29 January Friday

ബജറ്റ്‌ സമ്മേളനം: നയപ്രഖ്യാപനം ബഹിഷ്‌കരിക്കും: പ്രതിപക്ഷം

വെബ് ഡെസ്‌ക്‌Updated: Friday Jan 29, 2021


ന്യൂഡൽഹി
കർഷകപ്രതിഷേധം ശക്തമായി തുടരുന്നതിനിടെ പാർലമെന്റിന്റെ ബജറ്റ്‌ സമ്മേളനത്തിന്‌ വെള്ളിയാഴ്‌ച തുടക്കമാകും. കർഷകർക്ക്‌ പിന്തുണ അറിയിച്ച പ്രതിപക്ഷപാര്‍ടികള്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്‌കരിക്കുമെന്ന്‌ പ്രഖ്യാപിച്ചു‌.  സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർടികൾക്കു പുറമെ കോൺഗ്രസ്‌, എൻസിപി, തൃണമൂൽ കോൺഗ്രസ്‌, ഡിഎംകെ, എസ്‌പി, ആർജെഡി, ശിവസേന, നാഷണൽ കോൺഫറൻസ്, എംഡിഎംകെ, കേരള കോൺഗ്രസ്‌, എഐയുഡിഎഫ്‌ പിഡിപി തുടങ്ങിയ പാർടികൾ ബഹിഷ്‌കരണത്തിൽ പങ്കാളികളാകും. ടിആർഎസ്‌ അടക്കമുള്ള ചില കക്ഷികൾകൂടി പങ്കുചേർന്നേക്കും.

കാർഷിക സമരത്തോടുള്ള പ്രധാനമന്ത്രിയുടെയും ബിജെപി സർക്കാരിന്റെയും പ്രതികരണം ധിക്കാരപരവും ജനാധിപത്യവിരുദ്ധവുമാണെന്ന്‌ 16 രാഷ്ട്രീയ പാർടികൾ പ്രസ്‌താവനയിൽ പറഞ്ഞു. സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ്‌ ബഹിഷ്‌കരണം. കർഷകസമരത്തെ കണ്ണീർവാതകം പ്രയോഗിച്ചും ലാത്തിവീശിയും അടിച്ചമർത്താനാണ്‌ സർക്കാർ നീക്കം. ഇതോടൊപ്പം അപകീർത്തി പ്രചാരണവും നടത്തുന്നു. കർഷകരുടെ സമരം സമാധാനപരമായാണ്‌. റിപ്പബ്ലിക് ദിനത്തിലെ ചില അനിഷ്ടസംഭവങ്ങളെ കർഷകസംഘടനകളടക്കം തള്ളിക്കളഞ്ഞിട്ടുണ്ട്‌. നിഷ്‌പക്ഷ അന്വേഷണം നടത്തിയാൽ ഈ സംഭവങ്ങൾക്കു പിന്നിലെ സർക്കാരിന്റെ പങ്കാളിത്തം പുറത്തുകൊണ്ടുവരാനാകും.

കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ മിനിമം താങ്ങുവില, സർക്കാർ സംഭരണം, പൊതുവിതരണം എന്നീ മൂന്നു ഘടകത്തെ ആശ്രയിച്ചുള്ള ഭക്ഷ്യസുരക്ഷ തന്നെ അപകടത്തിലാകും. സംസ്ഥാനങ്ങളുമായും കർഷകസംഘടനകളുമായും കൂടിയാലോചിക്കാതെയാണ്‌ സർക്കാർ നിയമങ്ങൾ തയ്യാറാക്കിയത്‌. പാർലമെന്റിൽ ഇവ പാസാക്കിയതാകട്ടെ പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കിയും നടപടിക്രമങ്ങൾ കാറ്റിൽ പറത്തിയുമാണ്‌–- പ്രസ്‌താവനയിൽ പറഞ്ഞു.


പ്രമേയം പാസാക്കി ബംഗാൾ
കേന്ദ്രസർക്കാരിന്റെ പുതിയ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടും കര്‍ഷകപ്രക്ഷോഭകര്‍ക്ക് പിന്തുണ അറിയിച്ചും നിയമസഭയില്‍ പ്രമേയം പാസാക്കി പശ്ചിമ ബംഗാൾ. കേന്ദ്രനിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന അഞ്ചാമത്തെ ബിജെപി ഇതര സർക്കാരാണ്‌ ബംഗാളിലേത്‌. കേരളം, പഞ്ചാബ്‌, ഛത്തീസ്‌ഗഢ്‌, രാജസ്ഥാൻ, ഡൽഹി നിയസഭകളില്‍ നേരത്തെ സമാന പ്രമേയം പാസാക്കി. 

ബിജെപി എംഎൽഎമാരുടെ ശക്തമായ പ്രതിഷേധത്തിനിടയിലാണ്‌ പാർലമെന്ററികാര്യ മന്ത്രി പാർഥ ചാറ്റർജി പ്രമേയം അവതരിപ്പിച്ചത്. പിന്നാലെ ‘ജയ്‌ ശ്രീ റാം’ വിളികളുമായി ബിജെപി അം​ഗങ്ങള്‍ നടുത്തളത്തിൽ ഇറങ്ങി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top