ഫത്തോർദ
മുന്നിലെത്തിയശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരിക്കൽക്കൂടി കളിമറന്നു. ഐഎസ്‌എലിൽ എടികെ മോഹൻ ബഗാനോട് രണ്ട് ഗോളിന് മുന്നിൽനിന്നശേഷം ബ്ലാസ്‌റ്റേഴ്‌സ് തോറ്റു (2–-3). കളിയുടെ അവസാന ഘട്ടത്തിലായിരുന്നു മൂന്ന് ഗോളും വഴങ്ങിയത്. 15 കളിയിൽ 15 പോയിന്റ് മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന്. ഇതോടെ ആദ്യ നാലിൽ ഇടംപിടിക്കാനുള്ള സാധ്യത മങ്ങി.
തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ തോൽവി വഴങ്ങാതെ എത്തിയ ബ്ലാസ്‌റ്റേഴ്‌സ് എടികെ ബഗാനെതിരെയും മികച്ച തുടക്കം കുറിച്ചു. ആദ്യ ഘട്ടത്തിൽത്തന്നെ ഗാരി ഹൂപ്പറുടെ മനോഹര ഗോളിൽ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടി. സന്ദീപ് സിങ്ങിന്റെ ക്രോസ് ഏറ്റുവാങ്ങി ഹൂപ്പർ പന്ത് കോരിയിടുകയായിരുന്നു. തുടർന്നും ബ്ലാസ്‌റ്റേഴ്‌സ് ആക്രമിച്ചുകളിച്ചു. എടികെ ബഗാൻ ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യയാണ് ബ്ലാസ്‌റ്റേഴ്‌സിനെ തടഞ്ഞത്.
രണ്ടാംപകുതിയുടെ തുടക്കത്തിൽ ബ്ലാസ്‌റ്റേഴ്‌സ് ലീഡുയർത്തി. കോസ്‌റ്റ നമിയോൻസുവാണ് ഗോളടിച്ചത്. സഹൽ അബ്‌ദുൾ സമദിന്റെ കോർണർ കിക്ക് കെ പി രാഹുലിന്റെ തലയിൽതട്ടി ഗോൾമുഖത്ത് വീഴുകയായിരുന്നു. കോസ്‌റ്റ പന്ത് വലയിലേക്ക് തട്ടിയിട്ടു.
പിന്നീടാണ് ബ്ലാസ്‌റ്റേഴ്‌സിന് പിഴവുകൾ പറ്റിയത്. പ്രതിരോധം ആലസ്യത്തിലായി. ആദ്യം മാഴ്‌സെലീന്യോ പെരേര. പിന്നീട് റോയ് കൃഷ്‌ണയുടെ ഇരട്ടഗോൾ. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് തീർന്നു. റോയ് കൃഷ്‌ണയുടെ ആദ്യഗോൾ പെനൽറ്റിയിലൂടെയായിരുന്നു.
അവസാന ഘട്ടത്തിൽ ഇരുകളിക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. റഫറി ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. സീസണിൽ രണ്ടാമത്തെ തോൽവിയാണ് എടികെ ബഗാനെതിരെ ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങിയത്. മൂന്നിന് മുംബൈ സിറ്റിയുമായാണ് അടുത്ത കളി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..