കൊച്ചി
കാസർകോട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങി കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി). ആദ്യഘട്ടത്തിൽ കാസർകോടായിരിക്കും വിനോദസഞ്ചാര ബോട്ട്‌സർവീസ് ആരംഭിക്കുക. കെഎസ്ഐഎൻസി എംഡി എൻ പ്രശാന്ത് കാസർകോട് കലക്ടർ ഡി സജിത് ബാബുവുമായി ഇതിന്റെ പ്രാരംഭചർച്ച അടുത്തയാഴ്‌ച നടത്തും. കൊച്ചിയിൽ നിലവിലുള്ള സാഗർറാണി വിനോദസഞ്ചാര ബോട്ട്‌സർവീസിന് സമാനമായതാണ് കാസർകോട് തുടങ്ങുക. അടുത്തഘട്ടമായി കണ്ണൂരും കോഴിക്കോടും ബോട്ട്‌സർവീസുകൾ ആരംഭിക്കാനാണ് പദ്ധതി.
പുരാതന തുറമുഖ നഗരമായ കൊടുങ്ങല്ലൂരിന്റെ കായൽ വിനോദസഞ്ചാര സാധ്യത ഉപയോഗപ്പെടുത്തുന്നതിന് കെഎസ്‌ഐഎൻസിയുടെ ബോട്ടുകൾ ഉപയോഗിക്കാൻ ധാരണയായിരുന്നു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ നാലു ബോട്ടുകൾ വാങ്ങാൻ മുസിരിസ് പൈതൃകപദ്ധതി അധികൃതർ കെഎസ്‌ഐഎൻസിയുമായി കരാർ ഒപ്പുവച്ചു. ടൂറിസം വകുപ്പ്, ഡിടിപിസി, കെടിഡിസി, യുവജന കായികക്ഷേമ വകുപ്പ് എന്നിവയ്‌ക്കായി എഫ്‌ആർപി (ഫൈബർ റീ ഇൻഫോഴ്‌സ്‌ഡ് പ്ലാസ്റ്റിക്) നിർമിച്ചുകൊണ്ടിരിക്കുകയാണ്. 11 കോടിയോളം രൂപയുടെ പദ്ധതിയാണിത്. ജല ടൂറിസം രംഗത്ത് കൂടുതൽ വികസനം കൊണ്ടുവരാൻ ഒഡിഷ ടൂറിസം വകുപ്പ് കെഎസ്‌ഐഎൻസിയുമായി അടുത്തിടെ ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു. ഇതിന്റെ പ്രാരംഭജോലികൾ ആരംഭിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യവും ബോട്ടുനിർമാണവുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്ര, ബിഹാർ, തമിഴ്‌നാട് സർക്കാരുകളുമായി കെഎസ്‌ഐഎൻസി പ്രാരംഭചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..