28 January Thursday
രാജ്യത്തെ ആറു സുപ്രധാന റെയിൽവേ സ്‌റ്റേഷനുകൾ സ്വകാര്യ കമ്പനികൾക്ക്‌

എറണാകുളം സൗത്ത്‌ റെയിൽവേ സ്‌റ്റേഷനും സ്വകാര്യ കമ്പനികൾക്ക്‌ പാട്ടത്തിന്‌

ടി ആർ അനിൽകുമാർUpdated: Thursday Jan 28, 2021

കൊച്ചി > എറണാകുളം ജങ്‌ഷൻ (സൗത്ത്‌), ന്യൂഡൽഹി, തിരുപ്പതി, ഡെറാഡൂൺ, നെല്ലൂർ, പുതുച്ചേരി റെയിൽവേ സ്‌റ്റേഷനുകൾ നവീകരിച്ചു പ്രവർത്തിപ്പിക്കുന്നതിന്‌ സ്വകാര്യ കമ്പനികൾക്കു പാട്ടത്തിനു നൽകാൻ ടെൻഡർ ക്ഷണിച്ചു. ഈ റെയിൽവേ സ്‌റ്റേഷനുകൾ   ആധുനികവൽക്കരിച്ച്‌ ഫീസ്‌ ഇടാക്കി പ്രവർത്തിപ്പിക്കാനും  വാണിജ്യസമുച്ചയങ്ങൾ പണിത്‌  ലാഭകരമായി നടത്താനും 60 വർഷത്തേക്കാണ്‌ പാട്ടത്തിനു നൽകുക. റെയിൽവേ മന്ത്രാലയത്തിനുകീഴിലുള്ള റെയിൽവേ ലാൻഡ്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റി (ആർഎൽഡിഎ)യാണ്‌   ബുധനാഴ്‌ച ടെൻഡർ ക്ഷണിച്ചത്‌.  ഇതിനുമുന്നോടിയായി തിങ്കളാഴ്‌ച നടന്ന പ്രി–-ബിഡ്‌ ചർച്ചയിൽ അദാനി ഗ്രൂപ്പ്‌, കൽപതരു, ആങ്കറേജ്‌ ഇൻഫ്രാസ്‌ട്രക്‌ചർ, ഐ സ്‌ക്വയഡ്‌ ക്യാപിറ്റൽ, ജിഎംആർ ഗ്രൂപ്പ്‌ എന്നിവ ഉൾപ്പെടെ  15 കമ്പനികൾ പങ്കെടുത്തു. ഫെബ്രുവരി 22നകം ഓൺലൈനായി ഇ –-ടെൻഡർ നൽകണമെന്നും വിജ്ഞാപനത്തിലുണ്ട്‌.

രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ റെയിൽവേ സ്‌റ്റേഷനുകളുടെ നവീകരണം സ്വകാര്യ കമ്പനികൾക്കു പാട്ടത്തിനു നൽകാൻ കേന്ദ്രസർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. റെയിൽവേ സ്‌റ്റേഷനും  പരിസരവുമുൾപ്പെടുന്ന ഭൂമി കമ്പനികൾക്കു പാട്ടത്തിനു നൽകും. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള റെയിൽവേ സ്‌റ്റേഷനും വാണിജ്യ സമുച്ചയവും രൂപകൽപ്പന ചെയ്‌ത്‌ പണം മുടക്കി നിർമിച്ച്‌ ഫീസ്‌ ഇടാക്കി കമ്പനികൾക്ക്‌  പ്രവർത്തിപ്പിക്കാം. വാണിജ്യതലസ്ഥാനമായ കൊച്ചി നഗരത്തിലെ ഏറ്റവും വലിയ സ്‌റ്റേഷനായ എറണാകുളം ജങ്‌ഷൻ സ്‌റ്റേഷനും പരിസരവുമുൾപ്പെടെ റെയിൽവേയുടെ 48 ഏക്കർ സ്ഥലമാണ്‌ പാട്ടത്തിനു നൽകുക. കെഎസ്‌ആർടിസി സ്‌റ്റാൻഡും മെട്രോ റെയിൽ സ്‌റ്റേഷനും സമീപത്തുള്ളതുകൊണ്ട്‌ കൂടുതൽ വാണിജ്യസാധ്യതയുണ്ടെന്നും ടെൻഡർ വിജ്ഞാപനത്തിൽ ആർഎൽഡിഎ എടുത്തുപറയുന്നുണ്ട്‌. റെയിൽവേ സ്‌റ്റേഷൻ സ്വകാര്യ കമ്പനിയുടെ കീഴിലാകുന്നതോടെ എല്ലാ ഫീസുകളും  ഉയർത്താം. 


ആർഎൽഡിഎയും സ്വകാര്യ കമ്പനിയുമായി ചേർന്നുള്ള സബ്‌സിഡിയറി കമ്പനിയായ ഐആർഎസ്‌ഡിസിയും ചേർന്ന്‌ രാജ്യത്തെ 123 റെയിൽവേ സ്‌റ്റേഷനുകൾ പാട്ടത്തിനു നൽകാനുള്ള പദ്ധതിയുടെ ആദ്യഘട്ടമായാണ്‌ പ്രധാന റെയിൽവേ സ്‌റ്റേഷനുകൾ വാണിജ്യാടിസ്ഥാനത്തിൽ നവീകരിക്കാനുള്ള പദ്ധതിയെന്ന്‌ ആർഎൽഡിഎ വൈസ്‌ ചെയർമാൻ വേദ്‌ പ്രകാശ്‌ ദുദേജ വിജ്ഞാപനത്തിൽ പറഞ്ഞു. നിലവിൽ പുതിയ റെയിൽവേ സ്‌റ്റേഷനുകളും റെയിൽവേ കോളനികളും പാട്ടത്തിനു നൽകി നവീകരിക്കുന്ന ജോലിയാണ്‌ ആർഎൽഡിഎ ഏറ്റെടുത്തിട്ടുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top