ന്യൂഡൽഹി
ഡൽഹിയിൽ സമരംചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിൽ ഒത്തുകൂടിയ കർഷകർ രാജ്‌ഭവനിലേക്ക് മാർച്ച് ചെയ്‌തു. മാർച്ച് മെട്രോതിയറ്ററിന് സമീപം പൊലീസ് തടഞ്ഞു. ഗവർണറെ കണ്ട് നിവേദനം നൽകുമെന്ന് കർഷകർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ഗവർണർ ഭഗത്‌സിങ് ഖോഷിയാരി ഗോവയിലെ റിപ്പബ്ലിക് ദിന ചടങ്ങുകളിൽ പങ്കെടുക്കാൻ പോയതായി രാജ്‌ഭവൻ വൃത്തങ്ങൾ അറിയിച്ചു. കർഷകർക്ക് മുഖം കൊടുക്കാതിരിക്കാൻ ഗവർണർ മനപ്പൂർവം രാജ്‌ഭവൻ വിട്ടതാണെന്ന് കിസാൻസഭ നേതാക്കൾ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ അര ലക്ഷത്തോളം പേർ ഡൽഹിയിലെ കിസാൻ പരേഡിന്റെ ഭാഗമായി ചൊവ്വാഴ്‌ച മുംബൈയിൽ അണിചേരും. ആസാദ് മൈതാനിയിൽ പ്രക്ഷോഭകർ ദേശീയപതാക ഉയർത്തി റിപ്പബ്ലിക് ദിനമാചരിക്കും.
ശനിയാഴ്‌ച ആയിരക്കണക്കിന് കർഷകരും തൊഴിലാളികളും യുവജനങ്ങളും വിദ്യാർഥികളും വനിതകളും മുംബൈ ആസാദ് മൈതാനിയിൽ ഒത്തുകൂടി. കാർഷികനിയമങ്ങൾ മരവിപ്പിക്കാമെന്ന മോഡി സർക്കാരിന്റെ വാഗ്‌ദാനത്തിൽ വിശ്വാസമില്ലെന്നും മൂന്ന് നിയമവും പൂർണമായും പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ആസാദ്‌മൈതാനിയിൽ നടന്ന പൊതുയോഗത്തിൽ അഖിലേന്ത്യാകിസാൻസഭ ജനറൽസെക്രട്ടറി ഹനൻമൊള്ള, എൻസിപി നേതാവ് ശരദ്‌പവാർ, കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ബാലാസാഹേബ് തൊറാട്ട്, മന്ത്രിമാരായ ജിതേന്ദ്രഅവ്‌ഹാദ്, അസ്ലംഷെയ്‌ക്ക്, സുനിൽകേദാർ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..