01 February Monday

എംഡിഎംഎയുമായി അസം സ്വദേശി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 1, 2021


വണ്ടൂർ
അന്താരാഷ്ട്ര വിപണിയിൽ വൻ വിലമതിക്കുന്ന എംഡിഎംഎ എന്ന മയക്കുമരുന്നുമായി അസം സ്വദേശി കാളികാവ് എക്സൈസിന്റെ പിടിയിലായി. നൗഗൗവു ജില്ലക്കാരനായ ഷാജഹാൻ അലിയെ (35) വാണിയമ്പലം റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ചാണ് അറസ്റ്റുചെയ്തത്. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന സജീവമാണെന്ന പരാതിയെ തുടർന്ന് നടന്ന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. സംശയം തോന്നിയ എക്സൈസ് ഇയാളെ പരിശോധിച്ചപ്പോഴാണ് ബാഗിൽനിന്ന് ഒരു ഗ്രാം വീതമുള്ള 85 കുപ്പികളിലാക്കിയ എംഡിഎംഎ  കണ്ടെത്തിയത്. ഒരു ഗ്രാമിന് ഹോൾസെയിൽ വില 2000 രൂപയും ചില്ലറ വിൽപ്പന 4000 രൂപയുമാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഇയാളിൽനിന്ന് രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

മഞ്ചേരി ആനക്കയത്തെ ഒരു സ്വകാര്യ പശു ഫാമിൽ മേൽനോട്ടക്കാരനായി ജോലിയെടുക്കുന്നയാളാണ് ഷാജഹാൻ അലി. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് അറിയിച്ചു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കാളികാവ് എക്സൈസ് ഇൻസ്പെക്ടർ എം ഒ വിനോദ്, പ്രിവന്റീവ് ഓഫീസർമാരായ ആർ പി സുരേഷ് ബാബു, പി ഷിബു, അശോക്, എ കെ നിമിഷ, എക്സൈസ് ഓഫീസർമാരായ വി ലിജിൻ, കെ എസ് അരുൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top