സംസ്ഥാനത്തെ ക്രമസമാധാനപാലനവും കുറ്റാന്വേഷണവും കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ 25 പൊലീസ് സബ്‌ഡിവിഷനുകൾ കൂടി വരുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സമർപ്പിച്ച നിർദേശം സർക്കാർ അംഗീകരിച്ചു. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി അടുത്ത ദിവസം ഉത്തരവിറക്കും. ഇതോടെ സബ്‌ഡിവിഷനുകൾ 58ൽനിന്ന് 83 ആകും. നിലവിലെ സബ്‌ഡിവിഷനുകൾ പുനഃക്രമീകരിച്ചാണ് പുതിയ സബ് ഡിവിഷനുകൾ. സർക്കിൾ ഓഫീസുകൾ ഇല്ലാതായതോടെ പൊലീസ് സ്‌റ്റേഷനുകളുടെ മേൽനോട്ടം കാര്യക്ഷമമാകുന്നില്ലെന്ന പരാതിക്കും ഇതോടെ പരിഹാരമാകും.
പുതിയ സബ്‌ഡിവിഷനുകൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. തുടർന്നാണ് സംസ്ഥാന പൊലീസ് മേധാവി വിശദമായ പഠനം നടത്തി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയത്. നിലവിൽ ഏതാനും ഇൻസ്‌പെക്ടർമാർക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്. 102 ഇൻസ്‌പെക്ടർമാർ നിലവിൽ ഡിവൈഎസ്‌പിമാരുടെ ശമ്പളം വാങ്ങുന്നുണ്ട്. അവർക്ക് സ്ഥാനക്കയറ്റം നൽകിയാലും പുതിയ സബ്‌ഡിവിഷൻ സർക്കാരിന് അമിത സാമ്പത്തിക ബാധ്യതയുണ്ടാക്കില്ല. കേരളത്തിൽ സിറ്റി, റൂറൽ ഉൾപ്പെടെ 19 പൊലീസ് ജില്ലകളാണുള്ളത്. ഇതിൽ തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, കോട്ടയം എന്നിവിടങ്ങളിൽ പുതിയ സബ്‌ഡിവിഷനുകളില്ല. എറണാകുളം റൂറൽ, കണ്ണൂർ എന്നിവിടങ്ങളിലാണ് പുതിയ സബ്‌ഡിവിഷൻ കൂടുതൽ. മൂന്ന് വീതം .
ജോലി ഭാരം കുറയും
പുതിയ സബ്‌ഡിവിഷൻ വരുന്നതോടെ പൊലീസ് സ്‌റ്റേഷനുകളുടെ പ്രവർത്തനവും കൂടുതൽ ശക്തിപ്പെടും. ഉദ്യോഗസ്ഥർക്ക് സ്‌റ്റേഷൻ പ്രവർത്തനം കാര്യക്ഷമമായി നിരീക്ഷിക്കാനുമാകും. സ്‌റ്റേഷനുകളുടെ ചുമതല (എസ്‌എച്ച്‌ഒ) ഇൻസ്‌പെക്ടർമാർക്കായതോടെ സർക്കിൾ സംവിധാനം ഇല്ലാതായി.
അതോടെ ഡിവൈഎസ്‌പിമാർക്കായി സ്‌റ്റേഷനുകളുടെ മേൽനോട്ടം. നിലവിൽ ഒരു സബ്‌ഡിവിഷന് കീഴിൽ 10 മുതൽ 12 പൊലീസ് സ്‌റ്റേഷനുണ്ട്. ഗൗരവമായ കേസുകളുടെ അന്വേഷണം, ക്രമസമാധാനപാലനം എന്നിവയ്‌ക്കിടെ ഇത്രയേറെ സ്‌റ്റേഷൻ ചുമതലയുമുള്ളത് ഡിവൈഎസ്‌പി/അസി. കമീഷണർമാർക്ക് പ്രയാസമാകുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ സബ്‌ഡിവിഷനുകൾ ഇതിനും പരിഹാരമേകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..