മാഡ്രിഡ്
അത്‌ലറ്റികോ മാഡ്രിഡുമായുള്ള കിരീടപ്പോരിൽ റയൽ മാഡ്രിഡിന് കനത്ത തിരിച്ചടി. സ്‌പാനിഷ് ലീഗിൽ റയൽ സ്വന്തംതട്ടകത്തിൽ ലെവന്റെയോട് 1–-2ന് തോറ്റു. ഹോസെ ലൂയിസ് മൊറാലെസും റോജെർ മാർട്ടിയും ലെവന്റെയ്‌ക്കായി ഗോളടിച്ചു. മാർകോ അസെൻസിയോയാണ് റയലിന്റെ ഗോൾ നേടിയത്. പ്രതിരോധക്കാരൻ എയ്‌ദർ മിലിറ്റാവോ തുടക്കത്തിൽത്തന്നെ ചുവപ്പുകാർഡ് കണ്ട് പുറത്തായത് റയലിന് തിരിച്ചടിയായി.
ഇരുപതു കളിയിൽ 40 പോയിന്റുമായി രണ്ടാമത് തുടരുകയാണ് റയൽ. ഒന്നാമതുള്ള അത്‌ലറ്റികോയേക്കാൾ ഏഴ് പോയിന്റ് പിന്നിൽ. അത്‌ലറ്റികോയ്‌ക്ക് 18 കളിയിലാണ് 47 പോയിന്റ്. 19 കളിയിൽ 37 പോയിന്റുള്ള ബാഴ്‌സലോണ റയലിന്റെ രണ്ടാംസ്ഥാനത്ത് ഭീഷണി ഉയർത്തുന്നു. 39 പോയിന്റുമായി സെവിയ്യയാണ് മൂന്നാമത്. ലെവന്റെ ഒമ്പതാമതാണ്.
സാന്റിയാഗോ ബെർണബ്യൂവിൽ സിനദിൻ സിദാന്റെ സംഘം ലെവന്റെയ്‌ക്ക് മുന്നിൽ പതറിപ്പോയി. മിലിറ്റാവോ ചുവപ്പുകാർഡ് കണ്ട് മടങ്ങിയതിന് പിന്നാലെ അസെൻസിയോയുടെ ഗോളിൽ ലീഡ് നേടിയെങ്കിലും ആധിപത്യം നിലനിർത്താനായില്ല. ആദ്യപകുതിക്ക് തൊട്ടുമുമ്പ് മൊറാലെസ് ലെവന്റെയ്‌ക്കായി തിരിച്ചടിച്ചു. രണ്ടാംപകുതിയിൽ മാർട്ടി പെനൽറ്റി പാഴാക്കി. മിനിറ്റുകൾക്കുള്ളിൽത്തന്നെ മാർട്ടി അതിന് പ്രായശ്‌ചിത്തം ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..