വ്യവസ്ഥകളും കാറ്റിൽപറത്തി മുൻകൂർ പണം നൽകാൻ മന്ത്രിതന്നെ ഉത്തരവിട്ടതായും കണ്ടെത്തി. ആവശ്യമായ അളവിൽ കമ്പിയും സിമന്റും ഉപയോഗിക്കാതെയായിരുന്നു നിർമാണം. തകരാറില്ലാതെ പാലം നിർമിക്കണമെന്ന കരാർ നിബന്ധന ആർഡിഎസ് ലംഘിച്ചതായി ആർബിഡിസികെ നോട്ടീസിൽ ചൂണ്ടിക്കാട്ടി.
കരാർലംഘനം സർക്കാരിനും ആർബിഡിസികെക്കും ജനങ്ങൾക്കും വലിയ നഷ്ടമുണ്ടാക്കി. വ്യവസ്ഥപ്രകാരം പാലം പുതുക്കിപ്പണിയാനുള്ള ചെലവ് നൽകാൻ കരാർ കമ്പനിക്ക് ബാധ്യതയുണ്ട്. പാലം പുതുക്കിപ്പണിയാൻ സർക്കാർ അനുവദിച്ച 22.68 കോടി, പുനർനിർമാണ നടപടികൾക്ക് ചെലവായ 1.13 കോടി, പാലത്തിന്റെ തകർച്ചയെ സംബന്ധിച്ച് മദ്രാസ് ഐഐടിയുടെ പഠനത്തിന് ചെലവായ 70 ലക്ഷം എന്നിവയടക്കമാണ് 24.52 കോടി രൂപ ആവശ്യപ്പെട്ടത്. പുനർനിർമാണത്തിന് അധികതുക വേണ്ടിവന്നാൽ അതും നൽകണമെന്ന് നോട്ടീസിലുണ്ട്.
പാലത്തിന് ബലക്ഷയമില്ലെന്നും സ്വന്തം ചെലവിൽ അറ്റകുറ്റപ്പണി നടത്താമെന്നും ആർഡിഎസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സർക്കാർ പാലം പൊളിച്ചുപണിയാൻ ഉത്തരവു നേടി. കഴിഞ്ഞ സെപ്‌തംബർ അവസാനം പൊളിച്ചുപണി ആരംഭിച്ചു. മാർച്ചിൽ പാലം പൂർത്തിയാക്കുമെന്ന് നിർമാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അറിയിച്ചിട്ടുണ്ട്. നാലുമാസത്തിനുള്ളിൽ 70 ശതമാനം പണി പൂർത്തിയാക്കി, മാർച്ച് അവസാനത്തോടെ ടാറിങ് ഉൾപ്പെടെ കഴിഞ്ഞശേഷം തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..