സിഎജിക്കെതിരായ നിയമസഭാ പ്രമേയത്തെ അനുമോദിച്ചും പ്രതിപക്ഷത്തെ വിമർശിച്ചും ജമാഅത്തെ ഇസ്ലാമി മുഖപത്രം രംഗത്തെത്തിയത് ചർച്ചയാകുന്നു. യുഡിഎഫ് ബന്ധത്തെച്ചൊല്ലി ജമാഅത്തെയിൽ ആശയഭിന്നത മൂക്കുന്നതിനിടെയാണ് ‘മാധ്യമ’ത്തിന്റെ പ്രതിപക്ഷ വിമർശം.
നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ ഇടപെടലിനെ തുടർന്ന് ജമാഅത്തെ മുഖവാരിക പ്രബോധനത്തിൽ കോൺഗ്രസിനെതിരായ ലേഖനം ഒഴിവാക്കിയിരുന്നു. കവറിൽ പേര് നൽകിയ ‘അധ്യായം അടയ്‌ക്കുമ്പോൾ കോൺഗ്രസ് മറക്കരുതാത്തത്’ എന്ന ‘മാധ്യമം’ പത്രാധിപർ ഒ അബ്ദുറഹ്മാന്റെ ലേഖനമാണ് വിലക്കിയത്. ഇതിനടുത്ത ദിവസം മാധ്യമത്തിൽ പ്രതിപക്ഷത്തെ നിശിതമായി വിമർശിച്ച മുഖപ്രസംഗം വന്നതാണ് ജമാഅത്തെ കേന്ദ്രങ്ങളിലാകെ ചർച്ചക്ക് കാരണം.
സംസ്ഥാനങ്ങളെ ശ്വാസം മുട്ടിച്ചുകൊല്ലാൻ എന്തുംചെയ്യാൻ മടിയില്ലാത്ത കേന്ദ്രഭരണകൂടമുള്ളപ്പോൾ നിയമസഭയിലെ സിഎജിക്കെതിരായ പ്രമേയത്തെ പ്രതിപക്ഷം പിന്തുണയ്‌ക്കണം–- മുഖപ്രസംഗം പറയുന്നു. പ്രതിപക്ഷത്തെ കുറേക്കാലമായി ശക്തമായി പിന്തുണച്ച മാധ്യമത്തിന്റെ നിലപാട് മാറ്റം ജമാഅത്തെയിൽ മൂർച്ഛിക്കുന്ന ഭിന്നതയുടെ തുടർച്ചയാണ്.
ഇടതുപക്ഷത്തെ മോശമായ രീതിയിൽ ആക്രമിക്കുന്ന യുഡിഎഫ്–-ബിജെപി നീക്കങ്ങളെ പിന്തുണയ്‌ക്കുന്നതിൽ ജമാഅത്തെയിലെ ഒരു വിഭാഗത്തിന് യോജിപ്പില്ലെന്നാണ് തുടർച്ചയായി പുറത്തുവരുന്ന വിരുദ്ധ നിലപാടുകൾ തെളിയിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..