02 February Tuesday

വോട്ടില്‍ കണ്ണുനട്ട്‌ റോഡും മെട്രോയും ; നിയമസഭാ തെരഞ്ഞെടുപ്പ്‌ വരാനിരിക്കുന്ന സംസ്ഥാനങ്ങൾക്കുമാത്രമായി പേരെടുത്തുപറഞ്ഞ്‌ ചില പ്രഖ്യാപനങ്ങൾ

എം പ്രശാന്ത്‌Updated: Monday Feb 1, 2021


ന്യൂഡൽഹി
നിയമസഭാ തെരഞ്ഞെടുപ്പ്‌ വരാനിരിക്കുന്ന സംസ്ഥാനങ്ങൾക്കുമാത്രമായി പേരെടുത്തുപറഞ്ഞ്‌ ബജറ്റിൽ ചില പ്രഖ്യാപനങ്ങൾ. കേരളം, തമിഴ്‌നാട്‌, അസം, ബംഗാൾ സംസ്ഥാനങ്ങളിലാണ്‌ ദേശീയപാതയ്‌ക്കും മെട്രോയ്‌ക്കുമായി ചില വാഗ്‌ദാനം‌. കേരളത്തിൽ 65,000 കോടി മുതൽമുടക്കിൽ 1100 കിലോമീറ്റർ ദേശീയപാത വികസനമാണ്‌  പ്രഖ്യാപിച്ചത്‌. ഇതിൽ 600 കിലോമീറ്റർ  മുംബൈ–- കന്യാകുമാരി ഇടനാഴിയുടെ ഭാഗമായാണ്‌. കേരളത്തിലെ ദേശീയപാത വികസനത്തിന്‌ എപ്പോൾ തുടക്കമാകുമെന്നോ എപ്പോൾ പൂർത്തീകരിക്കുമെന്നോ  വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, ദേശീയപാത വികസന അതോറിറ്റി വായ്‌പയെടുത്താണ്‌ ഈ തുക നൽകുന്നത്‌. ദേശീയപാത വികസനത്തിനുള്ള തുക നേരത്തെ നടപ്പാക്കിയതാണ്‌  നടപ്പുവർഷത്തെ പ്രധാന ദേശീയപാത വികസന പദ്ധതികളിൽ കേരളത്തിൽ നിന്നുള്ളവ ഉൾപ്പെടുത്തിയിട്ടില്ല.

തമിഴ്‌നാട്ടിൽ 1.03 ലക്ഷം കോടി മുതൽമുടക്കിൽ 3500 കിലോമീറ്റർ ദേശീയപാത വികസനമാണ്‌  പ്രഖ്യാപിച്ചത്‌. മധുര–- കൊല്ലം ഇടനാഴി, ചിറ്റൂർ–- താച്ചൂർ ഇടനാഴി എന്നിവയടക്കമാണ്‌ പദ്ധതി. ഇവ അടുത്ത വർഷം നിർമാണം ആരംഭിക്കുമെന്ന്‌ ധനമന്ത്രി  പറഞ്ഞു.  ബംഗാളിൽ 25,000 കോടിക്ക് 675 കിലോമീറ്റർ ദേശീയപാത വികസനമാണ്‌ വാഗ്‌ദാനം. അസമിൽ പുരോഗമിച്ചുവരുന്ന 19,000 കോടിയുടെ ദേശീയപാത വികസനത്തിനൊപ്പം 34,000 കോടി മുതൽമുടക്കിൽ 1300 കിലോമീറ്റർ പാതയുടെ വികസനംകൂടി  മൂന്നുവർഷത്തിനുള്ളിൽ ഏറ്റെടുക്കും.

കൊച്ചി മെട്രോയ്‌ക്ക്‌ 1957 കോടി
തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ള മെട്രോ റെയിൽ വികസനപദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചു. കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റർ രണ്ടാംഘട്ടത്തിനുള്ള കേന്ദ്ര വിഹിതമായി 1957.05 കോടിയാണ്‌ പ്രഖ്യാപിച്ചത്‌. മൊത്തം 88,000 കോടി രൂപയുടെ മെട്രോ റെയിൽ വികസനപദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും 25,000 കോടി മാത്രമാണ്‌ അടുത്ത വർഷത്തേക്ക്‌  അനുവദിച്ചത്‌. പ്രഖ്യാപിച്ച1957.05 കോടിയിൽ  338 കോടി രൂപയേ കേന്ദ്രത്തിൽനിന്നും കിട്ടൂ. ഇതിനു തുല്യമായ തുക സംസ്ഥാനവും നൽകണം.

കൊച്ചി ഹാർബർ വികസിപ്പിക്കും
മത്സ്യബന്ധന ഹാർബറുകൾ ആധുനികവൽക്കരിക്കുന്നതിൽ കൊച്ചി ഹാർബറിനെ സാമ്പത്തികപ്രവർത്തന കേന്ദ്രമാക്കി വികസിപ്പിക്കും.  ചെന്നൈ, വിശാഖപട്ടണം, പാരദ്വീപ്‌, പെതുവാലെട്ട ഹാർബറുകളും സമാനമായി വികസിപ്പിക്കും. തമിഴ്‌നാട്ടിൽ വിവിധോദ്ദേശ്യ കടൽപായൽ പാർക്ക്‌ സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top