കൊച്ചി
മത്സ്യത്തൊഴിലാളികൾക്കായുള്ള സർക്കാർ കരുതലിന്റെ ഭാഗമായി കടലിലെ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ രണ്ട് അത്യാധുനിക മറൈൻ ആംബുലൻസുകൾകൂടി എത്തി. പ്രത്യാശ, കാരുണ്യ എന്നിവയുടെ പ്രവർത്തനോദ്‌ഘാടനം മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ നിർവഹിച്ചു. മീൻപിടിത്തത്തിനിടെയുണ്ടാകുന്ന അപകടങ്ങളിൽ അതിവേഗ രക്ഷാപ്രവർത്തനം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്നു മറൈൻ ആംബുലൻസുകൾ നിർമിച്ചത്. ആദ്യ ആംബുലൻസ് "പ്രതീക്ഷ'യുടെ പ്രവർത്തനോദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ആഗസ്തിൽ നിർവഹിച്ചു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ആംബുലൻസുകളുടെ പ്രവർത്തനം. അപകടത്തിൽപ്പെടുന്നവർക്ക് ദുരന്തസ്ഥലത്തുതന്നെ പ്രാഥമികചികിത്സ നൽകിയശേഷം അതിവേഗം കരയിലെത്തിക്കാൻ ഇവ സഹായിക്കും.
കൊച്ചി കപ്പൽശാലയിൽ നടന്ന ചടങ്ങിൽ ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ എസ് ശർമ, കെ ജെ മാക്സി, ജോൺ ഫെർണാണ്ടസ്, ഫിഷറീസ് ഡയറക്ടർ സി എ ലത, ഫിഷറീസ് അഡീഷണൽ ഡയറക്ടർ ആർ സന്ധ്യ, കപ്പൽശാല ചെയർമാൻ മധു എസ് നായർ, ഓപ്പറേഷൻസ് ഡയറക്ടർ എൻ വി സുരേഷ്ബാബു എന്നിവർ പങ്കെടുത്തു. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ തെരഞ്ഞെടുത്ത മത്സ്യത്തൊഴിലാളികൾക്ക് സാങ്കേതികവിദ്യാ പരിശീലന പരിപാടിയും മന്ത്രി ഉദ്‌ഘാടനം ചെയ്തു.
ആംബുലൻസുകളിൽ അത്യാധുനിക സംവിധാനം
23 മീറ്റർ നീളവും 5.5 മീറ്റർ വീതിയും മൂന്നുമീറ്റർ ആഴവുമുള്ള ആംബുലൻസുകളിൽ 10 പേരെ ഒരേസമയം കിടത്തിച്ചികിത്സിക്കാം. 700 എച്ച്‌പി വീതമുള്ള രണ്ട് സ്കാനിയ എൻജിനുകൾ ഘടിപ്പിച്ച ആംബുലൻസുകൾക്ക് പരമാവധി 14 നോട്ടിക്കൽ മൈൽ വേഗമുണ്ട്.
പ്രാഥമികചികിത്സയ്‌ക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, 24 മണിക്കൂർ പാരാ മെഡിക്കൽ സ്റ്റാഫിന്റെ സേവനം, പ്രത്യേക പരിശീലനം ലഭിച്ച നാല് സീ റസ്ക്യൂ സ്റ്റാഫിന്റെ സേവനം, മോർച്ചറി എന്നിവയും ഒരുക്കിയിട്ടുണ്ട്. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനാണ് സാങ്കേതിക ജീവനക്കാരുടെ സേവനം നൽകുന്നത്.
പദ്ധതിച്ചെലവ് 18.24 കോടി രൂപ
2018 മെയ് 31നാണ് മറൈൻ ആംബുലൻസുകളുടെ നിർമാണത്തിനായി കൊച്ചി കപ്പൽശാലയുമായി സർക്കാർ കരാർ ഒപ്പിട്ടത്. 6.08 കോടിവീതം മൂന്ന് ബോട്ടുകൾക്ക് 18.24 കോടി രൂപയാണ് അടങ്കൽതുക. ഓഖി പുനരധിവാസ പാക്കേജിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 7.36 കോടി രൂപയും ഫിഷറീസ് വകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്ന് രണ്ടുകോടി രൂപയും അനുവദിച്ചിരുന്നു. ഒരു ബോട്ടിന്റെ നിർമാണച്ചെലവ് ബിപിസിഎലും ഒരു ബോട്ടിന്റെ പകുതി നിർമാണച്ചെലവ് കൊച്ചി കപ്പൽശാലയും അവരുടെ സിഎസ്‌ആർ ഫണ്ടിൽനിന്ന് അനുവദിച്ചു. ബോട്ടുനിർമാണത്തിന് സാങ്കേതികോപദേശം നൽകിയത് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഐഎഫ്ടിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..