ഫറോക്ക് >കടലോളം അറിവുണ്ട് എം അലി മണിക് ഫാൻ എന്ന സമുദ്ര പഠനഗവേഷകന്. പത്മശ്രീ പുരസ്‌കാരത്തിന്റെ നിറവിലും അധികമാരുമറിയാത്തൊരു കാര്യമുണ്ട്. ലോകമാദരിക്കുന്ന ഈ 83കാരന് ജീവിത സായാഹ്നത്തിൽ പ്രിയസഖിയോടൊപ്പം അന്തിയുറങ്ങാൻ ഒരു കൂരപോലുമില്ലെന്ന്. പെൻഷനും ആരെങ്കിലും സ്നേഹത്തോടെ നൽകുന്ന സഹായങ്ങളുമായാണ് ഒളവണ്ണ പനങ്ങാം വീട്ടിൽ ജീവിതം കഴിച്ചുകൂട്ടുന്നത്.
തമിഴ്‌നാട്ടിൽ കേന്ദ്ര സമുദ്ര പഠന ഗവേഷണ കേന്ദ്രത്തിൽനിന്ന് വിരമിച്ചശേഷം മലപ്പുറം ജില്ലയിലുൾപ്പെടെ പലയിടത്തും താമസിച്ചശേഷമാണ് കോഴിക്കോട്ടെത്തിയത്. ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ ജനിച്ച അലി അറിയപ്പെടുന്നത് വിവിധ വിജ്ഞാന ശാഖകളിലെ അറിവിന്റെയും പഠന ഗവേഷണങ്ങളുടെയും പേരിലും പെരുമയിലുമാണ്. സമുദ്ര ഗവേഷകൻ, ജ്യോതിശാസ്‌ത്ര പണ്ഡിതൻ, ഭൗമ ശാസ്ത്രജ്ഞൻ, സാമൂഹിക ശാസ്ത്രജ്ഞൻ, കപ്പൽ നിർമാണ വിദഗ്ധൻ, പരിസ്ഥിതി പ്രവർത്തകൻ, പ്രകൃതി നിരീക്ഷകൻ, ബഹുഭാഷാപണ്ഡിതൻ തുടങ്ങിയ വിവിധ നിലകളിൽ ശ്രദ്ധേയൻ. ഇംഗ്ലീഷ്, ലാറ്റിൻ, ഫ്രഞ്ച്, റഷ്യൻ, ജർമൻ, പേർഷ്യൻ, അറബിക്, ഉറുദു, ഹിന്ദി, ദ്വീപ് ഭാഷയായ മഹൽ, മലയാളം, തമിഴ്, സംസ്കൃതം തുടങ്ങി പതിനാറോളം ഭാഷകളിലും പാണ്ഡിത്യമുണ്ട്.
അഞ്ചാം ക്ലാസ് മുതലുള്ള പഠനത്തിന് കണ്ണൂരിലെത്തിയെങ്കിലും ഏഴാം ക്ലാസിൽ അവസാനിപ്പിച്ചു. ലക്ഷദ്വീപിൽ ആമീൻ പദവിയിലിരുന്ന ഉപ്പ മൂസക്കും വല്യുപ്പയ്ക്കുമൊപ്പം മംഗലാപുരം, കേരളം, തമിഴ്നാട്, ലഗൂൺ എന്നിവിടങ്ങളിലേക്കുള്ള കടൽയാത്രയാണ് മണിക് ഫാനെ സമുദ്രം, കടൽ ജീവികൾ, സസ്യങ്ങൾ, കര, ജലയാനങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിലുള്ള അറിവുനേടാൻ പ്രേരിപ്പിച്ചത്. സ്വയം പഠനത്തിലൂടെ വിദേശ സർവകലാശാലകളിലുൾപ്പെടെ ക്ഷണിക്കപ്പെട്ട അതിഥിയായി. സ്വന്തമായി രണ്ടു മത്സ്യങ്ങളെ കണ്ടെത്തി. ഇവയിലൊന്നിന് സ്വന്തം പേരും നൽകി -"അബു ദഫ് ദഫ് മണിക് ഫാനി’.
ആദ്യഭാര്യ ദ്വീപുകാരിയായ കദീജയുടെ മരണശേഷം 2011 ലാണ് കോഴിക്കോട് നല്ലളത്തെ വലിയകത്ത് സുബൈദയെ വിവാഹം കഴിച്ചത്. ആദ്യ ഭാര്യയിലുള്ള നാലുമക്കളും ദ്വീപിലാണ്. ഹിജ്റ വർഷമനുസരിച്ച് ഒരു കലണ്ടർ തയ്യാറാക്കുന്നതിന് രൂപീകരിച്ച സമിതിയുമായി ബന്ധപ്പെട്ടവർ നാലു സെന്റ് ഭൂമി വാങ്ങാൻ സഹായിച്ചെങ്കിലും വീട് നിർമിക്കാൻ ഇനിയുമായിട്ടില്ലെന്ന് ഭാര്യ സുബൈദ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..