പരിയാരം > കോവിഡ് ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യനില കുറേക്കൂടി മെച്ചപ്പെട്ടു. ആരോഗ്യസ്ഥിതിയിലെ പുരോഗതി നിലനിൽക്കുന്നതായി മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി.
രക്തത്തിലെ ഓക്സിജന്റെ അളവിൽ പുരോഗതിയുണ്ടെങ്കിലും സാധാരണനിലയിൽ ശ്വാസോച്ഛ്വാസം നടത്തുന്നതിന് ബുദ്ധിമുട്ടുണ്ട്. സി പാപ്പ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് രക്തത്തിലെ ഓക്സിജന്റെ അളവ് ക്രമീകരിക്കുന്നത്. വ്യാഴാഴ്‌ച രാത്രിയോടെ സ്വന്തമായി ഭക്ഷണം കഴിച്ചുതുടങ്ങി. പ്രമേഹവും രക്തസമ്മർദവും മരുന്നിലൂടെ നിയന്ത്രിച്ചിട്ടുണ്ട്. രക്തത്തിലെ കോവിഡ് സൂചകങ്ങൾ തീവ്രമായിത്തന്നെ നിലനിൽക്കുന്നതിനാലും ശ്വാസകോശത്തിലെ അണുബാധയിൽ കാര്യമായ മാറ്റം ക്രമേണയേ ഉണ്ടാകൂ എന്നതിനാലും ഇപ്പോഴും ഗുരുതരാവസ്ഥതന്നെയാണെന്നും മെഡിക്കൽ സംഘം വിലയിരുത്തി.
മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും വെള്ളിയാഴ്‌ചയും മെഡിക്കൽ സൂപ്രണ്ട് ഡോ. കെ സുദീപുമായി ജയരാജന്റെ ആരോഗ്യസ്ഥിതി ചർച്ചചെയ്‌തു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, വൈസ് പ്രസിഡന്റ് ഇ വിജയൻ എന്നിവർ ആശുപത്രിയിലെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..