കോഴിക്കോട് > മതരാഷ്‌ട്രവാദം, വർഗീയത, തീവ്രവാദം തുടങ്ങിയ ആരോപണങ്ങൾ തങ്ങൾക്കുമേൽ കെട്ടിവയ്‌ക്കരുതെന്ന് കോൺഗ്രസിന് മുന്നറിയിപ്പ് നൽകി ജമാഅത്തെ ഇസ്ലാമി. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജമാഅത്തെയുടെ രാഷ്ട്രീയകക്ഷിയായ വെൽഫെയർ പാർടിയുമായുള്ള സഖ്യം വിവാദമാക്കിയത് സൂചിപ്പിച്ചാണ് താക്കീത്. മുഖപത്രമായ ‘മാധ്യമം’ പത്രത്തിലൂടെയാണ് കോൺഗ്രസിനുള്ള ജമാഅത്തെയുടെ താക്കീതും ആഹ്വാനവും.
പത്രാധിപർ ഒ അബ്ദുറഹ്മാനാണ് (എ ആർ ) ‘ജന്മശതാബ്ദി ആഘോഷിക്കുമ്പോൾ കെപിസിസി ഓർക്കേണ്ടത്’എന്ന പേരിൽ എഴുതിയ ലേഖനത്തിലൂടെ കോൺഗ്രസിനോട് നിലപാട് മാറ്റാൻ ആവശ്യപ്പെട്ടത്. ജമാഅത്തെയെ മതരാഷ്ട്രവാദികളെന്നും തീവ്രവാദികളെന്നും ആക്ഷേപിക്കുന്ന സിപിഐ എമ്മിന്റെ പ്രചാരണത്തിന് തടയിടുകയാണ് വേണ്ടതെന്ന് ലേഖനത്തിലൂടെ നിർദേശം നൽകുന്നു. ജമാഅത്തെ സ്ഥാപകനായ മൗദൂദിക്കും മുമ്പ് ദൈവരാജ്യ(ഹുക്കുമതെ ഇലാഹിയ്യ)ത്തിനായി വാദിച്ചത് എഐസിസി അധ്യക്ഷനായിരുന്ന മൗലാന അബുൾകലാം ആസാദാണെന്നും അബ്ദുറഹ്മാൻ കോൺഗ്രസ് നേതാക്കളെ ഓർമിപ്പിക്കുന്നുണ്ട്.
ലീഗില്ലാതെ കോൺഗ്രസ് ഭരണമില്ല
‘‘നെഹ്‌റു ചത്തകുതിരയെന്ന് വിശേഷിപ്പിച്ച മുസ്ലിംലീഗിനെ കൂട്ടാതെ കേരളം ഭരിക്കുന്നത് കെപിസിസിക്ക് ഇന്ന് ആലോചിക്കാനാകില്ല. ഇതൊന്നും മറക്കരുത്’’– ജമാഅത്തെയോടുളള കോൺഗ്രസ് നയം മാറ്റണമെന്ന കർശന ആവശ്യമുയർത്തുന്ന ലേഖനത്തിൽ പറയുന്നു. വർഗീയ കക്ഷികളുമായി ബന്ധപ്പെട്ട 1961 ലെ എഐസിസിയുടെ ദുർഗാപൂർ പ്രമേയം തിരുത്താതെയാണ് മുസ്ലിംലീഗുമായി കൂട്ടുകൂടിയത്. ഈ ‘നീതി’ ജമാഅത്തെക്കും നൽകണമെന്നാണ് ലേഖനത്തിന്റെ ഊന്നൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..