01 February Monday

മൗലാന ആസാദിന്‌ വർഗീയമുദ്ര; ജമാ അത്തെ ഇസ്ലാമിയുടെ നീക്കത്തിൽ വിവാദം

വെബ് ഡെസ്‌ക്‌Updated: Monday Feb 1, 2021

കോഴിക്കോട്‌ > സ്വാതന്ത്ര്യസമരനായകനായ കോൺഗ്രസ്‌ നേതാവ്‌ മൗലാന അബ്‌ദുൾകലാം ആസാദിനെ ഹുക്കുമത്തെ ഇലാഹി (ദൈവരാജ്യം) വക്താവായി ചിത്രീകരിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ നീക്കത്തിൽ പ്രതിഷേധം. ജമാഅത്തെയുടെ  മതരാഷ്ട്രവാദത്തെ ന്യായീകരിക്കാൻ  കോൺഗ്രസിന്റെ ദേശീയ സമരനായകനെ അപമാനിക്കുന്നുവെന്നാണ്‌‌ വിമർശനം.  ദേശീയ സ്വാതന്ത്ര്യ സമരകാലഘട്ടത്തിൽ മതനിരപേക്ഷ ധാരയുടെ വക്താവായ അബുൾകലാം ആസാദിന്‌ വർഗീയമുദ്ര ചാർത്തുന്ന ജമാ അത്തെ നിലപാട്‌ തിരുത്തണമെന്നും ആവശ്യമുയർന്നു.  

കഴിഞ്ഞ ദിവസം ജമാഅത്തെയുടെ മുഖപത്രമായ മാധ്യമത്തിലാണ്‌ തെറ്റായ ചിത്രീകരണമുണ്ടായത്‌.  പത്രാധിപരായ ഒ അബ്ദുറഹ്മാനാണ്‌ വിവാദ ലേഖനമെഴുതിയത്‌.  ജമാഅത്തെയെ മതരാഷ്ട്രീയവാദികളായി കോൺഗ്രസ്‌ കാണരുതെന്നാവശ്യപ്പെടുന്നതായിരുന്നു ലേഖനം. 

മതനിരപേക്ഷതക്കും സാഹോദര്യത്തിനുമായി അടിമുടി അർപ്പിച്ചതായിരുന്നു  ആസാദിന്റെ ജീവിതം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസമന്ത്രിയുമായിരുന്നു. ജമാഅത്തെയുടെ വർഗീയ–-മതരാഷ്ട്രവാദ കളങ്കം മായ്‌ക്കാൻ ആസാദിനെപ്പോലെ  പ്രഗത്ഭനായ നേതാവിനെ ആയുധമാക്കുന്നത്‌ നീചമായ ശൈലിയാണെന്ന അഭിപ്രായം കോൺഗ്രസിലുണ്ട്‌.

നേരത്തെ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കുന്നതിൽ വിയോജിച്ച കോൺഗ്രസ്‌ നേതാക്കളാണ്‌ ആസാദിനെ അപമാനിക്കുന്നതിലും എതിർപ്പുയർത്തുന്നത്‌. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തതിനാൽ മുതിർന്ന നേതാക്കൾ പരസ്യപ്രതികരണത്തിന്‌ തയ്യാറായിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top