ഐക്യരാഷ്ട്ര കേന്ദ്രം
അഗസ്‌റ്റ വെസ്‌റ്റ്‌ലാൻഡ് ഹെലികോപ്‌ടർ അഴിമതിക്കേസ് പ്രതി ബ്രിട്ടീഷ് പൗരൻ ക്രിസ്‌റ്റ്യൻ മിഷേലിനെ വിട്ടയക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാൻ യുഎൻ. 2018 ഡിസംബർമുതൽ തിഹാർ ജയിലിൽ വിചാരണത്തടവുകാരനാണ് മിഷേൽ. മനുഷ്യാവകാശ പ്രവർത്തകൻ റ്റോബി കാഡ്‌മാനാണ് മിഷേലിനുവേണ്ടി അന്യായ തടങ്കലിനെതിരായ യുഎൻ പ്രവർത്തക സമിതിക്കും ജയിൽ പീഡനങ്ങൾ പരിഗണിക്കുന്ന സംവിധാനത്തിനും പരാതി നൽകിയത്.
യുഎഇയിൽനിന്ന് മിഷേലിനെ 2018ൽ കേന്ദ്രസർക്കാരിന്റെ ആവശ്യപ്രകാരം ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. ദുബായിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയ യുഎഇ പ്രധാനമന്ത്രിയുടെ മകൾ ഷെയ്‌ഖ ലത്തീഫ രാജകുമാരിയെ വിട്ടുകൊടുത്തതിന് പകരമായാണ് മിഷേലിനെ കൈമാറിയത്. ഇത്തരം കൈമാറ്റംതന്നെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. കോൺഗ്രസിനെ താറടിക്കാനുള്ള ബിജെപി സർക്കാരിന്റെ രാഷ്ട്രീയ പ്രേരിത നീക്കത്തിന്റെ ഇരയാണ് മിഷേലെന്നും കാഡ്‌മാൻ വാദിച്ചു.
ഇന്ത്യയിലെത്തി ആദ്യ രണ്ടാഴ്ച ദിവസേന 14 മണിക്കൂർ ചോദ്യം ചെയ്തെന്നും ഉറങ്ങാൻ സമ്മതിച്ചില്ലെന്നും വ്യാജ കുറ്റസമ്മതത്തിൽ ഒപ്പിടാൻ വിസമ്മതിച്ചപ്പോൾ പീഡിപ്പിച്ചതായും പരാതിയിൽ പറഞ്ഞു.
12 വിവിഐപി ഹെലികോപ്‌ടറുകളുടെ കരാർ ലഭിക്കാൻ അഗസ്റ്റ വെസ്‌റ്റ്‌ലാന്‍ഡ്, മാതൃകമ്പനിയായ ഫിന്‍മെക്കാനിക്ക എന്നിവയുടെ ഇടനിലക്കാരനായി പ്രവർത്തിച്ചു എന്നും കരാർ അനുകൂലമാക്കാൻ കൈക്കൂലി നൽകിയെന്നുമാണ് മിഷേലിനെതിരായ കുറ്റം. 3600 കോടി രൂപയുടെ കുംഭകോണമാണ് നടന്നതെന്നാണ് ആരോപണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..