29 January Friday

ആലപ്പുഴ ബൈപാസ്‌ കേന്ദ്ര സംസ്ഥാന സഹകരണത്തിന്റെ വിജയം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jan 29, 2021


കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ക്രിയാത്മക സഹകരണത്തിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്‌ ആലപ്പുഴ ബൈപാസെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്രമന്ത്രി നിധിൻ ഗഡ്‌കരിക്കൊപ്പം ആലപ്പുഴ ബൈപാസിന്റെ ഉദ്‌ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ ജില്ലയിലുള്ളവർക്ക് മാത്രമല്ല, ഇതുവഴി കടന്നുപോകുന്നവർക്കും സന്ദർശകർക്കുമെല്ലാം അഭിമാനം പകരുന്ന പദ്ധതിയാണിത്. 

അടിസ്ഥാനസൗകര്യ വികസനത്തിൽ, പ്രത്യേകിച്ച് ദേശീയപാത വികസനത്തിൽ കഴിഞ്ഞ നാലര വർഷത്തിൽ വലിയ മുന്നേറ്റമാണ് കേരളം നടത്തിയത്‌. 12,291 കോടി രൂപയുടെ ഏഴ്‌ പദ്ധതികൾക്കാണ് കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ തുടക്കമിട്ടത്. ഈ സർക്കാരിന്റെ കാലത്ത്‌ കൊല്ലം ബൈപാസ്, ആലപ്പുഴ ബൈപാസ്, കുണ്ടന്നൂർ, വൈറ്റില പാലങ്ങൾ ഉൾപ്പെടെ നാല് വൻ പദ്ധതികൾ‌ പൂർത്തിയാക്കി‌. 

എത്ര വലിയ പദ്ധതിയും കേരളത്തിലെ പൊതുമരാമത്തുവകുപ്പിന് മനോഹരമായി ചെയ്യാനാകുമെന്ന് ആലപ്പുഴ ബൈപാസ് തെളിയിക്കുന്നു. കേന്ദ്രത്തിന്റെ സഹായം ആവശ്യമുള്ള പദ്ധതികളെക്കുറിച്ച്‌ നിരന്തരമായി കേന്ദ്രമന്ത്രിയുമായി സംസാരിക്കാറുണ്ട്‌. പലവിധ പദ്ധതികൾ പറഞ്ഞ കൂട്ടത്തിൽ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റിങ്‌ റോഡ്‌ കേന്ദ്രമന്ത്രി വിട്ടുപോയിട്ടുണ്ട്‌.   അടുത്ത ഡൽഹി യാത്രയിൽത്തന്നെ മന്ത്രിയുമായി എല്ലാ വികസന വിഷയങ്ങളും ചർച്ചചെയ്യും.

ദേശീയപാതാ വികസനവും അർധ–-അതിവേഗ റെയിൽപ്പാതയും പൂർത്തിയാകുമ്പോൾ സംസ്ഥാനത്തിന്റെ മുഖഛായതന്നെ മാറും.  മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവ കൂടി പൂർത്തിയാകുന്നതോടെ ഗതാഗത, -ചരക്കുനീക്ക രംഗത്ത്‌ വൻ കുതിച്ചുചാട്ടം നടത്തും.

കേരളത്തിലെ റോഡപകടങ്ങൾ 50 ശതമാനമായി കുറയ്‌ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്‌. ഇതിനാവശ്യമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉമ്മൻചാണ്ടിയുടെ പ്രസ്താവന നിരുത്തരവാദപരം
ആലപ്പുഴ ബൈപാസ്‌ നിർമാണത്തിൽ‌ യുഡിഎഫ്‌ എല്ലാംചെയ്തുവച്ചെന്നും ഉദ്‌ഘാടനം വൈകിപ്പോയെന്നുമുള്ള ഉമ്മൻചാണ്ടിയുടെ പ്രസ്താവന തീർത്തും നിരുത്തരവാദപരമായിപ്പോയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പതിറ്റാണ്ടായി ജനങ്ങൾ ആലപ്പുഴ ബൈപാസിന്‌ കാത്തുനിൽക്കുന്നു‌. പൂർത്തിയാക്കാൻപറ്റുന്ന നിലയിലായിരുന്നില്ല യുഡിഎഫ്‌ കാലത്തെ അവസ്ഥ. എൽഡിഎഫ്‌ സർക്കാരിന്റെ പൊതുമരാമത്ത്‌ വകുപ്പ്‌ നല്ലനിലയിൽ ഇടപെട്ടു. സർക്കാർ അതിവേഗത്തിൽ കാര്യങ്ങൾ നീക്കി. കോവിഡ്‌ കാരണം തൊഴിലാളികളില്ലാതായ തടസ്സമടക്കം പരിഹരിച്ചാണ്‌ ബൈപാസ്‌ യാഥാർഥ്യമാക്കിയതെന്നും ആലപ്പുഴക്കാർക്ക്‌ കാര്യമറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സച്ചാർ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുസ്ലിം ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ പഠിച്ച പാലൊളി കമീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ ഭാഗമായ നടപടി സ്വീകരിച്ചുവരുന്നു. അടുത്തകാലത്ത്‌‌ ക്രൈസ്തവ വിഭാഗത്തിൽനിന്നും ഇത്തരം ചില പരാതികളുയർന്നു. അത്‌ പരിശോധിക്കാനാണ്‌ ജസ്‌റ്റിസ്‌ കോശി അധ്യക്ഷനായ കമീഷനെ നിയോഗിച്ചത്‌‌. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും‌ മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top