ന്യൂഡൽഹി
കോവിഡ് പ്രതിസന്ധികാലത്ത് സമ്പദ്‌വ്യവസ്ഥയ്‌ക്ക് അൽപ്പമെങ്കിലും ആശ്വാസമേകിയത് കർഷകരെന്ന് സാമ്പത്തികസർവേ. നടപ്പുവർഷം വളർച്ച പ്രതീക്ഷിക്കുന്ന ഏക മേഖല കാർഷികമേഖലയാണ്. 3.4 ശതമാനമാണ് സാമ്പത്തികസർവേ പ്രവചിക്കുന്ന കാർഷികവളർച്ച. നടപ്പുവർഷം രാജ്യത്തിന്റെ ജിഡിപി വളർച്ച മൈനസ് -7.7 ശതമാനമായിരിക്കുമെന്നും ധനമന്ത്രി നിർമ്മലാ സീതാരാമൻ വെള്ളിയാഴ്‌ച പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തികസർവേ പറയുന്നു. തിങ്കളാഴ്‌ച പൊതുബജറ്റ് അവതരിപ്പിക്കും.
തുടർച്ചയായി രണ്ട് പാദത്തിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയതിനാൽ നിലവിൽ മാന്ദ്യാവസ്ഥയിലാണ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ. കോവിഡ് പ്രതിരോധ കുത്തിവയ്‌പും മറ്റും തുടങ്ങിയതിനാൽ അടുത്ത സാമ്പത്തികർഷം സമ്പദ്‌വ്യവസ്ഥയിൽ വലിയ കുതിപ്പുണ്ടാകുമെന്ന് സർവേ പ്രവചിക്കുന്നു. 11.5 ശതമാനം വളർച്ച 2021–-22 വർഷവും 6.8 ശതമാനം വളർച്ച 2022–-23 വർഷവും പ്രവചിക്കുന്നു.
ഇന്ത്യയുടെ ജിഡിപി വളർച്ചയിൽ ഐഎംഎഫ് കണക്കുകളോട് ചേർന്നുപോകുന്നതാണ് സാമ്പത്തികസർവേയും. 2021–-22 വർഷം വലിയ വളർച്ച പ്രതീക്ഷിക്കുമ്പോഴും കോവിഡ് അടച്ചിടലിന് മുമ്പുള്ള സാമ്പത്തികസ്ഥിതിയിലേക്ക് എത്തണമെങ്കിൽ രണ്ടുവർഷംകൂടി വേണ്ടിവരും. പൊതുആരോഗ്യമേഖലയിലെ ചെലവില്‍ നിലവില്‍ ജിഡിപിയുടെ ഒരു ശതമാനം മാത്രമാണ്. ഇത് രണ്ടരമുല്‍ മൂന്ന് ശതമാനം വരെ നിര്‍ബന്ധമായും ഉയര്‍ത്തണമെന്നും ശുപാര്‍ശചെയ്യുന്നു.
നടപ്പുവർഷം രണ്ടാംപകുതിയിൽ കയറ്റുമതിയിൽ 5.8 ശതമാനവും കയറ്റുമതിയിൽ 11.3 ശതമാനവും ചുരുക്കമുണ്ടാകും.അടുത്ത സാമ്പത്തികവർഷം കയറ്റിറക്കുമതി മേഖലയിൽ വളർച്ചയുണ്ടാകും. 2020–-21 ലെ ധനകമ്മി ഏഴ് ശതമാനത്തിന് മേലെയെത്തും.
കാർഷികമേഖല 3.4 ശതമാനം വളർച്ച നടപ്പുവർഷം കൈവരിക്കുമ്പോൾ വ്യവസായ മേഖലയിൽ 9.6 ശതമാനത്തിന്റെയും സേവന മേഖലയിൽ 8.8 ശതമാനത്തിന്റെയും ചുരുക്കം അനുഭവപ്പെടും. നടപ്പുവർഷം ഏപ്രിൽ–- ജൂൺ കാലയളവിൽ ജിഡിപി വളർച്ച മൈനസ് -23.9 ശതമാനമായിരുന്നു. ജൂലൈ–- സെപ്‌തംബർ കാലയളവിൽ വളർച്ച മൈനസ് 7.5 ശതമാനമായി. കോവിഡ് മാന്ദ്യസാഹചര്യത്തിൽ ഇംഗ്ലീഷ് അക്ഷരമാലയിലെ വി രൂപത്തിലുള്ള വളർച്ചയാകും നടപ്പുവർഷവും തുടർന്നുള്ള വർഷങ്ങളിലുമായി ഉണ്ടാവുകയെന്ന് മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് കെ സുബ്രഹ്‌മണ്യൻ പറഞ്ഞു.
കാർഷിക മേഖലയുടെ കോർപറേറ്റ്‌വൽക്കരണത്തിനെതിരായി കർഷകർ തെരുവിൽ സമരം ചെയ്യുമ്പോഴും മേഖലയിൽ കൂടുതൽ പരിഷ്കാരങ്ങൾ വേണമെന്ന വാദമാണ് സർവേ മുന്നോട്ടുവയ്‌ക്കുന്നത്. കാർഷിക മേഖലയെ ആധുനിക ബിസിനസ് സംരംഭമായി കണ്ടുകൊണ്ടുള്ള പരിഷ്കാരങ്ങളാണ് ആവശ്യമെന്നും സർവേ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..