KeralaLatest NewsNews

പരീക്ഷാ ഭവന്റെ പേരില്‍ വ്യാജ സൈറ്റുണ്ടാക്കി തട്ടിപ്പ് ; പിടിയിലായ അവിനാശ് രാജ്യാന്തര കുറ്റവാളി

അവിനാശ് റോയ് വര്‍മ്മയെ ചോദ്യം ചെയ്തതില്‍ തട്ടിപ്പ് രാജ്യവ്യാപകമാണെന്ന് വ്യക്തമാകുകയായിരുന്നു

തിരുവനന്തപുരം : പരീക്ഷാ ഭവന്റെ പേരില്‍ വ്യാജ സൈറ്റുണ്ടാക്കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ അവിനാശ് റോയ് വര്‍മ്മ രാജ്യാന്തര കുറ്റവാളി. ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തിയ്ക്കുന്ന അവിനാശ് വര്‍മ്മയെ സൈബര്‍ ക്രൈം പൊലീസ് വിശദമായി ചോദ്യം ചെയ്യും. അവിനാശില്‍ നിന്ന് സംഘത്തിലെ കൂടുതല്‍ കണ്ണികളെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

40ലധികം പരീക്ഷാ ബോര്‍ഡുകളുടെയും സര്‍വ്വകലാശാലകളുടെയും പേരില്‍ വെബ്‌സൈറ്റുണ്ടാക്കി 23-കാരനായ അവിനാശ് തട്ടിപ്പ് നടത്തി. അവിനാശ് റോയ് വര്‍മ്മയെ ചോദ്യം ചെയ്തതില്‍ തട്ടിപ്പ് രാജ്യവ്യാപകമാണെന്ന് വ്യക്തമാകുകയായിരുന്നു. ബീഹാര്‍ സ്വദേശിയായ വിദ്യാര്‍ഥി ഡല്‍ഹി സര്‍വകലാശാലയില്‍ അഡ്മിഷന് സമര്‍പ്പിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിലെ സംശയങ്ങളാണ് അവിനാശിലേക്കെത്തിയത്. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് സ്‌കൂളില്‍ നിന്ന് പ്ലസ് ടു പാസായ സര്‍ട്ടിഫിക്കറ്റാണ് വിദ്യാര്‍ഥി ഹാജരാക്കിയത്. ഇതില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഡല്‍ഹി സര്‍വ്വകലാശാല അധികൃതര്‍ കേരളത്തിലെ പരീക്ഷാ ഭവനില്‍ നിന്ന് വ്യക്തത തേടുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വന്‍ തട്ടിപ്പ് പുറത്തായത്. പരീക്ഷാ ഭവന്റെ പേരിലാണ് ഏറ്റവുമധികം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. കുസാറ്റ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി, അസം പരീക്ഷ ബോര്‍ഡ് ഉള്‍പ്പെടെ നാല്‍പതോളം ബോര്‍ഡുകളുടെയും സര്‍വ്വകലാശാലകളുടെയും പേരില്‍ വ്യാജ സൈറ്റുണ്ടാക്കി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഇങ്ങനെ 22 സംസ്ഥാനങ്ങളില്‍ തട്ടിപ്പ് നടന്നു. അവിനാശില്‍ നിന്ന് പിടിച്ചെടുത്ത ലക്ഷങ്ങള്‍ വിലയുള്ള ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button