Latest NewsUAENewsGulf

മാളിലെ എസ്‌കലേറ്ററില്‍ നിന്ന് വീണ് 5 വയസുകാരന് ഓര്‍മ്മയും സംസാരശേഷിയും നഷ്ടമായി ; 7.4 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

അല്‍ ഐന്‍ അപ്പീല്‍ കോടതിയാണ് ഇതുമായി ബന്ധപ്പെട്ട കീഴ്കോടതിയുടെ ശിക്ഷ ശരിവെച്ച് ഉത്തരവിറക്കിയത്

അബുദാബി : മാളിലെ എസ്‌കലേറ്ററില്‍ നിന്ന് താഴെ വീണ് 5 വയസുകാരന് ഓര്‍മ്മയും സംസാരശേഷിയും നഷ്ടമായ സംഭവത്തില്‍ കുട്ടിയുടെ കുടുംബത്തിന് 7.4 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. അഞ്ചു വയസ്സുകാരനായ അറബ് കുട്ടിക്കാണ് എസ്‌കലേറ്ററില്‍ നിന്ന് ഗുരുതരമായി പരിക്കേറ്റത്. തലയോട്ടിയില്‍ സാരമായി പരിക്കേറ്റ കുട്ടിയുടെ തലച്ചോറില്‍ രക്തം വാര്‍ന്ന് കട്ട പിടിച്ചത് കാരണം 30 ശതമാനത്തോളം ഓര്‍മ്മ ശക്തി നഷ്ടമായതായും സംസാര ശേഷി ഇല്ലാതാകുകയും ചെയ്‌തെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി.

അല്‍ ഐന്‍ അപ്പീല്‍ കോടതിയാണ് ഇതുമായി ബന്ധപ്പെട്ട കീഴ്കോടതിയുടെ ശിക്ഷ ശരിവെച്ച് ഉത്തരവിറക്കിയത്. ഇന്‍ഷുറന്‍സ് കമ്പനി, മാള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 10 ദശലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കുട്ടിയുടെ പിതാവ് കോടതിയെ സമീപിച്ചത്. എന്നാല്‍ കേസില്‍ വിശദമായി വാദം കേട്ട കോടതി, 735,000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കാന്‍ വിധിക്കുകയായിരുന്നു.

നേരത്തേ കേസ് പരിഗണിച്ച അല്‍ ഐന്‍ കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തുകയും നഷ്ടപരിഹാരം നല്‍കാന്‍ ശിക്ഷ വിധിയ്ക്കുകയുമായിരുന്നു. മാള്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള അശ്രദ്ധയും സന്ദര്‍ശകര്‍ക്ക് ആവശ്യമായ സുരക്ഷാ മുന്‍ കരുതലുകള്‍ സ്വീകരിക്കുന്നതില്‍ അവര്‍ക്ക് സംഭവിച്ച പാളിച്ചയും പരിഗണിച്ചാണ് കോടതിയുടെ വിധി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button