27 January Wednesday

കളമശേരിയിൽ ഇബ്രാഹിംകുഞ്ഞ്‌ വിരുദ്ധർ മത്സരിക്കും; ഗഫൂറും പാഷയും വേണ്ടെന്ന്‌ ലീഗ്‌ വിമതർ

സ്വന്തം ലേഖകൻUpdated: Wednesday Jan 27, 2021

കൊച്ചി > വി കെ ഇബ്രാഹിംകുഞ്ഞ്‌ എംഎൽഎയുടെ മകനോ റിട്ട. ജസ്‌റ്റിസ്‌ കെമാൽ പാഷയോ കളമശേരിയിൽ യുഡിഎഫ്‌ സ്ഥാനാർഥിയായാൽ വിമതനെ മത്സരിപ്പിക്കാനൊരുങ്ങി മുസ്ലിംലീഗിലെ ഇബ്രാഹിംകുഞ്ഞ്‌ വിരുദ്ധപക്ഷം. പാലാരിവട്ടം പാലം നിർമാണാഴിമതി കേസിൽ ഉൾപ്പെടെ പ്രതിയായ ഇബ്രാഹിംകുഞ്ഞ്‌ നിർദേശിക്കുന്ന ആരെയും സ്ഥാനാർഥിയാക്കരുതെന്നാണ്‌ വിമതവിഭാഗത്തിന്റെ ആവശ്യം. ജില്ലയിലെ ലീഗ്‌ നേതാക്കളെ അവഗണിച്ച്‌ അധികാരമോഹികളെ സ്ഥാനാർഥികളാക്കുന്നതിന്റെ പേരിലാണ്‌ കെമാൽ പാഷയോടുള്ള എതിർപ്പ്‌.

പാലാരിവട്ടം പാലം അഴിമതിക്കേസിൽ അഞ്ചാംപ്രതിയായ ഇബ്രാഹിംകുഞ്ഞ്‌ ഇക്കുറി സ്ഥാനാർഥിയാകാനിടയില്ല. കടുത്ത എതിർപ്പുണ്ടാകുമെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെ മകനെയോ വിശ്വസ്‌തരെയോ മത്സരിപ്പിക്കാനാണ്‌ ആലോചിക്കുന്നത്‌. മുസ്ലിംലീഗിന്റെ ജില്ലാ സെക്രട്ടറിയായ മകൻ അഡ്വ. വി ഐ അബ്‌ദുൾ ഗഫൂറിന്‌ തന്നെയാണ്‌ ആദ്യ പരിഗണന. ഇബ്രാഹിംകുഞ്ഞ്‌ വിരുദ്ധരുടെ കടുത്ത എതിർപ്പ്‌ മറികടന്നാണ്‌ ഗഫൂറിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത്‌ എത്തിച്ചത്‌. എംഎസ്‌എഫ്‌, യൂത്ത്‌ ലീഗ്‌  പോലുള്ള പോഷക സംഘടനകളിലൊന്നും പ്രവർത്തിച്ചിട്ടില്ലാത്ത ഗഫൂറിനെ ലീഗ്‌ ജില്ലാ സെക്രട്ടറിയാക്കിയത്‌ ഉന്നത നേതൃത്വത്തിന്റെ ഒത്താശയോടെയായിരുന്നു. ജില്ലാ കമ്മിറ്റി അംഗങ്ങളിൽ മുക്കാൽപങ്കും ഇബ്രാഹിംകുഞ്ഞ്‌ വിരുദ്ധപക്ഷക്കാരാണ്‌. ഗഫൂർ എംഎൽഎയായാൽ തന്റെ പേരിലുള്ള കേസ്‌ തീരുന്ന മുറയ്‌ക്ക്‌ മടങ്ങിയെത്താമെന്നാണ്‌ ഇബ്രാഹിംകുഞ്ഞിന്റെ കണക്കുകൂട്ടൽ.

ജസ്‌റ്റീസ്‌ കെമാൽ പാഷ സ്ഥാനാർഥിയാകുന്നതിനോടും ഇബ്രാഹിംകുഞ്ഞിന്‌ എതിർപ്പില്ല. മണ്ഡലം കൈപ്പിടിയിൽ തന്നെയുണ്ടാകും. പിന്നീട്‌ തനിക്കുതന്നെ മത്സരിക്കാമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. ഇതെല്ലാം മുൻകൂട്ടി കണ്ടുതന്നെയാണ്‌ ജില്ലയിലെ ലീഗ്‌ വിമതർ ഒറ്റക്കെട്ടായി എതിരിടാൻ തീരുമാനിച്ചിട്ടുള്ളത്‌. വിമതരുടെ നീക്കത്തിന്‌ ഇബ്രാഹിംകുഞ്ഞിനൊപ്പം നിൽക്കുന്നവരിൽ ഒരു വിഭാഗത്തിന്റെയും പിന്തുണയുണ്ട്‌. വി ഐ അബ്‌ദുൾ ഗഫൂർ മത്സരിക്കുന്നതിനെ എതിർക്കുന്ന വിമതപക്ഷത്തോട്‌ സംസ്ഥാന നേതൃത്വത്തിലെ ഒരുവിഭാഗവും യോജിച്ചിട്ടുണ്ട്‌. കളമശേരിയിലെ കൊൺഗ്രസ്‌ നേതൃത്വവും പിന്തുണ അറിയിച്ചിട്ടുള്ളതായി വിമതവിഭാഗം അവകാശപ്പെടുന്നു.

ഗഫൂറും കെമാൽ പാഷയുമല്ലാത്ത ആരു മത്സരിച്ചാലും തങ്ങൾക്ക്‌ എതിർപ്പില്ലെന്നും വിമതപക്ഷം വ്യക്തമാക്കിയിട്ടുണ്ട്‌. അധികാരമോഹികൾക്ക്‌ സീറ്റ്‌ നൽകരുത്‌. ജനസേവനമല്ല അവരുടെ താൽപ്പര്യം. അധികാരം ആസ്വദിക്കലാണ്‌. അതിന്‌ യുഡിഎഫ്‌ അവസരമൊരുക്കരുതെന്നും വിമതപക്ഷം അഭിപ്രായപ്പെട്ടു. ഗഫൂറോ കെമാൽ പാഷയോ സ്ഥാനാർഥിയായാൽ വിമതനായി മത്സരിക്കാൻജില്ലാ കമ്മിറ്റിയിലെ പലരും ഒരുങ്ങിയിട്ടുണ്ടെന്നും അനുയോജ്യരായ സ്ഥാനാർഥിയെ പിന്നീട്‌ തീരുമാനിക്കുമെന്നും വിമതപക്ഷത്തെ പ്രധാനികളിലൊരാൾപറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top