01 February Monday

വാഹനാപകടം : ലോക്ക്‌ഡൗണിൽ മരണനിരക്ക് കൂടി

പി വിജയൻUpdated: Monday Feb 1, 2021


കോഴിക്കോട്‌
കോവിഡ്‌ കാലത്തെ സമ്പൂർണ ലോക്ക്‌ഡൗണിൽ രണ്ടുമാസം സംസ്ഥാനത്ത്‌ വാഹനാപകടങ്ങളിലെ മരണ നിരക്കിൽ വർധന. 2020 മാർച്ച്‌ 23 മുതൽ മെയ്‌ 31 വരെയുള്ള കാലയളവിലെ നിരക്കാണ്‌ മുൻവർഷങ്ങളിലെ ഈ കാലത്തെ നിരക്കിനെക്കാൾ വർധിച്ചതെന്ന്‌ നാറ്റ്‌പാക് ‌(ദേശീയ ഗതാഗത ആസൂത്രണ  ഗവേഷണ കേന്ദ്രം) പഠനം വ്യക്തമാക്കുന്നു. 2020 മാർച്ച്‌ 23നും മെയ്‌ 31നും ഇടയിൽ 222 പേർ അപകടങ്ങളിൽ മരിച്ചു. ഓരോ 100 അപകടത്തിലും 14 മരണം എന്ന നിരക്കിൽ. 2018ലും 2019ലും മാർച്ച്‌ 23–- മെയ്‌ 31 കാലയളവിൽ  ഇത്‌ 12നടുത്തേയുള്ളൂ. ‌


 

ലോക്ക്‌ഡൗണിൽ വാഹനങ്ങൾ അപൂർവമായേ നിരത്തിൽ ഇറങ്ങിയിരുന്നുള്ളു. റോഡിലെ തിരക്ക് കുറഞ്ഞപ്പോൾ അമിത വേഗവും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമാണ്   മരണം ക്ഷണിച്ചുവരുത്തിയത്. 2020ൽ 209 അപകടങ്ങളിലായി 222 പേരാണ് മരിച്ചത്. 

2018ൽ 885 അപകടങ്ങളിൽ 927 പേരും(11.57) 2019ൽ 926 അപകടങ്ങളിൽ 980 പേരും(11.98) മരിച്ചു. ഗുരുതരമായി പരിക്കേൽക്കുന്നവരുടെ നിരക്കും അപകടങ്ങളും തമ്മിൽ കാര്യമായ വ്യത്യാസവും ഇക്കാലയളവിലില്ല.  2020ൽ 1124 അപകടങ്ങളിൽ 1232 പേർക്ക്‌ ഗുരുതര പരിക്കേറ്റു. ഓരോ 100 അപകടത്തിലും 77 പേർ എന്ന നിരക്കിൽ.  2018ൽ ഇത്‌ 78ഉം (5616 അപകടങ്ങളിൽ 6232 പേർ‌ ഗുരുതരം), 2019ൽ 80ഉം (5868 അപകടങ്ങളിൽ 6550 പേർ) ആണ്‌.    2020ൽ ലോക്‌ഡൗണിലെ രണ്ട്‌ മാസത്തിനിടെ സംസ്ഥാനത്ത്‌  1606 അപകടങ്ങളാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. മരിച്ചവരും പരിക്കേറ്റവരും അടക്കം 1903 പേർ ഇരകളായി. 2018ൽ 8011 അപകടങ്ങളിൽ 10,024 പേരും 2019ൽ 8183 അപകടങ്ങളിൽ 10,218 പേരും ഇരകളായെന്നും നാറ്റ്‌പാക്‌ പഠനത്തിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top