31 January Sunday

രഞ്ജി ട്രോഫി ഉപേക്ഷിച്ചു; 87 വർഷത്തിനുശേഷം ആദ്യം

വെബ് ഡെസ്‌ക്‌Updated: Sunday Jan 31, 2021

ന്യൂഡൽഹി > കേരളം ഉൾപ്പെടെയുള്ള ടീമുകൾ  പുതിയ സീസണിനായി ഒരുങ്ങുന്നതിനിടെ രഞ്‌ജി ട്രോഫി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച്‌ ബിസിസിഐ. 1934–-35നുശേഷം ആദ്യമായാണ്‌ രഞ്‌ജി ട്രോഫി ഉപേക്ഷിക്കുന്നത്‌. ബിസിസിഐ സെക്രട്ടറി ജയ്‌ ഷാ വിവിധ സംസ്ഥാന അസോസിയേഷനുകൾക്ക്‌ എഴുതിയ കത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. അസോസിയേഷനുകളുടെ പ്രതികരണം ലഭിച്ചശേഷമാണ്‌ ഈ തീരുമാനമെന്നും ഷാ പറഞ്ഞു.

കോവിഡ്‌ കാരണം രഞ്‌ജി ട്രോഫി മത്സരങ്ങൾ നടത്താൻ ബുദ്ധിമുട്ടാണെന്നും ബിസിസിഐ വ്യക്തമാക്കി. ഏകദിന ടൂർണമെന്റായ വിജയ്‌ ഹസാരെ ട്രോഫി നടത്തും. ഒപ്പം വനിതകളുടെ ഏകദിന ടൂർണമെന്റുണ്ടാകും. അണ്ടർ–-19 ടൂർണമെന്റായ  വിനൂ മങ്കാദ്‌ ട്രോഫിയും സംഘടിപ്പിക്കും. കോവിഡിനിടെ ഐപിഎൽ ക്രിക്കറ്റ്‌ ബിസിസിഐ യുഎഇയിൽ സംഘടിപ്പിച്ചിരുന്നു. ഈ മാസം 10 മുതൽ രാജ്യത്തെ 10 സ്‌റ്റേഡിയങ്ങളിലായി സയ്യദ്‌ മുഷ്‌താഖ്‌ അലി ടൂർണമെന്റും നടത്തി.

കോവിഡ്‌ പ്രതിസന്ധിക്കുശേഷമുള്ള ആദ്യ രാജ്യാന്തര ക്രിക്കറ്റ്‌ പരമ്പരയും നടക്കാനിരിക്കുകയാണ്‌. ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ ടെസ്‌റ്റ്‌ പരമ്പരയ്‌ക്ക്‌ ഫെബ്രുവരി നാലിന്‌ തുടക്കമാകും. ഈ സീസൺ ഐപിഎൽ ഇന്ത്യയിൽത്തന്നെ നടത്താനാണ്‌ നീക്കം. കേരളം ദിവസങ്ങൾക്കുമുമ്പ്‌ രഞ്‌ജി ട്രോഫിക്കായുള്ള പ്രാഥമിക പരിശീലന ക്യാമ്പ്‌ തുടങ്ങിയിരുന്നു. ബംഗാൾ ക്രിക്കറ്റ്‌ അസോസിയേഷനും രംഗത്തുണ്ടായിരുന്നു. മുൻ ഇന്ത്യൻതാരം വിവിഎസ്‌ ലക്ഷ്‌മൺ, അരുൺലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top