ന്യൂഡൽഹി
റിപ്പബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തി കേസെടുത്ത് ഡൽഹി പൊലീസ്. അക്രമസംഭവങ്ങൾക്ക് പിന്നിലെ ഗൂഢാലോചന, ക്രിമിനൽ ഇടപെടലുകൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും പൊലീസ് സ്‌പെഷ്യൽ സെൽ അന്വേഷണം തുടങ്ങി. കർഷകനേതാക്കൾക്ക് പൊലീസ് തെരച്ചിൽ നോട്ടീസ് പുറത്തിറക്കി. നേതാക്കളുടെ പാസ്‌പോർട്ട് കണ്ടുകെട്ടാനും നിർദേശം.
സ്വരാജ് ഇന്ത്യാ പ്രസിഡന്റ് യോഗേന്ദ്രയാദവ്, ഭാരതീയ കിസാൻ യൂണിയൻ ഹരിയാന ഘടകം പ്രസിഡന്റ് ഗുർനാംസിങ് ചഡുനി, കിസാൻ യൂണിയൻ വക്താവ് രമേഷ്‌ടിക്കായത്ത്, സാമൂഹ്യപ്രവർത്തക മേധാപട്‌കർ, വിവിധ സംഘടനകളുടെ നേതാക്കളായ ദർശൻപാൽ, രജിന്ദർസിങ്, ബൽബീർസിങ് രജേവാൾ, ഭുട്ടാസിങ് ഭുർജ്‌ഗിൽ, ജോഗിന്ദർസിങ് ഉഗ്രാഹ തുടങ്ങി 37 പേർക്ക് എതിരെയാണ് തെരച്ചിൽ നോട്ടീസ്.
ക്രിമിനൽ ഗൂഢാലോചന, കലാപത്തിനുള്ള ശ്രമം, വധശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. നേതാക്കൾക്ക് എതിരെ യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്താനുള്ള നീക്കമുണ്ട്. കർഷകനേതാക്കൾ അക്രമസംഭവങ്ങളിൽ പങ്കെടുത്തിട്ടുള്ള അവരവരുടെ സംഘടനകളിലെ പ്രവർത്തകരുടെ മുഴുവൻ വിവരങ്ങളും മൂന്ന് ദിവസത്തിനുള്ളിൽ കൈമാറണമെന്നും ഡൽഹി പൊലീസ് നിർദേശിച്ചു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 50 പേരെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. 19 പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി.
ദീപ് സിദ്ദുവിന് കേസ്
അക്രമസംഭവങ്ങളുടെ സൂത്രധാരനായ പഞ്ചാബി നടൻ ദീപ്‌സിദ്ദുവിന് എതിരെ കേസെടുത്തു. ബിജെപിയുമായി അടുത്തബന്ധം പുലർത്തുന്ന സിദ്ദു ഒളിവിലാണ്. താൻ ബിജെപിക്കാരൻ അല്ലെന്നും സമരത്തിനിടയിൽ നുഴഞ്ഞുകയറി പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്നും സിദ്ദു ഫെയ്‌സ്‌ബുക്ക് ലൈവിൽ അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി എംപി സണ്ണി ഡിയോൾ എന്നിവരുമായി ദീപ്‌സിദ്ദുവിനുള്ള അടുത്തബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..