കഴിഞ്ഞ മൂന്നോ നാലോ പതിറ്റാണ്ടുകളായി ഓരോ തെരഞ്ഞെടുപ്പിലും ആലപ്പുഴയിൽ ഉയർന്നുകേട്ട ഒന്നായിരുന്നു ആലപ്പുഴ ബൈപാസ് പൂർത്തീകരണം. ഡ്രൈവിങ് പഠിപ്പിക്കാൻ തിരക്കില്ലാത്തതും വീതികൂടിയതുമായ റോഡും പ്രദേശവാസികൾക്ക് പ്രഭാതസവാരിക്കുള്ള വഴിയും തട്ടുകടക്കാർക്ക് ഭക്ഷണം നൽകാനുള്ള ഡെസ്‌ക്കും ഇടാൻ വിശാലമായ റോഡും ഒക്കെയായിരുന്നു എത്രയോ വർഷങ്ങളായി ബൈപാസ്. നമ്മുടെ തലമുറയ്ക്ക് ഒരിക്കലും അതിലൂടെ വണ്ടിയിൽ കടന്നുപോകാൻ കഴിയില്ല എന്ന് നാട്ടുകാരും ഉറച്ചുവിശ്വസിച്ചിരുന്നു. എന്തൊക്കെയോ തടസ്സങ്ങളിൽ അത് കുരുങ്ങിക്കിടന്നു. ആലപ്പുഴയുടെ വലിയ ആവശ്യമായിരുന്നു ഈ ബൈപാസ്. പോകെപ്പോകെ ബൈപാസ് എന്നുപറയുമ്പോൾ ആലപ്പുഴക്കാർക്ക് ചിരിവരാൻ തുടങ്ങി. അവസാന നിയമസഭാ തെരഞ്ഞെടുപ്പിനും ജി സുധാകരൻ ബൈപാസ് വിഷയം പരിഹരിക്കുമെന്ന് പറഞ്ഞപ്പോൾ ജനം തലയാട്ടി. ഇതാ, പിണറായി വിജയൻ സർക്കാരിന്റെ കാലാവധി പൂർത്തിയാകാൻ മാസങ്ങൾ ശേഷിക്കെ ജനങ്ങളുടെ ആ പരിഹാസച്ചിരി മാറിയിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ എൽഡിഎഫ് സർക്കാർ മാറ്റിയിരിക്കുന്നു. ശാപമോക്ഷം കിട്ടിയ ബൈപാസിലൂടെ ചക്രമുരുളാൻ പോകുകയാണ്. ഉദ്‌ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നെങ്കിലും വരില്ല എന്ന അദ്ദേഹത്തിന്റെ തീരുമാനത്തെ നമ്മൾ പോസിറ്റീവായി കാണണം. കാരണം, അർഹതയില്ലാത്ത അംഗീകാരത്തിനെ വേണ്ടെന്നുവയ്ക്കുമ്പോൾ ഉയരുന്നത് അവരുടെ വ്യക്തിത്വം തന്നെയാണല്ലോ.
കളർകോടുമുതൽ കൊമ്മാടിവരെ 6.8 കിലോമീറ്റർ ആണ് ബൈപാസിന്റെ നീളം. വീതികുറഞ്ഞതും തിരക്കേറിയതുമായ ആലപ്പുഴ ടൗണിലെ റോഡ് താണ്ടിക്കിട്ടുക എന്നത് ചില്ലറക്കാര്യമല്ല. ഇടറോഡുകളുടെ ബാഹുല്യം ഒരുപക്ഷേ ഏറ്റവുമധികമുള്ള ജില്ലയാണ് ആലപ്പുഴ. ടൗൺ പ്രദേശത്തെ ജനസാന്ദ്രതയും കൂടുതലാണ്. മാത്രമല്ല, കനാലുകളുടെ ബാഹുല്യംമൂലം ഇടുങ്ങിയ ധാരാളം പാലങ്ങളും ആലപ്പുഴ പട്ടണത്തിന്റെ പ്രത്യേകതയാണ്. വടക്കൻ പ്രദേശങ്ങളിൽനിന്ന് കൊല്ലത്തേക്കോ തിരുവനന്തപുരത്തേക്കോ പോകുന്ന യാത്രികർ ഏറെസമയം ചെലവഴിക്കുന്നതും ഈ പട്ടണത്തിന്റെ തിരക്കുകൾ താണ്ടാനാണ്. എന്നാൽ, വെറും 6.8 കിലോമീറ്റർ ബൈപാസിലൂടെ പിന്നിടുന്നതോടെ ദൂരവും സമയവും വലിയൊരളവിൽ ലാഭിക്കാനാകും. രാജ്യത്തെതന്നെ ഏക തീരദേശ ബൈപാസ് എന്നതാണ് ഇതിന്റെ മറ്റൊരു വലിയ പ്രത്യേകത. ഒരു കിലോമീറ്ററിലധികം ദൂരം ആലപ്പുഴയുടെ വിശാലവും സുന്ദരവുമായ ബീച്ചിലൂടെ സമാന്തരമായാണ് ബൈപാസ് കടന്നുപോകുന്നത്. ദൂരയാത്രികർക്ക് ആലപ്പുഴയുടെ സൗന്ദര്യത്തിന്റെ കാഴ്‌ച നൽകാനും അതുവഴി ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനുംകൂടി കഴിയുമെന്നതാണ് മറ്റൊരു പ്രധാനകാര്യം.
എൺപതുകളിലാണ് ഇങ്ങനെയൊരു പദ്ധതി വിഭാവനം ചെയ്യപ്പെടുന്നത്. സ്ഥലം ഏറ്റെടുപ്പ് ദ്രുതഗതിയിൽ നടന്നെങ്കിലും പിന്നീടുള്ള പണികൾക്ക് ആ വേഗത ഉണ്ടായില്ല. ആമയെപ്പോലും തോൽപ്പിക്കുന്ന വേഗത്തിലാണ് ബൈപാസ് നിർമാണം പുരോഗമിച്ചത്. 2008ഓടെ നാഷണൽ ഹൈവേ അതോറിറ്റിയുടെ പ്രോജക്റ്റിൽ ബൈപാസിനെ ഉൾപ്പെടുത്തി. 2010ൽ ഇത് സ്‌പെഷ്യൽ പ്രോജക്റ്റായി പൂർത്തീകരിക്കുമെന്ന കേന്ദ്ര പ്രഖ്യാപനം ഉണ്ടാകുകയും, 2015ലാണ് അന്നത്തെ ദേശീയപാത ഗതാഗതമന്ത്രിയായിരുന്ന നിതിൻ ഗഡ്‌കരി ബൈപാസിന്റെ തുടർനിർമാണം ഉദ്ഘാടനം ചെയ്യുകയും ചെയ്തത്. പിന്നീടിങ്ങോട്ട് തടസ്സങ്ങളും പ്രത്യാശയും മാറിമാറി വന്നു. പിണറായി വിജയൻ സർക്കാർ തങ്ങളുടെ വികസനനേട്ടങ്ങളുടെ പെരുമഴയിൽ ബൈപാസിന്റെ ശാപമോക്ഷംകൂടി ഉൾപ്പെടുത്തിയതോടുകൂടി കഥ മാറി. കഴിഞ്ഞ രണ്ടുവർഷത്തിൽ ആലപ്പുഴ ബൈപാസിന്റെ നിർമാണം യുദ്ധകാലാടിസ്ഥാനത്തിലാണ് നടന്നത്. മുഖ്യമന്ത്രിയുടെയും പൊതുമരാമത്തു വകുപ്പിന്റെയും കൃത്യമായ ഇടപെടലിന്റെ ഫലമായി കേന്ദ്രത്തിന്റെ സഹായവും നേടാനായി.
ആലപ്പുഴക്കാരുടെ ഓർമകളിൽ ഒരിക്കലും പണിതീരാതെ കിടക്കുന്ന, തങ്ങളുടെ ആയുസ്സിൽ അതിലൂടെ കടന്നുപോകാൻ കഴിയില്ല എന്ന് ഉറച്ചുവിശ്വസിക്കുന്നവർ ആയിരുന്നു ഏറെയും. ആലപ്പുഴ ബൈപാസ് ചർച്ചാവിഷയമാകാതെ കഴിഞ്ഞ മൂന്നോ നാലോ പതിറ്റാണ്ടുകളിലെ തെരഞ്ഞെടുപ്പുകൾ കടന്നുപോയിട്ടില്ല. എത്രയോ ജനപ്രതിനിധികൾ അവിടം സന്ദർശിച്ചു, ബൈപാസ് യാഥാർഥ്യമാക്കുമെന്നു പറഞ്ഞു. പക്ഷേ, ഒന്നും സംഭവിച്ചില്ല. ഒരു വശത്തുകൂടി പണികൾ ഒച്ചിഴയുന്ന വേഗത്തിൽ നടന്നെങ്കിലും പൂർത്തീകരിക്കാനുള്ള ആർജവം ഉണ്ടായില്ല.
ബൈപാസ് പൂർത്തീകരണം അടുത്ത തെരഞ്ഞെടുപ്പിലും ചർച്ചയാകുമെന്നുതന്നെ കരുതിയ അവസരത്തിലാണ് എൽഡിഎഫ് സർക്കാർ വിജയകരമായി അത് പൂർത്തീകരിച്ചത്. കാൽപ്പനികമായോ ആലങ്കാരികമായോ ഒക്കെ പറയുകയാണെങ്കിൽ സുന്ദരമായ ഒരു ഗോൾ ഫിനിഷിങ്ങിന്റെ വശ്യമായ സൗന്ദര്യം. പതിറ്റാണ്ടുകളായി ഇതിനുപിന്നിൽ ഒട്ടേറെ രാഷ്ട്രീയവ്യക്തിത്വങ്ങൾ തങ്ങളുടെ കൈയൊപ്പ് ചാർത്തിയിട്ടുണ്ട് എന്നകാര്യം വിസ്മരിക്കുന്നില്ല. ബൈപാസിൽ കേന്ദ്രം ടോൾ സംവിധാനം ഏർപ്പെടുത്തുന്നത് ഈ നല്ല വാർത്തകൾക്കിടയിലും ചെറിയരീതിയിൽ കല്ലുകടിയാകുന്നുണ്ടെന്ന് പറയാതെവയ്യ. തിരക്കില്ലാത്ത സമയങ്ങളിൽ ബൈപാസിനെ ആശ്രയിക്കാതെ ടൗണിലൂടെ യാത്ര ചെയ്യുന്നതാണ് ടോൾ കൊടുക്കുന്നതിനേക്കാൾ ലാഭകരമെന്ന് ജനം ഇപ്പോൾത്തന്നെ കണക്കാക്കിക്കഴിഞ്ഞിട്ടുണ്ട്. അത്തരം ട്രോളുകൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലുമാണ്. എന്നാൽ, സംസ്ഥാനസർക്കാർ ടോൾ പിരിക്കുന്നതിന് പൂർണമായും എതിരാണെങ്കിലും കേന്ദ്രം ടോൾപിരിവിൽ പിന്നോട്ടില്ലാത്തതിനാൽ അക്കാര്യത്തിൽ സന്തോഷിക്കാൻ വകയില്ല എന്നതാണ് സത്യം.
ആലപ്പുഴ ബൈപാസ് യാഥാർഥ്യമാകുന്നതോടെ ആലപ്പുഴയുടെ ഗതാഗതപ്രശ്നം വലിയൊരളവിൽ പരിഹരിക്കപ്പെടുന്നതിനൊപ്പം, രാഷ്ട്രീയപാർട്ടികൾ പുറത്തുവിടുന്ന തെരഞ്ഞെടുപ്പു വാഗ്‌ദാനങ്ങളുടെ ആധികാരികതയും ആത്മാർഥതയും സംരക്ഷിക്കാൻ ഇടതുപക്ഷസർക്കാർ വിജയിക്കുകകൂടി ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പുവേളയിൽ ആലപ്പുഴയിലെ ജനങ്ങൾക്ക് പരിഹാസച്ചിരിക്ക് അവസരമുണ്ടാക്കാതെ അഭിമാനത്തോടെ ജനവിധിതേടാൻ ഈ സർക്കാരിന് കഴിയും.
(കൊച്ചി സർവകലാശാലയിൽ സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..