ബാംബൊലിം
ഗോളിലേക്കുള്ള വഴി മറന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് ഐഎസ്‌എലിൽ സമനില. ജംഷഡ്‌പുർ എഫ്‌സിയുമായുള്ള മത്സരം ഗോൾരഹിതമായി അവസാനിക്കുകയായിരുന്നു. ജോർദാൻ മറെയ്‌ക്കും ഗാരി ഹൂപ്പറിനും നിരവധി അവസരങ്ങൾ കിട്ടിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. 14 കളിയിൽ 15 പോയിന്റുമായി എട്ടാംസ്ഥാനത്തേക്ക് കയറി ബ്ലാസ്‌റ്റേഴ്‌സ്.
ആദ്യപകുതിയുടെ അവസാനഘട്ടത്തിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് തകർപ്പൻ കളി പുറത്തെടുത്തത്. ഒന്നിന് പിറകെ ഒന്നായി അവസരങ്ങൾ. ആദ്യത്തേത് ഹൂപ്പറുടെ ഷോട്ടായിരുന്നു. പോസ്‌റ്റിൽ തട്ടി ഗോൾ വരയ്‌ക്ക് മുകളിൽ വീണു. മറെയുടെ ഒന്നാന്തരം ഹെഡർ പോസ്‌റ്റിൽ തട്ടിത്തെറിച്ചു. പുയ്‌ട്ടിയയുടെ ശ്രമവും പോസ്‌റ്റിലാണ് അവസാനിച്ചത്. മറെയ്‌ക്ക് കിട്ടിയ മറ്റൊരു അവസരവും പാഴായി. സന്ദീപ് സിങ്ങിന്റെ ക്രോസിൽ മനോഹരമായി മറെ തലവച്ചെങ്കിലും ജംഷഡ്‌പുർ ഗോൾ കീപ്പർ ടി പി രഹ്‌നേഷ് അതിനെ തട്ടിയകറ്റുകയായിരുന്നു. രണ്ടാംപകുതിയിലും ബ്ലാസ്‌റ്റേഴ്‌സ് മികച്ച പ്രകടനം പുറത്തെടുത്തു. പക്ഷേ, മുന്നേറ്റ നിരയ്‌ക്ക് ലക്ഷ്യബോധമില്ലാത്തത് ബ്ലാസ്‌റ്റേഴ്‌സിനെ പിന്നോക്കം വലിച്ചു.
മറുവശത്ത് ജംഷഡ്‌പുരിനായി നെറിയുസ് വാൽസ്‌കിസിന് കിട്ടിയ രണ്ട് അവസരവും പാഴായി. 31ന് എടികെ മോഹൻ ബഗാനുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..