30 January Saturday

ലീഗിനെ തണുപ്പിക്കാൻ മുല്ലപ്പള്ളി പാണക്കാട്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 30, 2021


സ്വന്തം ലേഖകൻ
തദ്ദേശ തെരഞ്ഞെടുപ്പ്‌ ഫലത്തിനുശേഷമുള്ള അകൽച്ചയകറ്റാനും മുസ്ലിംലീഗിന്റെ പ്രതിഷേധം തണുപ്പിക്കാനും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പാണക്കാട്ടെത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും ബുധനാഴ്ച പാണക്കാട്ടെത്തി‌ ലീഗ്‌ നേതാക്കളെ കണ്ടിരുന്നു. രാഹുൽഗാന്ധി എംപിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട്‌ കരിപ്പൂരിലുണ്ടായിരുന്ന മുല്ലപ്പള്ളിയെ ഇരുവരും ഒപ്പം കൂട്ടിയില്ല. ലീഗിനുള്ള അതൃപ്‌തിയാണ്‌ കാരണമെന്നാണ്‌‌ സൂചന. തുടർന്നാണ്‌ വെള്ളിയാഴ്‌ച രാവിലെ മുല്ലപ്പള്ളി തനിച്ചെത്തിയത്‌. ലീഗ്‌ അധ്യക്ഷൻ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ജില്ലാ പ്രസിഡന്റ്‌ സാദിഖലി ശിഹാബ്‌ തങ്ങൾ എന്നിവർ കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു.  

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതുമുതൽ മുല്ലപ്പള്ളിയും ലീഗ്‌ നേതൃത്വവും രസത്തിലല്ല. മുല്ലപ്പള്ളിയുടെ നിലപാടുകൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന വികാരമാണ്‌ ലീഗിന്‌.  ജമാഅത്തെ ഇസ്ലാമിയുമായുണ്ടാക്കിയ കൂട്ടുകെട്ട്‌ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കിയത്‌ മുല്ലപ്പള്ളിയുടെ പ്രസ്‌താവനകളാണെന്നും‌ ലീഗിന്‌ പരാതിയുണ്ട്‌. കൽപ്പറ്റ സീറ്റിൽ സ്ഥാനാർഥിയായി മുല്ലപ്പള്ളിയുടെ പേരുയർന്നപ്പോഴും ലീഗ്‌ കലാപമുയർത്തി. ഇതുൾപ്പെടെ ലീഗിനുള്ള അസംതൃപ്‌തി ശമിപ്പിക്കുകയാണ്‌ മുല്ലപ്പള്ളിയുടെ ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗ്‌ ആറ്‌ സീറ്റ്‌ അധികം ചോദിച്ചതും ചർച്ചയായി.

സീറ്റ്‌ വിഭജനത്തിലടക്കം ലീഗ്‌ രഞ്ജിപ്പിന്റെ നിലപാടാണ്‌ സ്വീകരിക്കുന്നതെന്ന്‌ കൂടിക്കാഴ്‌ചക്കുശേഷം മുല്ലപ്പളി മാധ്യമ പ്രവർത്തകരോട്‌ പ്രതികരിച്ചു‌.  ശക്തം.

സീറ്റ്‌ ചർച്ചയും തുടങ്ങിയത്‌ പാണക്കാട്ട്‌
മുസ്ലിംലീഗിന്റെ അപ്രമാദിത്തം അംഗീകരിച്ച്‌ സീറ്റുവിഭജനചർച്ച തുടങ്ങിയ നേതൃത്വത്തിനെതിരെ കോൺഗ്രസിൽ മുറുമുറുപ്പ്‌. കെപിസിസി ആസ്ഥാനത്ത്‌ നടക്കേണ്ട വിഭജനചർച്ച ലീഗ്‌ ആസ്ഥാനത്തുനിന്ന്‌ തുടങ്ങിയത്‌ ഗതികേടാണെന്നാണ്‌ വിമർശം. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ടെത്തിയാണ്‌ ചർച്ചകൾ തുടങ്ങിവച്ചത്. പിന്നാലെ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനുമെത്തി.

ആറ്‌ സീറ്റാണ്‌ ലീഗ്‌ അധികം ആവശ്യപ്പെടുന്നത്‌. ചില സീറ്റുകൾ വച്ചുമാറാനുള്ള നിർദേശവും വച്ചു. മറ്റ്‌ ഘടകകക്ഷികൾക്ക്‌ അധികസീറ്റ്‌ അനുവദിക്കേണ്ടന്ന്‌ കോൺഗ്രസ്‌ നേതൃത്വത്തിൽ ധാരണയായിട്ടുണ്ട്‌. പി ജെ ജോസഫിന്റെ ചില സീറ്റുകൾ പിടിച്ചെടുത്ത്‌ കോൺഗ്രസിന്റെ നഷ്ടം നികത്താനാണ്‌ ലക്ഷ്യം‌. 

ലീഗിന്‌ കീഴ്‌പ്പെടുന്ന കോൺഗ്രസ്‌ നിലപാടിനെതിരെ വടക്കൻ കേരളത്തിലെ നേതാക്കൾക്ക്‌ ഗ്രൂപ്പ് ഭേദമെന്യേ കടുത്ത അതൃപ്തിയാണ്‌. സീറ്റ്‌ ലക്ഷ്യമിട്ടിരുന്ന ജില്ലാനേതൃത്വത്തിലെ പലരും ആശങ്കയിലായി‌. കോഴിക്കോട്, വയനാട് ജില്ലകളിലടക്കം അഞ്ച് സീറ്റെങ്കിലും  അധികമായി ലഭിക്കാതെ പിന്മാറില്ലെന്നാണ്‌ ലീഗ്‌ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിലെയടക്കം വിജയശതമാനത്തിൽ മുന്നണിയിലെ ഒന്നാമത്തെ കക്ഷി തങ്ങളാണെന്ന്‌ ലീഗ്‌ വാദിക്കുന്നു.

തങ്ങളെ അവഗണിക്കുന്ന നേതൃത്വത്തിനെതിരെ യുഡിഎഫിലെ മറ്റ്‌ ഘടകകക്ഷികൾക്ക്‌ നീരസമുണ്ട്‌. വരുംദിവസങ്ങളിൽ ഇത്‌ മറനീക്കി പുറത്തുവരും. ആർഎസ്‌പി, ജേക്കബ്‌ വിഭാഗം ഉൾപ്പെടെയുള്ള കക്ഷികൾ ചില സീറ്റുകളിൽ മാറ്റം ആവശ്യപ്പെട്ടിട്ടുണ്ട്‌. ഒരു സീറ്റെങ്കിലും ലഭിക്കാതെ മുന്നണിയിൽ നിൽക്കാനാകില്ലെന്ന്‌ ഫോർവേഡ്‌ ബ്ലോക്കും അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top