KeralaLatest NewsNews

മുഖ്യമന്ത്രിയ്‌ക്കെതിരെ പടയൊരുക്കത്തിന് ഷമ മുഹമ്മദ്?

ടോം വടക്കന്‍ വക്താവ് സ്ഥാനത്ത് നിന്നും മാറി ബി ജെ പിയില്‍ ചേര്‍ന്നതോടെ പകരമെത്തിയ വക്താക്കളിലൊരാളാണ് ഷമ.

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭാ മണ്ഡലമായ ധര്‍മ്മടത്ത് യുഡിഎഫ് ഇറക്കുന്നത് ഷമ മുഹമ്മദെന്ന് റിപ്പോർട്ട്. കഴിഞ്ഞതവണ മുപ്പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുക്കപ്പെട്ട മണ്ഡലത്തില്‍ അട്ടിമറി പ്രതീക്ഷയൊന്നുമില്ലെങ്കിലും കടുത്ത പോരാട്ടം നടത്തുകയെന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ധര്‍മ്മടത്ത് ശക്തമായ മത്സരം നടത്തിയാല്‍ അതുവഴി പിണറായിയേയും എല്‍ ഡി എഫിനേയും സമ്മര്‍ദ്ദത്തിലാക്കാമെന്നും സംസ്ഥാനമൊട്ടാകെ പ്രചാരണത്തിനിറങ്ങുന്ന പിണറായിയെ കൂടുതല്‍ സമയം മണ്ഡലത്തില്‍ തന്നെ ഒതുക്കാമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

എന്നാൽ കോണ്‍ഗ്രസ് ദേശീയ വക്താവും മാഹി ചെറുകല്ലായി സ്വദേശിനിയുമായ ഷമ മുഹമ്മദിനെയാണ് കോണ്‍ഗ്രസ് ധര്‍മ്മടത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഷമയെ മത്സര രംഗത്തിറക്കാന്‍ ശക്തമായ നീക്കം നടക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ അനുമതി ലഭിച്ചാല്‍ ഷമ കേരളത്തിലേക്ക് മടങ്ങുമെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ തീപ്പൊരി പ്രസംഗികയും വനിതാ നേതാവുമായ ഷമ രാഹുല്‍ ബ്രിഗേഡിലെ പ്രധാന അംഗങ്ങളിലൊരാളാണ്. ടോം വടക്കന്‍ വക്താവ് സ്ഥാനത്ത് നിന്നും മാറി ബി ജെ പിയില്‍ ചേര്‍ന്നതോടെ പകരമെത്തിയ വക്താക്കളിലൊരാളാണ് ഷമ.

Read Also:  ഈ ദുരവസ്ഥ ആര്‍ക്കും ഉണ്ടാകരുത്’; വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ വിവരക്കേടിന് എന്തുപറയാൻ..

അതേസമയം പൂനെയില്‍ ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കുമൊപ്പം താമസിക്കുന്ന ഷമ ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഏറെ കാലമായി പ്രവര്‍ത്തിക്കുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ വാദമുഖങ്ങള്‍ അതിശക്തമായി അവതരിപ്പിക്കുന്ന ഷമ മലയാളികള്‍ക്കും സുപരിചിതയാണ്. കെ എസ് യു പ്രവര്‍ത്തകയായാണ് ഷമ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്.പിന്നീട് യുത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് എന്നിവയുടെ മുന്‍നിര നേതാക്കളിലൊരാളായി. മംഗളൂരുവില്‍ നിന്നും മെഡിക്കല്‍ ബിരുദം നേടിയ ഷമ ഡോക്‌ടറായും പ്രാക്‌ടീസ് ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയെ നേരിടാന്‍ ധര്‍മ്മടത്ത് മത്സരിക്കുന്നതിനോട് ഷമ അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്നാണ് സൂചന. കണ്ണൂര്‍ ജില്ലയില്‍ സി പി എമ്മിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നാണ് ധര്‍മ്മടം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button