30 January Saturday

ഉയർന്ന പിഎഫ്‌ പെൻഷനുള്ള വിധി സുപ്രീംകോടതി പിൻവലിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 30, 2021


ന്യൂഡൽഹി
ശമ്പളത്തിന്‌ ആനുപാതികമായ ഉയർന്ന പിഎഫ്‌ പെൻഷന്‌ വഴിയൊരുക്കിയ കേരള ഹൈക്കോടതിയുടെ വിധി ശരിവച്ച മുൻ ഉത്തരവ്‌ സുപ്രീംകോടതി പിൻവലിച്ചു. ഹൈക്കോടതിയുടെ 2018 ഒക്ടോബറിലെ വിധിക്ക്‌ എതിരെ ഇപിഎഫ്‌ഒ നൽകിയ ഹർജി തള്ളിയ സുപ്രീംകോടതിയുടെ 2019 ഏപ്രിലിലെ ഉത്തരവാണ്‌ ജസ്‌റ്റിസ്‌ യു യു ലളിത്‌ അധ്യക്ഷനായ ബെഞ്ച്‌ പിൻവലിച്ചത്‌. ഇപിഎഫ്‌ഒ സമർപ്പിച്ച പുനഃപരിശോധനാഹർജി പരിഗണിച്ചാണ്‌ നടപടി. ഹൈക്കോടതി ഉത്തരവിന്‌ എതിരായ ഇപിഎഫ്‌ഒയുടെയും തൊഴിൽമന്ത്രാലയത്തിന്റെയും ഹർജികളിലും അനുബന്ധ ഹർജികളിലും സുപ്രീംകോടതി ഫെബ്രുവരി 25ന്‌ പ്രാഥമിക വാദംകേൾക്കും.

കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ ഈ വിഷയം ഫുൾബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിട്ടിട്ടുണ്ടെന്ന്‌ ഇപിഎഫ്‌ഒയ്‌ക്ക്‌ വേണ്ടി മുതിർന്ന അഭിഭാഷകൻ അര്യാമസുന്ദരം വാദിച്ചു. ശമ്പളത്തിന്‌ ആനുപാതികമായി ഉയർന്ന പെൻഷൻ മുൻകാലപ്രാബല്യത്തോടെ  അനുവദിച്ചാൽ ഇപിഎഫ്‌ഒയ്‌ക്ക്‌ 13 ലക്ഷം കോടിയുടെ അധികച്ചെലവ്‌ ഉണ്ടാകും. ജീവനക്കാരും തൊഴിലുടമകളും നിക്ഷേപിക്കുന്ന തുകയുടെ പലിശകൊണ്ട്‌ സ്വയം പ്രവർത്തിക്കുന്ന സംവിധാനമാണ്‌ പെൻഷൻപദ്ധതിക്കുള്ളത്‌. അതുകൊണ്ട്‌ ഹൈക്കോടതിയുടെ ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്നും അദ്ദേഹം വാദിച്ചു.

എന്നാൽ, ഹൈക്കോടതി ഉത്തരവോ അത്‌ ശരിവച്ച സുപ്രീംകോടതി ഉത്തരവോ സ്‌റ്റേ ചെയ്യാൻ കഴിയില്ലെന്ന്‌ ജസ്‌റ്റിസ്‌ ലളിത്‌ നിരീക്ഷിച്ചു. പുനഃപരിശോധനാഹർജിയിൽ നോട്ടീസ്‌ അയക്കുകയോ മുൻ ഉത്തരവ്‌ പിൻവലിച്ചശേഷം പുതിയതായി വാദം കേൾക്കുകയോ ചെയ്യാമെന്ന്‌ അദ്ദേഹം നിർദേശിച്ചു. തൊഴിൽ മന്ത്രാലയത്തിന്‌ വേണ്ടി അറ്റോണിജനറൽ കെ കെ വേണുഗോപാൽ ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top