നിലമ്പൂരിന് പിന്നാലെ വയനാട്ടിലും പ്രളയബാധിതർക്കുള്ള രാഹുൽഗാന്ധിയുടെ കിറ്റ് പൂഴ്‌ത്തിവച്ചു. ഇവ വിതരണം ചെയ്യാതെ നശിപ്പിക്കുകയും ചെയ്‌തു. നേതാക്കൾ കിറ്റ് കടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തായി. രണ്ട് വർഷത്തോളമായി നേതാക്കൾ കിറ്റ് പൂഴ്‌ത്തിവച്ചതായിരുന്നു. സാധനങ്ങൾ മറിച്ചുവിറ്റതായും ആരോപണമുണ്ട്. കൽപ്പറ്റ നഗരമധ്യത്തിലെ കെട്ടിട മുറിയിലാണ് സാധനങ്ങൾ സൂക്ഷിച്ചത്. കെട്ടിട ഉടമ ഇത് മാറ്റാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തായത്. ശനിയാഴ്‌ച രാത്രി ഗുഡ്‌സ് ലോറിയിൽ കോൺഗ്രസ് മണ്ഡലം ഭാരവാഹിയുടെ നേതൃത്വത്തിൽ സാധനങ്ങൾ കടത്തിക്കൊണ്ടുപോയി. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഭക്ഷ്യവസ്‌തുക്കൾ, വസ്‌ത്രങ്ങൾ, പുതപ്പുകൾ, പാത്രങ്ങൾ തുടങ്ങിയവയാണുണ്ടായിരുന്നത്.
2019ലെ പ്രളയബാധിതർക്കായാണ് രാഹുലിന്റെ നേതൃത്വത്തിൽ കിറ്റ് സമാഹരിച്ചത്. വിതരണവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കങ്ങളുണ്ടായിരുന്നു. വിതരണത്തിന്റെ ഫോട്ടോ എടുത്ത് വലിയ പ്രചാരണമാണ് മാധ്യമങ്ങളിലൂടെ നടത്തിയത്. മറ്റുള്ള ആർക്കും ലഭിക്കാത്ത പ്രാധാന്യം മാധ്യമങ്ങളും രാഹുലിന്റെ കിറ്റ് വിതരണത്തിന് നൽകി. എന്നാൽ, കിറ്റ് നൽകിയെന്ന് വരുത്തിത്തീർക്കുക മാത്രമാണ് കോൺഗ്രസ് നേതാക്കൾ ചെയ്‌തത്.
മറിച്ചുവിൽക്കാനും സ്വന്തക്കാർക്ക് നൽകാനുമാണ് കിറ്റുകൾ പൂഴ്‌ത്തിവച്ചതെന്നാണ് കോൺഗ്രസുകാരുടെതന്നെ ആരോപണം. ഇടക്ക് നേതാക്കൾ സാധനങ്ങൾ എടുത്തുകൊണ്ടുപോയിരുന്നതായി കെട്ടിടനടത്തിപ്പുകാരനും പറഞ്ഞു.
കെപിസിസി ഭാരവാഹിക്കായിരുന്നു വിതരണ ചുമതല. സംഭവം പരിശോധിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്‌ണൻ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..