31 January Sunday
ബഹുനില ക്വാർട്ടേഴ്സുകൾ ഉദ്‌ഘാടനംചെയ്‌തു

ജീവനക്കാർക്ക് മികച്ച സൗകര്യങ്ങളൊരുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jan 31, 2021

തിരുവനന്തപുരം > സർക്കാർ ക്വാർട്ടേഴ്സുകൾ ഏറ്റവും അർഹർക്ക് ലഭ്യമാക്കുകയാണ് സർക്കാർനയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവനക്കാർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്‌. ദൂരസ്ഥലങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർക്ക് താമസസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിപുലമായ സൗകര്യങ്ങളുള്ള നവകേരള മന്ദിരങ്ങൾ ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മ്യൂസിയം ഒബ്സർവേറ്ററി ഹില്ലിൽ നിർമിച്ച രണ്ട് ബഹുനില ക്വാർട്ടേഴ്സുകൾ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത്‌ ജീവനക്കാർക്കായി 4000ൽ പരം ക്വാർട്ടേഴ്സുകളാണുള്ളത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ വർക്കിങ്‌ വിമൻസ് ഹോസ്റ്റലുകളുമുണ്ട്. പാലക്കാടും നെടുമങ്ങാടും 18 ക്വാർട്ടേഴ്സുകൾ വീതം ഈ സർക്കാർ പണികഴിപ്പിച്ചു. കൊല്ലം, കോട്ടയം ജില്ലകളിലെ വർക്കിങ്‌ വിമൻസ് ഹോസ്റ്റലുകളുടെ നിർമാണവും പൂർത്തിയാക്കി.

താമസ സൗകര്യംവേണ്ട ഒട്ടേറെ ജീവനക്കാർ അപേക്ഷകരായി ഇപ്പോഴുമുണ്ട്. എന്നിട്ടും ക്വാർട്ടേഴ്സ് അനുവദിക്കുന്നതും ഒഴിയുന്നതുമായി ബന്ധപ്പെട്ട് തെറ്റായ പ്രവണതകൾ കാട്ടുന്ന ചില ജീവനക്കാരുണ്ട്. അത്തരം നിയമവിരുദ്ധമോ അനൗചിത്യമോ ആയ നടപടികൾ അനുവദിക്കില്ല. ക്വാർട്ടേഴ്സുമായി ബന്ധപ്പെട്ട പരാതികൾ സത്യസന്ധമായി പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അനീതിയുണ്ടെങ്കിൽ ജീവനക്കാർ പരാതി നൽകണം. സിവിൽ സർവീസിനെ പ്രാധാന്യത്തോടെകണ്ട് അതിനനുസരിച്ചുള്ള പ്രവർത്തനസംസ്‌കാരം രൂപപ്പെടുത്താനാണ് ശ്രമിക്കുന്നത്. നാടിന് ഗുണമുള്ള വികസന പ്രവർത്തനങ്ങളിൽ അലംഭാവം ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ജി സുധാകരൻ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top