30 January Saturday
2019 ജൂലൈ മുതൽ പ്രാബല്യത്തിന്‌ നിർദേശം

കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000, കുറഞ്ഞ പെന്‍ഷന്‍ 11,500; ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 30, 2021


തിരുവനന്തപുരം
സർക്കാർ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയാക്കാൻ ശുപാർശ. കൂടിയത്‌ 1,66,800 രൂപയാക്കണം. 2019 ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യം നൽകാനും 11–ാം ശമ്പള പരിഷ്‌കരണ കമീഷൻ സർക്കാരിനോട്‌ ശുപാർശ ചെയ്‌തു.
കണ്ടിൻജന്റ്‌ ജീവനക്കാർക്ക്‌ കുറഞ്ഞ ശമ്പളം 11,500 രൂപയായും ഉയർന്നത്‌ 22,970 രൂപയായും  നിർദേശിച്ചു. ചുരുങ്ങിയത്‌ 2000 രൂപയുടെ വർധന താഴെ തട്ടിലും ഉറപ്പാക്കുന്നതാണ്‌ ശുപാർശ.  നിലവിൽ കുറഞ്ഞ അടിസ്ഥാന ശമ്പളം 16,500 രൂപയും കൂടിയത്‌ 1.20 ലക്ഷവുമാണ്.

കുറഞ്ഞ പെൻഷൻ 11,500 രൂപയും ഉയർന്നത്‌  83,400 രൂപയാക്കണം‌. കുറഞ്ഞ കുടുംബ പെൻഷൻ 11,500, കൂടിയത്‌ 83,400 രൂപയുമാണ്‌ ശുപാർശചെയ്‌തത്‌. 80 കഴിഞ്ഞവർക്ക്‌ പ്രതിമാസം 1000 രൂപ അധികബത്ത നൽകണം. കമീഷന്റെ ആദ്യ റിപ്പോർട്ട്‌ ചെയർമാൻ കെ മോഹൻദാസ്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറി.  ധനമന്ത്രി ടി എം തോമസ്‌ ഐസക്‌, കമീഷൻ അംഗങ്ങളായ പ്രൊഫ. എം കെ സുകുമാരൻ നായർ, അഡ്വ. അശോക്‌ മാമൻ ചെറിയാൻ എന്നിവരും പങ്കെടുത്തു.

കുടിശ്ശിക 2022നുശേഷം ഗഡുക്കളായി അനുവദിക്കാനാണ്‌ നിർദേശം‌. അടുത്ത പരിഷ്‌കരണം കേന്ദ്രശമ്പള പരിഷ്‌കരണത്തിനുശേഷം 2026ൽ മതി. വൃദ്ധരെയും കുട്ടികളെയും നോക്കാൻ ഒരു വർഷ അവധിക്കും ശുപാർശയുണ്ട്. അവധിക്കാലത്ത് 40 ശതമാനം ശമ്പളം ലഭിക്കും. ഈ വർഷം വിരമിക്കുന്നവർക്ക് ഒരുവർഷം നീട്ടിനൽകിയാൽ, ആനുകൂല്യയിനത്തിൽ 5700 കോടി രുപയുടെ ചെലവ്‌ നീട്ടിവയ്‌ക്കാനും കോവിഡുമൂലം നിലവിലുള്ള സാമ്പത്തിക  പ്രയാസത്തിൽനിന്ന്‌ ആശ്വാസം നേടാനും സർക്കാരിന്‌ കഴിയുമെന്നും കമീഷൻ പറയുന്നു.

സർക്കാരിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ചെലവുകൾ പരമാവധി ചുരുക്കാൻ കഴിയുന്ന നിലയിലുള്ള ശുപാർശകളാണെന്ന്‌ ചെയർമാൻ പറഞ്ഞു.  മുൻകാലങ്ങളെ അപേക്ഷിച്ച് പരിമിതമായ ശമ്പള വർധനയും ആനുകൂല്യങ്ങളുംമാത്രമേ ശുപാർശ ചെയ്തിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് മൂന്നിന്‌ ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും.

 പ്രധാന ശുപാർശകൾ
■ അടിസ്ഥാന ശമ്പളത്തിനോടൊപ്പം 2020 വരെയുള്ള 28 ശതമാനം ക്ഷാമബത്തയും ലയിപ്പിച്ച് 10 ശതമാനം വർധിപ്പിച്ച്‌ ശമ്പളം നിശ്ചയിക്കണം
■ സർവീസ് വെയിറ്റേജ് ശുപാർശയിലില്ല
■ കുറഞ്ഞ ഇൻക്രിമെന്റ് 700, കൂടിയത് 3,400 രൂപ
■ മറ്റ് അലവൻസുകളിൽ 10 ശതമാനം വർധന
■ ഗ്രാറ്റ്യുവിറ്റി തുക 14 ലക്ഷത്തിൽനിന്ന്‌ 17 ലക്ഷമാക്കി ഉയർത്താം
■ വില്ലേജ് ഓഫീസർമാർക്കും തഹസിൽദാർമാർക്കും 1,500 രൂപ പ്രത്യേക അലവൻസ്
■ നേഴ്‌സിങ്‌ വിഭാഗത്തിന് യൂണിഫോം അലവൻസും പുതിയ ഗ്രേഡുകളും
■ വീട്ടുവാടക ശമ്പളത്തിന്റെ ശതമാന നിരക്കിൽ. കുറഞ്ഞ എച്ച്ആർഎ 1200 രൂപ. കൂടിയത് 10,000.  
■ സേനാവിഭാഗങ്ങളിലെ വിവിധ അലവൻസുകൾ ലയിപ്പിച്ച്‌ വർധിപ്പിക്കാം, അധിക ഗ്രേഡുകൾക്ക്‌ ശുപാർശ
■ ഓവർസിയർ, ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേസ്-1 തസ്തികകൾ സബ് എൻജിനിയറാക്കണം
■ സ്‌പെഷ്യാലിറ്റി ഡോക്ടർമാർക്കും സൂപ്പർ സ്‌പെഷ്യാലിറ്റി ഡോക്ടർമാർക്കും അധിക സ്‌പെഷ്യൽ ശമ്പളം
■ സ്‌പെഷ്യലിസ്റ്റ് ആയുർവേദ ഡോക്ടർമാർക്കും സ്‌പെഷ്യൽ ശമ്പളം
■ ആയുർവേദ, ഹോമിയോ, വെറ്ററിനറി ഡോക്ടർമാർക്ക് സിഎഎസ് പ്രകാരം ഉയർന്ന ശമ്പളം
■ പാരാമെഡിക്കൽ ജീവനക്കാരുടെ ശമ്പള സ്‌കെയിലുകൾ ഉയർത്തി
■ പ്രൊഫഷണൽ വിഭാഗങ്ങൾക്കുള്ള കരിയർ അഡ്വാൻസ്‌മെന്റ് സ്‌കീമിൽ ഉയർന്ന സ്‌കെയിലുകൾ. കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top